ADVERTISEMENT

കൊച്ചി∙ ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട വിലക്ക് സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെ, പേസ് ബോളർ ശ്രീശാന്തിനെ കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന വാർത്തയുടെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. പ്രായം 37 ആയെങ്കിലും ആദം ഗിൽക്രിസ്റ്റിനെയും ജാക്വസ് കാലിസിനെയും മാത്യു ഹെയ്ഡനെയുമെല്ലാം വിറപ്പിച്ച ആ പഴയ ശ്രീശാന്ത് ഒരിക്കൽക്കൂടി ഇന്ത്യൻ ജഴ്സിയിൽ അവതരിക്കുമെന്ന് ആരാധകർ സ്വപ്നം കാണുന്നു. ശരീരക്ഷമത തെളിയിച്ചാൽ ശ്രീശാന്തിനെ തീർച്ചയായും കേരള ടീമിലേക്ക് പരിഗണിക്കുമെന്ന നിയുക്ത പരിശീലകൻ ടിനു യോഹന്നാന്റെ വെളിപ്പെടുത്തലിനു പിന്നാലെ, ശ്രീശാന്തിന്റെ ബോളിങ്ങിനെക്കുറിച്ച് ആവേശം പകരുന്ന വെളിപ്പെടുത്തലുമായി കേരള ക്യാപ്റ്റൻ സച്ചിൻ ബേബി.

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കളിക്കളത്തിലേക്കുള്ള മടങ്ങിവരവെങ്കിലും ശ്രീശാന്തിന്റെ പന്തുകൾക്ക് പഴയ മൂർച്ച നഷ്ടമായിട്ടില്ലെന്നാണ് സച്ചിൻ ബേബിയുടെ വെളിപ്പെടുത്തൽ. ഏതാനും മാസങ്ങൾക്ക് മുൻപ് നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ ശ്രീശാന്ത് സച്ചിൻ ബേബിയെ ക്ലീൻ ബൗൾഡാക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ശ്രീശാന്തിന്റെ പേസും സ്വിങ്ങും ഇപ്പോഴും അദ്ദേഹത്തെ അപകടകാരിയായ ബോളറാക്കുന്നുവെന്ന സച്ചിന്റെ വെളിപ്പെടുത്തൽ.

‘ശ്രീശാന്തിന്റെ തിരിച്ചുവരവിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ച് സഹോദരതുല്യനാണ് അദ്ദേഹം. കഴിഞ്ഞ ഏഴു വർഷമായി അദ്ദേഹം കേരള ടീമിലേക്ക് മടങ്ങിവരുന്നതും മികച്ച പ്രകടനം പുറത്തെടുക്കുന്നതും കാത്തിരിക്കുന്ന ഒരാളാണ് ഞാൻ. ഉയർന്ന തലങ്ങളിലേക്ക് അദ്ദേഹം തിരികെയെത്തണമെന്ന് നാമെല്ലാം ആഗ്രഹിക്കുന്നു’ – ടിവി അവതാരകനായ അരുൺ വേണുഗോപാലുമായുള്ള ഇൻസ്റ്റഗ്രാം ഷോയിൽ സച്ചിൻ ബേബി വെളിപ്പെടുത്തി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒരുമിച്ച് പരിശീലിക്കുന്നവരാണ് ഞങ്ങൾ. എന്നെ അദ്ദേഹം വളരെയധികം സഹായിച്ചിട്ടുണ്ട്. ഇപ്പോഴും ഞങ്ങൾ ഒരുമിച്ചു പരിശീലിക്കുന്നു, ഒരുമിച്ചു യാത്ര ചെയ്യുന്നു. ആ ബന്ധം ഇപ്പോഴും പഴയതുപോലെ തന്നെയുണ്ട്. ഇപ്പോഴും നെറ്റ്സിൽ അദ്ദേഹത്തിന്റെ ബോളിങ് ഉജ്വലമാണ്. ഒരു വിഡിയോ വൈറലായത് ഓർമയില്ലേ? നെറ്റ്സിൽ ശ്രീശാന്തിന്റെ ബോളുകൾ നേരിടുമ്പോൾ അദ്ദേഹത്തിന്റെ പേസും സ്വിങ്ങും എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പന്തുകൾ നേരിടാൻ ഇന്നും ബുദ്ധിമുട്ടാണ്’ – സച്ചിൻ പറഞ്ഞു.

‘ഇനി അദ്ദേഹത്തിന്റെ ശരീരക്ഷമതയുടെ കാര്യത്തിൽ മാത്രമേ സംശയമുള്ളൂ. ബോളിങ്ങിന്റെ കാര്യത്തിൽ അദ്ദേഹം കഠിനാധ്വാനത്തിലാണ്. നെറ്റ്സിൽ അദ്ദേഹം ഉജ്വലമായി ബോൾ ചെയ്യുന്നുണ്ടെന്ന് മാത്രമല്ല, വിക്കറ്റും വീഴ്ത്തുന്നുണ്ട്. മഴക്കാലമൊന്നു കഴിഞ്ഞിട്ടു വേണം ഗ്രൗണ്ടിലിറങ്ങി പരിശീലനം പുനഃരാരംഭിക്കാൻ’ – സച്ചിൻ പറഞ്ഞു.

English Summary: Sreesanth is still unplayable, getting wickets in the nets: Kerala batsman Sachin Baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com