ADVERTISEMENT

കാബൂൾ ∙ പ്രിയ മാതാവിന്റെ മരണത്തിനു പിന്നാലെ സമൂഹമാധ്യമത്തിൽ വൈകാരിക സ്പർശമുള്ള കുറിപ്പുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ. ദീർഘകാലമായി രോഗബാധിതയായിരുന്നു റാഷിദ് ഖാന്റെ മാതാവ്. കഴിഞ്ഞ ദിവസം അമ്മ അന്തരിച്ചതിനു പിന്നാലെ ആദരാഞ്ജലി അർപ്പിച്ച് റാഷിദ് ഖാൻ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ആരാധകർക്കും നൊമ്പരമായി.

‘അമ്മയായിരുന്നു എന്റെ വീട്. അമ്മയല്ലാതെ എനിക്ക് മറ്റൊരു വീടുണ്ടായിരുന്നില്ല. എനിക്കൊപ്പം ഇനി അമ്മയില്ല എന്നത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. എന്നും ഞാൻ അമ്മയെ മിസ് ചെയ്യും. നിത്യശാന്തി നേരുന്നു’ – #MOTHER എന്ന ഹാഷ്ടാഗ് സഹിതം റാഷിദ് ഖാൻ കുറിച്ചു.

അമ്മയ്ക്കായി പ്രാർഥനകൾ ആവശ്യപ്പെട്ട് ജൂൺ 12ന് റാഷിദ് ട്വീറ്റ് ചെയ്തിരുന്നു. ‘യാ അല്ലാ ! എന്റെ അമ്മയ്ക്ക് ആരോഗ്യം നൽകൂ. അമ്മയെ പ്രാർഥനകളിൽ ഓർക്കണമേ’ – റാഷിദ് കുറിച്ചു.

റാഷിദിന്റെ മാതാവിന്റെ മരണത്തിനു പിന്നാലെ ആദരാഞ്ജലി അർപ്പിച്ചും അനുശോചിച്ചും ഒട്ടേറെ ക്രിക്കറ്റ് താരങ്ങൾ ട്വീറ്റ് ചെയ്തു. ഐപിഎല്ലിലൂടെ ഇന്ത്യൻ ആരാധകർക്കും സുപരിചിതനായ ഇരുപത്തൊന്നുകാരൻ റാഷിദ് ഖാന്റെ മാതാവിന് നിത്യശാന്തി നേർന്നവരിൽ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ, സൺറൈസേഴ്സ് ഹൈദരാബാദിൽ റാഷിദിന്റെ സഹതാരമായ വൃദ്ധിമാൻ സാഹ, പാക്കിസ്ഥാൻ പേസ് ബോളർമാരായ മുഹമ്മദ് ആമിർ, വഹാബ് റിയാസ്, കമ്രാൻ അക്മൽ തുടങ്ങിയവരുണ്ട്.

അഫ്ഗാനിസ്ഥാനു വേണ്ടി നാലു ടെസ്റ്റും 71 ഏകദിനവും 48 ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് റാഷിദ് ഖാൻ. ലോക വ്യാപകമായി ട്വന്റി20 ലീഗുകളിൽ ഏറ്റവും ആവശ്യക്കാരുള്ള സ്പിന്നർ കൂടിയാണ്. ഇടക്കാലത്ത് അഫ്ഗാനിസ്ഥാന്റെ ക്യാപ്റ്റനുമായി. ഐസിസി റാങ്കിങ്ങിൽ ട്വന്റി20യിൽ ഒന്നാം നമ്പർ ബോളറാണ്.

English Summary: Had no home but you: Rashid Khan pens heartfelt post after his mother dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com