ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായിരിക്കെ മുതിർന്ന താരം യൂനിസ് ഖാൻ കഴുത്തിൽ കത്തിവച്ച് തന്നെ ഭീഷണിപ്പെടുത്തിയ സംഭവം വെളിപ്പെടുത്തി മുൻ സിംബാബ്‍വെ താരം കൂടിയായ ഗ്രാന്റ് ഫ്ലവർ. ഓസ്ട്രേലിയൻ പര്യടനത്തിൽ ഒരു മത്സരത്തിനിടെ ബാറ്റിങ്ങുമായി ബന്ധപ്പെട്ട് യൂനിസ് ഖാന് ചില നിർദ്ദേശങ്ങൾ നൽകാൻ ശ്രമിച്ചപ്പോഴാണ് താരം കത്തി കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തിയതെന്ന് ഗ്രാന്റ് ഫ്ലവർ വെളിപ്പെടുത്തി. അന്നത്തെ മുഖ്യ പരിശീലകൻ മിക്കി ആർതർ ഇടപെട്ടാണ് യൂനിസിനെ പിടിച്ചുമാറ്റിയതെന്നും ഗ്രാന്റ് ഫ്ലവർ വിശദീകരിച്ചു.

സിംബാബ്‍വെ ടീമിൽ സഹതാരം കൂടിയായിരുന്ന സഹോദരൻ ആൻഡി ഫ്ലവർ, അവതാരകൻ നീൽ മാൻതോർപ്പ് എന്നിവർക്കൊപ്പം നടത്തിയ ‘ഫോളോവിങ് ഓൺ ക്രിക്കറ്റ് പോഡ്കാസ്റ്റ്’ എന്ന ലൈവ് ചാറ്റിലാണ് ഗ്രാന്റ് ഫ്ലവർ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. 2014 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലാണ് നാൽപ്പത്തൊൻപതുകാരനായ ഗ്രാന്റ് ഫ്ലവർ പാക്കിസ്ഥാൻ ടീമിന്റെ ബാറ്റിങ് പരിശീലകനായി ജോലി ചെയ്തത്. കഴിഞ്ഞ വർഷം പാക്കിസ്ഥാൻ ടീമുമായുള്ള കരാർ അവസാനിച്ചതോടെ ടീം വിട്ട ഫ്ലവർ, നിലവിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാണ്.

ലൈവ് ചാറ്റിനിടെ, പരിശീലക കാലയളവിൽ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുള്ള വ്യത്യസ്ത സ്വഭാവക്കാരായ താരങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് യൂനിസ് ഖാനുമായി ബന്ധപ്പെട്ട അസാധാരണ സംഭവം ഗ്രാന്റ് ഫ്ലവർ ഓർത്തെടുത്തത്.

‘ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ ഒരു ടെസ്റ്റ് മത്സരത്തിനിടെ നടന്ന സംഭവം ഓർക്കുന്നു. ടെസ്റ്റിന്റെ ഇടവേളയുടെ സമയത്ത് യൂനിസ് ഖാന് ബാറ്റിങ്ങിന്റെ കാര്യത്തിൽ ഞാൻ ചില നിർദ്ദേശങ്ങൾ നൽകി. പക്ഷേ, അതൊന്നും യൂനിസ് നല്ല രീതിയിലല്ല എടുത്തത്. അയാൾ ഒരു കത്തിയെടുത്ത് എന്റെ കഴുത്തിൽവച്ചു. മുഖ്യ പരിശീലകൻ മിക്കി ആർതർ അടുത്തിരിക്കുമ്പോഴാണ് സംഭവം. അന്ന് അദ്ദേഹം ഇടപെട്ടാണ് യൂനിസിനെ പിന്തിരിപ്പിച്ചത്’ – ഗ്രാന്റ് ഫ്ലവർ വിവരിച്ചു.

‘വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. ഇതെല്ലാം പരിശീലക ജോലിയുടെ ഭാഗമായിട്ടാണ് ഞാൻ കാണുന്നത്. ആ കാലയളവ് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെങ്കിലും ആസ്വദിച്ചുതന്നെയാണ് ജോലി ചെയ്തത്. നോക്കൂ, ഇപ്പോഴും ഞാൻ ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. എന്നിട്ടും നല്ല നിലയിൽ എത്തിച്ചേരാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു’ – ഗ്രാന്റ് ഫ്ലവർ പറഞ്ഞു.

പാക്ക് ബാറ്റ്സ്മാൻ അഹമ്മദ് ഷെഹ്സാദും വ്യത്യസ്ത സ്വഭാവക്കാരനായിരുന്നുവെന്ന് ഫ്ലവർ അനുസ്മരിച്ചു. ‘പ്രതിഭയുള്ള ബാറ്റ്സ്മാനായിരുന്നു അദ്ദേഹം. പക്ഷേ, ചൂടൻ സ്വഭാവമായിരുന്നു. ഇത്തരമൊരു താരം എല്ലാ ടീമിലും കാണും. ചില സമയത്ത് ഈ സ്വഭാവം അവരെ കൂടുതൽ മികച്ച താരമാക്കി മാറ്റും. പക്ഷേ ഉറപ്പില്ല – ഗ്രാന്റ് ഫ്ലവർ പറഞ്ഞു. സിംബാബ്‌വെയ്‌ക്കായി 67 ടെസ്റ്റിൽനിന്ന് 3457 റൺസും 221 ഏകദിനങ്ങളിൽനിന്ന് 6571 റൺസും നേടിയ താരമാണ് ഗ്രാന്റ് ഫ്ലവർ.

നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് യൂനിസ് ഖാനെ നിയോഗിച്ചിരുന്നു. പാക്കിസ്ഥാനായി 118 ടെസ്റ്റുകളിൽ കളിച്ച യൂനിസ് ഖാൻ 52.05 ശരാശരിയിൽ 10,099 റണ്‍സ് നേടിയിട്ടുണ്ട്. ഗ്രാന്റ് ഫ്ലവറിന്റെ വെളിപ്പെടുത്തലിനോട് യൂനിസ് ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാക്കിസ്ഥാൻ ടീമിന്റെ 2016ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണ് ഗ്രാന്റ് ഫ്ലവർ വെളിപ്പെടുത്തിയ സംഭവം നടന്നതെന്നാണ് സൂചന. അന്ന് ബ്രിസ്ബേനിൽ നടന്ന ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ യൂനിസ് ഖാൻ പൂജ്യത്തിന് പുറത്തായിരുന്നു. എന്നാൽ, രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറി തികച്ച് 65 റൺസെടുത്താണ് പുറത്തായത്. സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ പുറത്താകാതെ നേടിയ 175 റൺസ് സഹിതം ഭേദപ്പെട്ട പ്രകടനമാണ് യൂനിസ് ഖാൻ പരമ്പരയിൽ പുറത്തെടുത്തത്. പക്ഷേ മൂന്നു ടെസ്റ്റുകൾ ഉൾപ്പെട്ട പരമ്പര പാക്കിസ്ഥാൻ 3–0ന് തോറ്റു.

English Summary: Younis once held a knife to my throat when I offered him batting advice: Flower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com