ADVERTISEMENT

കോട്ടയം ∙ ക്രിക്കറ്റിൽനിന്നു വിലക്കിയ കാലത്തു ജീവിക്കാൻ വേണ്ടിയാണു സിനിമയിൽ അഭിനയിക്കുകയും റിയാലിറ്റി ഷോകളിൽ പങ്കെടുക്കുകയും ചെയ്തതെന്നു മു‍ൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. ‘പുറത്താക്കപ്പെട്ട ഒരു ക്രിക്കറ്റ് കളിക്കാരൻ വീട്ടിലെ കറന്റ് ബില്ലടയ്ക്കാൻവരെ കഷ്ടപ്പെട്ട അവസ്ഥയുണ്ടായി. അത്തരം പ്രതിസന്ധികളോടു പടവെട്ടിയ കാലത്തു സംഭവിച്ചതാണെല്ലാം’ – മുപ്പത്തിയേഴുകാരൻ ശ്രീശാന്ത് ഇംഗ്ലിഷ് വെബ് പോർട്ടലായ ‘ഓൺ മനോരമ’യോടു പറഞ്ഞു. 

7 വർഷത്തെ വിലക്കിന്റെ കാലം പിന്നിടാൻ പോകുന്ന ശ്രീശാന്തിനു മുന്നിൽ വീണ്ടും ക്രിക്കറ്റിലേക്കു തിരിച്ചെത്താനുള്ള വാതിൽ തുറന്നിരിക്കുകയാണു കേരള ക്രിക്കറ്റ് അസോസിയേഷൻ. രഞ്ജി ടീമിൽ അവസരം ലഭിക്കാൻ ഫിറ്റ്നസ് തെളിയിക്കാനുള്ള കഠിനാധ്വാനത്തിലാണിപ്പോൾ താരം. ‌പുലർച്ചെ ഉണർന്നു യോഗയും ധ്യാനവും, തുടർന്നു 4 മണിക്കൂർ ബോളിങ് പരിശീലനം, 2 മണിക്കൂർ ജിമ്മിൽ, ആഴ്ചയിൽ 3 ദിവസം മാനസിക സംഘർഷം ലഘൂകരിക്കാനുള്ള ഓൺലൈൻ ക്ലാസ്; ബാസ്കറ്റ്ബോൾ ഇതിഹാസം മൈക്കൽ ജോർദാനെയും അടുത്തയിടെ അന്തരിച്ച കോബി ബ്രയന്റിനെയും പരിശീലിപ്പിച്ച ടിം ഗ്രോവറാണു ശ്രീശാന്തിന്റെയും ഗുരു. ‘ഇതെല്ലാം അരങ്ങേറ്റ മത്സരത്തിനുള്ള ഒരുക്കം പോലെയാണ് എനിക്ക് തോന്നുന്നത്’ – ശ്രീശാന്ത് പറഞ്ഞു. 

അടുത്തിടെ ജീവനൊടുക്കിയ ബോളിവുഡ് താരം സുശാന്ത് സിങ് ര‍ാജ്പുത് അടുത്ത സുഹൃത്തായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. ‘ഫെബ്രുവരിയിൽ മുംബൈയിലാണു ഞങ്ങൾ അവസാനമായി കണ്ടത്. ശ്രീശാന്ത് എന്ന പേരിനൊപ്പമുള്ള ശാന്തത എനിക്കില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. അതേസമയം, സുശാന്തിലെ ശാന്തത അദ്ദേഹത്തിനുണ്ടെന്നും.

വിഷാദരോഗത്തെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചുമുള്ള വാർത്തകൾ വരുമ്പോൾ ഞാൻ കടന്നു പോയ അത്തരം അവസ്ഥകളെക്കുറിച്ച് ഇപ്പോൾ പേടിയോടെ ഓർക്കുന്നു. മൂന്നുനാലു തവണ ഞാൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഭാഗ്യത്തിന്, കുടുംബവും സുഹൃത്തുക്കളും നൽകിയ ആത്മവിശ്വാസം എന്നെ തുണച്ചു’ – ശ്രീശാന്ത് പറഞ്ഞു.  കളിക്കളത്തിലെ പഴയ ആക്രമണോത്സുകത ഇനിയുമുണ്ടാകുമോ എന്ന ചോദ്യത്തിന് ശ്രീശാന്തിന്റെ മറുപടി മമ്മൂട്ടിയുടെ പ്രശസ്തമായ സിനിമാ ഡയലോഗ് ആയിരുന്നു: 

‘ബിലാൽ പഴയ ബിലാൽ തന്നെയാണ്’! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com