ADVERTISEMENT

ഇസ്‍ലാമാബാദ്∙ കോവിഡ് വ്യാപനത്തെ തുടർന്ന് അഞ്ച് മാസത്തിലേറെയായി ഭാര്യ സാനിയ മിർസയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന് ഇംഗ്ലണ്ട് പര്യടനത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രത്യേക പരഗണന. ഇംഗ്ലണ്ട് പര്യടനത്തിനായി പാക്കിസ്ഥാൻ ടീം ഈ മാസം യാത്ര തിരിക്കാനിരിക്കെ, മാലിക്ക് അടുത്ത മാസം ഇംഗ്ലണ്ടിലെത്തിയാൽ മതിയെന്ന് പിസിബി വ്യക്തമാക്കി. ഭാര്യയെയും കുഞ്ഞിനെയും കാണുന്നതിനാണ് ഈ ഇളവ്. ഇതോടെ, ജൂൺ 28ന് ഇംഗ്ലണ്ട് പര്യടനത്തിനായി യാത്ര തിരിക്കുന്ന പാക്കിസ്ഥാൻ ടീമിൽ മാലിക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായി. പകരം ജൂലൈ 24നാകും മാലിക്ക് ഇംഗ്ലണ്ടിലേക്കു പോകുക. ഇതിനകം മാലിക്കിന് ഭാര്യയെയും കുഞ്ഞിനെയും കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഓഗസ്റ്റിലും സെപ്റ്റംബറിലുമായി നടക്കുന്ന പരമ്പരയിൽ മൂന്നു വീതം ടെസ്റ്റുകളും ട്വന്റി20 മത്സരങ്ങളുമാകും പാക്കിസ്ഥാൻ കളിക്കുക. കോവിഡ് 19നുശേഷം രാജ്യാന്തര ക്രിക്കറ്റ് പുനഃരാരംഭിച്ച ആദ്യ രാജ്യമായ ഇംഗ്ലണ്ടിൽ, നിലവിൽ വെസ്റ്റിൻഡീസ് ടീം പര്യടനം നടത്തുന്നുണ്ട്. ഇതിനുശേഷമാകും ഇംഗ്ലണ്ട് – പാക്കിസ്ഥാൻ പരമ്പര. ഇംഗ്ലണ്ടിലെത്തുന്ന 29 അംഗ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചട്ടപ്രകാരം 14 ദിവസം ക്വാറന്റീനിൽ കഴിയണം. പാക്കിസ്ഥാനിൽനിന്ന് മാഞ്ചസ്റ്ററിലെത്തുന്ന പാക്ക് ടീമിന് ഡെർബിഷയറിലാണ് ക്വാറന്റീൻ ഒരുക്കിയിരിക്കുന്നത്.  ക്വാറന്റീനിൽ നിയന്ത്രണങ്ങളോടെ പരിശീലിക്കാനുള്ള അവസരവുമുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് നേരത്തേതന്നെ വിരമിച്ച മാലിക്ക്, ട്വന്റി20 പരമ്പരയിൽ മാത്രമേ കളിക്കുന്നുള്ളൂ. ഇതുകൂടി പരിഗണിച്ചാണ് താരത്തിന് ഇളവു നൽകിയത്. മാലിക്കിന് കുഞ്ഞിനെ കാണാൻ സാധിക്കാത്തതിൽ വേദന പങ്കുവച്ച് സാനിയ മിർസ രംഗത്തെത്തിയിരുന്നു. നിലവിൽ ഹൈദരാബാദിലെ വീട്ടിലാണ് സാനിയയും കുഞ്ഞും.

‘ടീമിലെ മറ്റ് അംഗങ്ങളിൽനിന്ന് വ്യത്യസ്തമായി ശുഐബ് മാലിക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ടിട്ട് അഞ്ചു മാസം പിന്നിട്ടു. രാജ്യാന്തര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നുതുടങ്ങിയ സ്ഥിതിക്ക് അദ്ദേഹത്തിന് കുടുംബാംഗങ്ങളെ കാണാൻ ഉടൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനൊപ്പമുള്ള യാത്രയിൽനിന്ന് മനുഷിക പരിഗണന നൽകി അദ്ദേഹത്തെ ഒഴിവാക്കുകയാണ്’ – പിസിബി ചീഫ് എക്സിക്യുട്ടീവ് വസിം ഖാൻ വ്യക്തമാക്കി.

ടീം ഇംഗ്ലണ്ടിലെത്തിയശേഷം ഒരു മാസം വൈകിയെത്തുന്ന മാലിക്കിന് രാജ്യത്ത് പ്രവേശിക്കാൻ സംവിധാനമൊരുക്കാമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു. ഇതുപ്രകാരം ജൂലൈ 24നാകും അദ്ദേഹം ഇംഗ്ലണ്ടിലേക്കു പോകുക. 2015ൽ ടെസ്റ്റിൽനിന്ന് വിരമിച്ച മുപ്പത്തെട്ടുകാരനായ മാലിക്ക്, ഇക്കഴിഞ്ഞ ഏകദിന ലോകകപ്പോടെ ഏകദിനത്തോടും വിടപറഞ്ഞിരുന്നു. ഇപ്പോൾ ട്വന്റി20യിൽ മാത്രമാണ് മാലിക് സജീവമായി തുടരുന്നത്.

English Summary: Shoaib Malik gets dispensation, will meet wife Sania Mirza, son after 5 months before joining team in England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com