sections
MORE

‘ക്രിക്കറ്റിൽ ബൗൺസർ നിയമം കൊണ്ടുവന്നത് കറുത്തവരുടെ വിജയങ്ങൾ നിയന്ത്രിക്കാൻ’

Darren Sammy
ഡാരൻ സമി
SHARE

കിങ്സ്റ്റൺ∙ കറുത്ത വർഗക്കാരായ ക്രിക്കറ്റ് താരങ്ങളുടെയും ടീമിന്റെയും വിജയങ്ങൾ നിയന്ത്രിക്കാൻ ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റം വരുത്തിയെന്ന ഗുരുതര ആരോപണവുമായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഡാരൻ സമി. കറുത്ത വർഗക്കാരായ ക്രിക്കറ്റ് താരങ്ങളുടെ വിജയങ്ങൾ നിയന്ത്രിക്കുന്നതിനാണു കളിയിൽ ബൗൺസറുകൾ കുറയ്ക്കുന്നതിനു നിയമം കൊണ്ടുവന്നതെന്നു താരം പറഞ്ഞു. നേരത്തേ ബോളർമാർക്ക് എത്ര ആവശ്യമുണ്ടോ അത്രയും ബൗൺസറുകൾ എറിയാമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഓവറിൽ രണ്ട് ബൗൺസറുകൾ മാത്രമേ എറിയാൻ സാധിക്കുകയുള്ളൂ– സമി വ്യക്തമാക്കി.

ക്രിക്കറ്റിൽ കറുത്തവരുടെ ടീം മേധാവിത്വം നേടുന്നതു ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴാണു ബൗൺസർ നിയമം വരുന്നത്. കറുത്തവരുടെ ടീം ജയിക്കുന്നതു നിയന്ത്രിക്കുന്നതിനാണു ഈ നിയമം വന്നതെന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഇക്കാര്യം ഒരുപക്ഷേ തെറ്റായിരിക്കാം, പക്ഷേ ഞാൻ അതാണു കണ്ടത്– സമി വ്യക്തമാക്കി. പേസ് ബോളർമാരുടെ മികവിലാണ് ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് ഒരുകാലത്ത് ആധിപത്യം നേടിയിരുന്നത്. ആദ്യ രണ്ടു ലോകകപ്പുകളിലും വിജയികളായ വിൻഡീസ് 1983ൽ ഫൈനലിലുമെത്തി.

കോട്നി വാൽഷ്, ജോയൽ ഗാർനര്‍, പാട്രിക് പാറ്റേർസൻ, ആൻഡി റോബർട്സ്, മൈക്കല്‍ ഹോൾഡിങ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ മികവിൽ ഒരു കാലത്ത് ഏറ്റവും കരുത്തരായ ടീമായിരുന്നു വിൻ‍ഡീസ്. എത്ര വലിയ ബാറ്റിങ് നിരയെയും പേസും ബൗണ്‍സും ഉപയോഗിച്ചു തകർത്തു വിടുന്നതായിരുന്നു വിൻ‍ഡീസിന്റെ രീതി. 1991 ലാണ് ബൗൺസറുകൾ നിയന്ത്രിക്കുന്നതിനായി ക്രിക്കറ്റിൽ നിയമം കൊണ്ടുവരുന്നത്. ഒരു ഓവറിൽ ഒരു ബൗൺസർ മാത്രം എറിയാനായിരുന്നു ആദ്യം അനുമതി. 1994 മുതൽ രണ്ട് ബൗണ്‍സറുകൾ എറിയാൻ അനുമതി നൽകി.

2001 ൽ എറിയാവുന്ന ബൗൺസറുകളുടെ എണ്ണം ഒന്നാക്കി വീണ്ടും പരിഷ്കരിച്ചു. 11 വർഷങ്ങള്‍ക്കു ശേഷം രണ്ട് ബൗൺസറുകൾ എറിയാനായി ഐസിസി വീണ്ടും അനുമതി നൽകി. ഡാരൻ സമിയുടെ ആരോപണത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലോ, മറ്റു ക്രിക്കറ്റ് താരങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസിൽ ജോർജ് ഫ്ലോയ്ഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കയ്യാൽ കൊല്ലപ്പെട്ടതു തന്നെ പല തരത്തിലും ബാധിച്ചതായും സമി വെളിപ്പെടുത്തി. ഇതേ തുടർന്നാണ് ക്രിക്കറ്റിലെ വംശീയതയെക്കുറിച്ചു ചിന്തിക്കാൻ നിർബന്ധിതനായത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മൂർച്ചയേറിയ ബോളിങ് ഓസ്ട്രേലിയൻ പേസർമാരായ ജെഫ്രി റോബർട് തോംസണിന്റെയും ഡെനിസ് ലില്ലിയുടേതുമാണ്. ബാറ്റ്സ്മാൻമാരെ അപകടകരമായ ബോളുകൾ കൊണ്ടു നേരിടുന്ന ഇവരുടെ രീതി പ്രശസ്തമാണ്. എന്നാൽ വിൻഡീസ് ബോളർമാർ ഈ രീതി ഉപയോഗിച്ചപ്പോഴാണു ക്രിക്കറ്റില്‍ പുതിയ നിയമം കൊണ്ടുവരുന്നതെന്നും സമി ആരോപിച്ചു.

English Summary: Bouncer rules got introduced to limit success of a black team: Darren Sammy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA