ADVERTISEMENT

ഇസ്‍ലാമാബാദ്∙ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുമായുള്ള വിവാഹത്തെക്കുറിച്ച് മനസ്സു തുറന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ തങ്ങളുടെ ബന്ധത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് മാലിക്ക് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാക്ക്പാഷൻ ഡോട് നെറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് സാനിയയുമായുള്ള വിവാഹത്തെക്കുറിച്ച് മാലിക്ക് മനസ്സു തുറന്നത്. കോവിഡ് വ്യാപനം നിമിത്തം അഞ്ചു മാസത്തിലധികമായി പിരിഞ്ഞിരിക്കുന്ന ഭാര്യ സാനിയ മിർസയെയും കുഞ്ഞിനെയും കാണാൻ ഇംഗ്ലണ്ടിലേക്കുള്ള യാത്ര വൈകിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മാലിക്കിനെ സഹായിച്ചത് വാർത്തയായിരുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അത്ര സുഖകരമല്ലാത്ത ബന്ധം ഒരു ഇന്ത്യൻ കായികതാരത്തെ വിവാഹം ചെയ്യുമ്പോൾ ആശങ്കപ്പെടുത്തിയിരുന്നോ എന്നായിരുന്നു ചോദ്യം. ഇതിന് മാലിക്കിന്റെ മറുപടി ഇങ്ങനെ:

‘ഇല്ല. ഒട്ടുമില്ല. ഒരാളെ നമ്മൾ വിവാഹം ചെയ്യുമ്പോൾ പങ്കാളി എവിടെനിന്നുള്ള ആളാണെന്നതോ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളോ രാഷ്ട്രീയ വിഷയങ്ങളോ എന്തിന് പരിഗണിക്കണം. അതു നമ്മുടെ മേഖലയല്ല. ഒരാളെ നാം ഇഷ്ടപ്പെടുകയും വിവാഹം ചെയ്യാൻ താൽപര്യപ്പെടുകയും ചെയ്യുന്നെങ്കിൽ ആകെ പരിഗണിക്കേണ്ടത് ആ വ്യക്തിയെ മാത്രമാണ്. അല്ലാതെ അവർ ഏതു രാജ്യക്കാരിയാണ് എന്നതല്ല. കുറച്ചുകൂടി വിശാലമായി പറഞ്ഞാൽ എനിക്ക് ഇന്ത്യക്കാരായ ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അതുകൊണ്ടുതന്നെ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒരു വിധത്തിലും ബാധിക്കാറില്ല. മാത്രമല്ല, ഞാനൊരു ക്രിക്കറ്റ് താരമാണ്, അല്ലാതെ രാഷ്ട്രീയക്കാരനല്ല’ – മാലിക്ക് ചൂണ്ടിക്കാട്ടി.

ഇന്ത്യ – പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാലിക്ക് മനസ്സു തുറന്നു: ‘ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടങ്ങൾ പുനഃരാരംഭിക്കുന്നതു കാണാൻ ക്രിക്കറ്റ് ലോകത്തിന് അതിയായ താൽപര്യമുണ്ടാകുമെന്ന് ഉറപ്പല്ലേ. ആഷസ് പരമ്പര പോലെ പ്രധാനപ്പെട്ട പോരാട്ടമാണത്. ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും ആഷസ് ഇല്ലാത്തൊരു ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാനാകുമോ? അതേ വീര്യത്തോടെ നടക്കുന്ന ഒരു പരമ്പരയാണ് ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടങ്ങളും. അതുകൊണ്ടുതന്നെ ഇപ്പോൾ മത്സരങ്ങൾ നടക്കുന്നില്ല എന്നത് സത്യത്തിൽ മോശം കാര്യമാണ്. ഇന്ത്യൻ താരങ്ങളേക്കുറിച്ച് വളരെ ബഹുമാനത്തോടും ആവേശത്തോടും കൂടി സംസാരിക്കുന്ന എത്രയോ പാക്കിസ്ഥാൻ സുഹൃത്തുക്കൾ എനിക്കുണ്ട്. ഇന്ത്യയിൽ കളിക്കാൻ പോകുമ്പോൾ എനിക്കും ടീമിലെ മറ്റു താരങ്ങൾക്കും അവിടെനിന്നു ലഭിച്ചിട്ടുള്ള സ്നേഹവും അവർണനീയമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ–പാക്ക് മത്സരങ്ങൾ എത്രയും വേഗം പുനഃരാരംഭിക്കട്ടെയെന്നാണ് എന്റെ ആഗ്രഹം’ – മാലിക്ക് പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റിൽ ഇതിനകം എല്ലാ ഫോർമാറ്റിലുമായി 435 മത്സരങ്ങൾ പൂർത്തിയാക്കിയ താരമാണ് മുപ്പത്തെട്ടുകാരനായ ശുഐബ് മാലിക്ക്. 11,753 റൺസും 218 വിക്കറ്റും നേടി. 2015ൽ ടെസ്റ്റ് മത്സരങ്ങളിൽനിന്ന് വിരമിച്ച മാലിക്ക്, കഴിഞ്ഞ ലോകകപ്പോടെ ഏകദിനത്തോടും വിടപറഞ്ഞു. നിലവിൽ ട്വന്റി20 ക്രിക്കറ്റിൽ മാത്രമാണ് മാലിക് പാക്ക് ജഴ്സിയണിയുന്നത്.

English Summary: Shoaib Malik opens up on marriage with Sania Mirza, says he wasn't nervous due to strained relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com