ADVERTISEMENT

ന്യൂഡൽഹി∙ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെയും ക്യാപ്റ്റൻ വിരാട് കോലിയുടെയും സവിശേഷതകൾ വിവരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം താരം കുൽദീപ് യാദവ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തുന്ന യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ വിരാട് കോലി വലിയ പങ്കു വഹിക്കുന്നതായി കുൽദീപ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. നിങ്ങൾ യുവതാരമായിരിക്കുമ്പോൾ ഗ്രൗണ്ടിലും പുറത്തും ക്യാപ്റ്റൻ നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ മികച്ച പ്രകടനം നടത്താൻ നിങ്ങൾക്ക് അധിക പ്രോൽസാഹനം ലഭിക്കുകയാണ്. വിരാട് ഭായ് എന്നെ കളിക്കളത്തിലും പുറത്തും ഏറെ പിന്തുണയ്ക്കുന്നു. ഞാൻ ബുദ്ധിമുട്ട് അനുഭവിച്ചപ്പോഴെല്ലാം അദ്ദേഹം പിന്തുണയുമായെത്തി.

ഒരു ബോളർ എന്താണു ചിന്തിക്കുന്നതെന്ന് വിരാട് കോലിക്ക് നന്നായി അറിയാം. ബോൾ ചെയ്യാനെത്തുമ്പോൾ വന്നു നിർദേശങ്ങൾ തരും. ദേഹത്തു തട്ടി വിക്കറ്റുകൾ നേടാനുള്ള മാർഗങ്ങൾ പറഞ്ഞു തരും. അദ്ദേഹം ഒരു ലോകോത്തര ക്രിക്കറ്റ് താരമാണെന്ന കാര്യത്തിൽ സംശയമില്ല. ബാറ്റിങ്, ഫീൽ‍ഡിങ്, തീരുമാനം എടുക്കാനുള്ള കഴിവ് എന്നിവയിലെല്ലാം വിരാട് കോലിയെ ആരുമായും താരതമ്യം ചെയ്യാൻ സാധിക്കില്ല– കുൽദീപ് യാദവ് പറഞ്ഞു. അതേസമയം വിക്കറ്റിനു പിന്നിൽ ഇപ്പോൾ എം.എസ്. ധോണിയുടെ അസാന്നിധ്യം തിരിച്ചറിയുന്നുണ്ടെന്നും കുൽദീപ് വ്യക്തമാക്കി.

മഹി ഭായിയെ ഞങ്ങളെല്ലാവരും ഏറെ മിസ് ചെയ്യുന്നുണ്ട്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. ടീമിലേക്ക് അധികം വൈകാതെ തിരികെയെത്തി ധോണി കളിക്കുന്നതു കാണാൻ എനിക്ക് ആഗ്രഹമുണ്ട്. നമ്മൾ എപ്പോൾ ഗ്രൗണ്ടിൽ ഇറങ്ങിയാലും എന്തെങ്കിലുമൊക്കെ ഉപദേശങ്ങളുമായി മഹി ഭായ് എത്തും. അതെന്നെ കരിയറിൽ ഏറെ സഹായിച്ചിട്ടുണ്ട്. കൃത്യമായി ഉപദേശങ്ങൾ നൽകുന്ന ആളാണ് ധോണി. കാര്യങ്ങൾ പരിശോധിച്ച ശേഷമാണു ധോണി ഗ്രൗണ്ടിൽ ഇതു ചെയ്യുക. വിരാട് കോലിക്കും ധോണിക്കും പുറമേ രോഹിത് ശർമയിൽനിന്നും നിർദേശങ്ങൾ സ്വീകരിക്കാറുണ്ട്. ഇങ്ങനെയുള്ള മുതിർന്ന താരങ്ങളുടെ കീഴിൽ കളിക്കുന്നതു നല്ല കാര്യമാണെന്നും കുൽദീപ് പറഞ്ഞു.

ബോളർമാർക്കു ചില ദിവസങ്ങൾ വളരെ മോശമായിരിക്കും. വിരാട് ഭായ്ക്ക് അതു നന്നായി അറിയാം. ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന്റെ അനുഭവം കാരണമാണ് അതു സാധിക്കുന്നത്. സീനിയർ ടീമിലെത്തുന്നതിനു മുൻപ് അദ്ദേഹം അണ്ടർ 19 ടീമിന്റെയും രഞ്ജി ടീമിന്റെയും ക്യാപ്റ്റനായിരുന്നു. കാര്യങ്ങൾ നന്നായി ചെയ്യുന്നതിന് അദ്ദേഹം എപ്പോഴും എന്നെ പ്രോൽസാഹിപ്പിച്ചുകൊണ്ടിരിക്കും. ടീമിലെ എല്ലാ ബോളർമാരോടും കോലി ഇങ്ങനെ തന്നെയായിരിക്കും. 

മത്സരത്തിനിടയിലെ എന്റെ ശരീര ഭാഷ വച്ച് തന്നെ എന്താണു നടക്കുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലാകും. ഉടൻ തന്നെ അദ്ദേഹം പ്രശ്നങ്ങൾക്കു പരിഹാരവുമായി എത്തുകയും ചെയ്യും– കുൽദീപ് അവകാശപ്പെട്ടു. 2017 ല്‍ വെസ്റ്റിൻഡീസിനെതിരെയാണ് ഏകദിന ക്രിക്കറ്റിലും ട്വന്റി20 യിലും കുൽദീപ് അരങ്ങേറുന്നത്. ഇതിനകം 60 ഏകദിനങ്ങളും 21 ട്വന്റി20യും 6 ടെസ്റ്റ് മത്സരങ്ങളും കുൽദീപ് കളിച്ചു.

English Summary: MS Dhoni is an instant advisor, Virat Kohli a great motivattivator: Kuldeep Yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com