ADVERTISEMENT

‘ധോണി ഫിനിഷസ് ഇറ്റ് ഓഫ് ഇൻ സ്റ്റൈൽ, എ മാഗ്നിഫിക്കന്റ് സ്ട്രൈക്ക് ഇൻടു ദ് ക്രൗഡ്! ഇന്ത്യ ലിഫ്റ്റ് ദ് വേൾഡ് കപ്പ് ആഫ്റ്റർ 28 ഇയേഴ്സ്’- വാങ്കഡെ സ്റ്റേഡിയത്തിലെ കമന്ററി ബോക്സിൽ ഇരുന്ന് രവി ശാസ്ത്രി പറഞ്ഞ വാക്കുകൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ എക്കാലവും മുഴുങ്ങും. നുവാൻ കുലശേഖരയുടെ ഫുൾ ഡെലിവറി പന്ത് ലോങ് ഓണിൽ ആകാശത്തൂടെ പറന്ന് കാണികൾക്കിടയിൽ വീണപ്പോൾ ചരിത്രം പിറക്കുകയായിരുന്നു. ഒരു നിമിഷം നിർവികാരമായി പന്തിനെ മാത്രം നോക്കി നിന്നശേഷം ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റു ചുഴറ്റി.

ഇരുകൈകളും ഉയർത്തി ഓടി വന്ന യുവ‌രാജ് സിങ്ങിനെ നെഞ്ചോട് ചേർത്തു. ലോകമെങ്ങുമുള്ള ഇന്ത്യക്കാരുടെ ഹൃദയങ്ങളും ആ നിമിഷം ഒന്നായി. ശനിയാഴ്ച രാവിൽ രാജ്യത്തിന്റെ നഗര ഹൃദയത്തിലും തെരുവുകളിലും ഒത്തുകൂടിയവരുടെ ഹൃദയത്തിലും നാവിലും ഒരേയൊരു വികാരം മാത്രം– ‘ഇന്ത്യ, ഇന്ത്യ’. 28 വർഷങ്ങൾ, അത്രയും വേണ്ടി വന്നു വീണ്ടുമൊരു ലോകകപ്പിൽ ഇന്ത്യയ്ക്ക് മുത്തമിടാൻ. 2011 ഏപ്രിൽ 2ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ, ക്രിക്കറ്റിലെ തമ്പുരാക്കന്മാരായി.

ഒന്നാം പാതി

ഇന്ത്യ ആഗ്രഹിച്ച തുടക്കമായിരുന്നില്ല മത്സരത്തിനു ലഭിച്ചത്. ടോസ് മുതൽ അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും രണ്ടു തവണ ടോസ് ഇടേണ്ടി വന്നത്. ആതിഥേയ ടീമിന്റെ ക്യാപ്റ്റൻ ധോണിയാണ് കോയിൻ സ്പിൻ ചെയ്‌തത്‌. എന്നാൽ സ്റ്റേഡിയത്തിലെ ആരവങ്ങൾക്കിടെ ലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര ഹെഡ് ആണോ ടെയിൽ ആണോ പറഞ്ഞത് എന്ന് മാച്ച് റഫറി ജെഫ് ക്രോയും ടോസ് ഹോസ്റ്റ്  ചെയ്ത രവി ശാസ്ത്രിയും കേട്ടില്ല. ആശയക്കുഴപ്പത്തിനു പിന്നാലെ വീണ്ടും കോയിൻ സ്പിൻ ചെയ്തു. ‘ഹെഡ്’, ഭാഗ്യം സന്ദർശകർക്കൊപ്പം. ഏപ്രിലിലെ വേനലിൽ വരണ്ടുണങ്ങി കിടക്കുന്ന വാങ്കഡെ പിച്ചിൽ വൻ സ്കോർ നേടാമെന്ന് മോഹവുമായി ഇറങ്ങിയ സംഗക്കാരയുടെ മുഖത്ത് ചിരിപടർന്നു. ടോസ് ലഭിച്ച ശ്രീലങ്ക ഒരു സംശയവും കൂടാതെ ബാറ്റിങ് തിരഞ്ഞെടുത്തു.

മെല്ലെയായിരുന്ന ലങ്കയുടെ തുടക്കം. ഇന്ത്യൻ പേസർ സഹീർ ഖാന്റെ പേസ് ആക്രമണവും 30 യാർഡ് സർക്കിളിനുള്ളിൽ യുവരാജ് സിങ്, സുരേഷ് റെയ്ന, വിരാട് കോലി ത്രയവും വരിഞ്ഞു മുറുക്കിയതോടെ ലങ്കൻ സ്കോർബോർഡ് ചലിക്കാൻ വിഷമിച്ചു. സഹീറിന്റെ ആദ്യ മൂന്ന് ഓവറുകളും മെയ്ഡൻ. ഏഴാം ഓവറിൽ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ. ഓഫ് സൈഡിൽ സഹീറിന്റെ ഫുൾ ലെങ്ത് ഡെലിവെറിക്കു ബാറ്റുവച്ച ഉപുൽ തരംഗയുടെ കണക്കുകൂട്ടൽ തെറ്റി. ഒന്നാം സ്ലിപ്പിൽ നിന്ന സേവാഗിന്റെ കൈകളിൽ പന്ത് ഭദ്രം. ശ്രീലങ്ക 17–1.

തിലകരത്‌ന ദിൽഷനും ക്യാപ്റ്റൻ കുമാർ സംഗക്കാരയും ചേർന്ന് ഇന്നിങ്സ് പതുക്കെ മുൻപോട്ട് കൊണ്ടുപോയി. ശ്രീശാന്തും മുനാഫ് പട്ടേലും റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടാതിരുന്നതോടെ ലങ്കൻ ബാറ്റസ്മാൻമാർ പതുക്കെ താളം കണ്ടെത്തി. ഒടുവിൽ സ്പിന്നർ ഹർഭജൻ സിങ്ങിനെ ഇറക്കിയ ധോണിയുടെ തന്ത്രം ഫലം കണ്ടു. 17–ാം ഓവറിന്റെ മൂന്നാം പന്തിൽ ഭാജിയുടെ ലെഗ് സൈഡ് ഡെലിവറി സ്വീപ് ചെയ്യാൻ ശ്രമിച്ച ദിൽഷൻ ക്ലീൻ ബൗൾഡ്.  33 റൺസ് സമ്പാദ്യവുമായി ദിൽഷൻ പവലിയനിലേക്ക്.

പിന്നീടാണ് ഏതൊരു ക്രിക്കറ്റ് പ്രേമിയും എക്കാലവും ഓർത്തുവയ്ക്കാൻ ആഗ്രഹിക്കുന്ന ആ ക്ലാസിക് ഇന്നിങ്സിന്റെ തുടക്കം. ഒരു കരിയറിന്റെ മുഴുവൻ ലെഗസിയും മഹേല ജയവർധനെ ബാറ്റിലേക്ക് ആവാഹിച്ചപ്പോൾ ഒരു ലോകകപ്പ് ഫൈനലിന്റെ പിരിമുറുക്കങ്ങൾ ഒന്നും കൂടാതെ റൺസ് ഒഴുകി. നല്ല ബോളുകൾ വിട്ടുകളഞ്ഞും മോശം ബോളുകൾ കണ്ടെത്തി ആക്രമിച്ചും മഹേള ഇന്ത്യൻ ബോളർമാരെ വശംകെടുത്തി. ‘എ പ്യുയർ ക്ലാസിക് ഇന്നിങ്സ് ഫ്രം എ ക്ലാസിക് ക്രിക്കറ്റർ’.

CRICKET-WC2011-IND-SRI-FINAL-MATCH 49
ലോകകപ്പ് വിജയത്തിനുശേഷം സന്തോഷം പങ്കിടുന്ന യുവരാജ് സിങ്ങും ധോണിയും

ഒരറ്റത്തു കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണപ്പോഴും മറുവശത്തു നെഞ്ചുവിരിച്ച മഹേല നിന്നു. കോലിയെയും സച്ചിനെയും വരെ ധോണി പരീക്ഷിച്ചെങ്കിലും അതൊന്നും ഏശിയില്ല. ഒടുവിൽ ആരും കൊതിക്കുന്ന നേട്ടം. ലോകകപ്പ് ഫൈനലിലെ സെഞ്ചുറിയും ആ ബാറ്റിൽ നിന്നുപിറന്നു. 88 പന്തിൽ 103 റൺസ്. അവസാന ബാറ്റിങ് പവർപ്ലേയിൽ ശ്രീലങ്ക അടിച്ചുക്കൂട്ടിയത് (45–50) 63 റൺസ്. 50 ഓവർ പൂർത്തിയാക്കിയപ്പോൾ ലങ്കൻ സ്കോർ 274/6.

രണ്ടാം പാതി

വാങ്കഡെയിലെ നാൽപതിനായിരത്തിലധികം കാണികൾ ഒരേസമയം ആവേശത്തോടെയും സമ്മർദത്തോടെയും ആർത്തലച്ചു– സച്ചിൻ, സച്ചിൻ. 2003നു ശേഷം മാസ്റ്റർ ബ്ലാസ്റ്റർക്ക് മറ്റൊരു ലോകകപ്പ് ഫൈനൽ. ചരിത്രം ആവർത്തിക്കരുതേ എന്ന പ്രാഥനയോടെ ഒരു രാജ്യം മുഴുവൻ. എന്നാൽ ഇന്ത്യ ഭയന്നത് ആദ്യ ഓവറിൽ തന്നെ സംഭവിച്ചു. രണ്ടാം പന്തിൽ ഓപ്പണർ വിരേന്ദർ സേവാഗിനെ ലസിത് മലിംഗ വിക്കറ്റിന് മുൻപിൽ കുരുക്കി. ഇന്ത്യൻ സ്കോർബോർഡ് 0–1. 

വൺ‌ഡൗൺ ആയി എത്തിയത് ഗൗതം ഗംഭീർ. ഇന്ത്യൻ വിജയത്തിനു അടിത്തറ പാകിയ ഇന്നിങ്സുമായി ഗംഭീർ കളംനിറഞ്ഞു.  ഇതിനിടയിൽ തന്റെ ആദ്യ സ്പെല്ലിലെ നാലാം പന്തിൽ മലിംഗ സച്ചിൻ തെൻഡുല്‍ക്കറെയും പവലിയനിലേക്കു മടക്കി അയച്ചു. തന്റെ ആറാം ലോകകപ്പിന്റെ ഫൈനലിൽ സച്ചിന്റെ സമ്പാദ്യം 18 റൺസ്. പകരമെത്തിയത് അന്നത്തെ 22കാരൻ കാരൻ വിരാട് കോലി. ചെറിയ പിഴവുകൾ പോലും വലിയ വിമർശനത്തിന് ഇടയാക്കിയേക്കാവുന്ന മത്സരത്തിൽ ആത്മവിശ്വാസത്തോടെ ഗംഭീറും കോലിയും ബാറ്റ്‌ വീശി. മൂന്നാം വിക്കറ്റിൽ 88 റൺസിന്റെ  കൂട്ടുകെട്ട്. 22–ാം ഓവറിൽ ദിൽഷന്റെ കിടിലൻ ക്യാച്ചിൽ കോലി ഔട്ട്. 

പിന്നീടാണ് അതു സംഭവിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം മാറ്റിവരച്ച തീരുമാനം. മുൻ മത്സരങ്ങളിലെല്ലാം അഞ്ചാമനായി ഇറങ്ങിയ, ടൂർണമെന്റിൽ ഇന്ത്യക്കാരിലെ ഹയർ സ്കോററായ യുവരാജ് സിങ്ങിനു പകരം ക്യാപ്റ്റൻ ധോണി ക്രീസിലേക്ക്. തീരുമാനിച്ച് ഉറപ്പിച്ചുതന്നെയായിരുന്നു ആ വരവ്. രണ്ടു തലമുറകളുടെ സ്വപ്നം അവസാനനിമിഷം വിട്ടുകളയാൻ ഒരുക്കമല്ലെന്ന നിശ്ചയദാർഢ്യം. അതുവരെ ഇന്ത്യൻ ഇന്നിങ്സിന്റെ ഭാരം മുഴുവൻ ചുമലിൽ ഏറ്റിയ ഗംഭീറിനെ സ്വതന്ത്രമായി കളിക്കാൻ അനുവദിച്ച് ആ ദൗത്യം ധോണി ഏറ്റെടുത്തു. 

ബിറ്റ് ബൈ ബിറ്റ്, റൺ ബൈ റൺ, ഓവർ ബൈ ഓവർ. ഇന്ത്യയുടെ വിജയലക്ഷ്യം ഇരുവരും ചേർന്ന് 100നു താഴെയാക്കി. പക്ഷെ അർഹിച്ച സെഞ്ചുറി മൂന്നു റൺസ് അകലെ നഷ്ടമാക്കി 42–ാം ഓവറിൽ ഗംഭീരം മടങ്ങി. ലോകകപ്പ് ചേസിങ് ചരിത്രത്തിലെ തന്നെ മനോഹരമായ ഇന്നിങ്സുകളിൽ ഒന്നിന് അന്ത്യം. പക്ഷെ മറുവശത്തു നിർഭയനായി ധോണിയുണ്ടായിരുന്നു. 

പിന്നെ നടന്നത് ചരിത്രം. ആറാമനായി ഇറങ്ങിയ യുവിയെ സാക്ഷിയാക്കി രണ്ടാം ലോകകപ്പ് നേട്ടത്തിലേക്ക് ഇന്ത്യൻ ക്യാപ്റ്റന്റെ പടയോട്ടം. ബെസ്റ്റ് ഫിനിഷറുടെ ഉഗ്രരൂപം വാങ്കഡെയിലെ ഫ്ലഡ് ലൈറ്റുകൾക്കിടയിൽ താണ്ഡവമാടി. 49–ാംഓവറിന്റെ രണ്ടാം പന്തിൽ അത് സംഭവിച്ചു. ‘ധോണി ഫിനിഷസ് ഇറ്റ് ഓഫ് ഇൻ സ്റ്റൈൽ’ !

ആന്റി–ക്ലൈമാക്സ്

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഹൃദ്യമായ ഓർമ ഇനിയൊരു വിങ്ങലോടെ അല്ലാതെ ഓർക്കാൻ സാധിക്കില്ല എന്നത് കാലത്തിന്റെ കുസൃതി. ധോണിയുടെ ജീവിതം അഭ്രപാളിയിൽ അണിഞ്ഞ നടൻ സുശാന്ത് സിങ് രാജ്‌പുതിന്റെ വിടവാങ്ങലാണ് അതിനു കാരണം. ഏഴ് വർഷം മാത്രം നീണ്ടുനിന്ന സുശാന്തിന്റെ കരിയറിലെ എക്കാലവും ഓർമയിൽ തങ്ങിനിൽക്കുന്ന ചിത്രമായിരിക്കും ‘എം.എസ്.ധോണി: ദി അൺടോൾഡ് സ്റ്റോറി’.  ഇന്ത്യയ്ക്ക് രണ്ടാം ലോകകപ്പ് നേടിതന്ന ധോണിയുടെ ആ ‘ഫിനിഷിങ് സിക്സ്’ തന്നെയാണ് ചിത്രത്തിന്റെ ക്ലൈമാക്സും. 

മഹേന്ദ്രസിങ് ധോണി, ധോണിയായി സുശാന്ത് സിങ് രജ്‌പുത്
എം.എസ്. ധോണി, സുശാന്ത് സിങ് രാജ്പുത്

ഇതുവരെ കരിയർ അവസാനിപ്പിച്ചിട്ടില്ലാത്ത ധോണിയുടെ ജീവിതകഥ 2016ലാണ് സിനിമയായി പുറത്തിറങ്ങിയതെങ്കിലും 2011ലെ ലോകകപ്പ് നേട്ടത്തിൽ ചിത്രം അവസാനിക്കുന്നു. ധോണിയുടെ ബയോപിക്കിന് ഒരു രണ്ടാം ഭാഗത്തിനുള്ള ആലോചന പോലും ഇനി സംഭവിക്കില്ല എന്നാണ് ചിത്രത്തിന്റെ സംവിധായകൻ നീരജ് പാണ്ഡെ സുശാന്തിന്റെ മരണശേഷം പറഞ്ഞത്. രവിശാസ്ത്രിയുടെ വിഖ്യാതമായി കമന്റിനോടു ചേർന്നു ധോണിയുടെ കൂടെ സുശാന്തിന്റെയും മുഖം ആരാധകർക്കുള്ളിൽ തെളിയുമെന്നത് ചരിത്രത്തിന്റെ ആന്റി–ക്ലൈമാക്സ്.

English Summary: India and MSD in 2011 ODI world cup final, memory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com