ADVERTISEMENT

ചെന്നൈ ∙ ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷവും സൈനികരുടെ വീരമൃത്യുവും ‘പിഎം കെയേഴ്സ്’ ഫണ്ടിനെ വിമർശിക്കാൻ പശ്ചാത്തലമാക്കിയ ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം ഡോക്ടർ വിവാദക്കുരുക്കിൽ. സൈനികരുടെ വീരമൃത്യുവിൽ രാജ്യം വേദനിക്കുമ്പോൾ രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസം വിളിച്ചുപറഞ്ഞ് ട്വീറ്റ് ചെയ്ത ടീം ഡോക്ടർ മധു തോട്ടപ്പിള്ളിലിനെ ടീം മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. ഡോക്ടറെ സസ്പെൻഡ് ചെയ്ത വിവരം അറിയിച്ച് ട്വീറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ്, ഡോക്ടറുടെ വിവാദ ട്വീറ്റിനെ തള്ളിപ്പറയുകയും ചെയ്തു.

കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള ഗൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ തിരിച്ചടിയിൽ നാൽപതിലേറെ ചൈനീസ് സൈനികർ മരിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഡോ. മധു ട്വീറ്റ് ചെയ്തത്. ഐപിഎല്ലിന് തുടക്കമായ 2008 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക ടീം ഡോക്ടറാണ് മധു തോട്ടപ്പിള്ളിൽ.

‘ആ ശവപ്പെട്ടികളിൽ പിഎം കെയേഴ്സ് സ്റ്റിക്കറുണ്ടാകുമോ? ഒരു ആകാംക്ഷ’ – ഇതായിരുന്നു ഡോ. മധുവിന്റെ ട്വീറ്റ്. ഈ ട്വീറ്റ് പോസ്റ്റ് ചെയ്തതിനു പിന്നാലെ ഒട്ടേറെപ്പേരാണ് ഡോക്ടറെ വിമർശിച്ച് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ഡോക്ടർ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

എന്നാൽ, ഇത്തരമൊരു വിഷയത്തിൽ വിവാദ ട്വീറ്റിട്ട ഡോക്ടറെ സസ്പെൻഡ് ചെയ്യാനായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റിന്റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി അവർ ട്വീറ്റും ചെയ്തു.

‘ഡോ. മധു തോട്ടപ്പിള്ളിലിന്റെ വ്യക്തിപരമായ ട്വീറ്റിനെക്കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റിന് അറിവുണ്ടായിരുന്നില്ല. ടീം ഡോക്ടർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡോക്ടറുടെ ട്വീറ്റിൽ ചെന്നൈ സൂപ്പർ കിങ്സ് ഖേദം പ്രകടിപ്പിക്കുന്നു. തീർത്തും മോശം ഭാഷയിലുള്ള ആ ട്വീറ്റിനെക്കുറിച്ച് ടീം മാനേജ്മെന്റിന് യാതൊരു അറിവുമുണ്ടായിരുന്നില്ല’ – ടീം ട്വീറ്റ് ചെയ്തു.

English Summary: CSK Suspends Team Doctor for Tweet in 'Bad Taste' About PM Cares

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com