ADVERTISEMENT

മുംബൈ∙ ഇന്ന് 71–ാം ജന്മദിനമാഘോഷിക്കുന്ന ഇന്ത്യയുടെ ലിറ്റിൽ മാസ്റ്റർ സുനിൽ ഗാവസ്കർ, ഇതിന്റെ ഭാഗമായി ശ്രീ സത്യസായി സഞ്ജീവനി ഹോസ്പിറ്റലിലെ 35 കുരുന്നുകൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിക്കൊടുക്കും. ഹൃദയ ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവു താങ്ങാൻ നിർവാഹമില്ലാത്ത മാതാപിതാക്കളുടെ കുരുന്നുകൾക്കാണ് ഗാവസ്കറിന്റെ സഹായം. ഇന്ത്യയ്‌ക്കായി നേടിയ സെഞ്ചുറികളുടെ എണ്ണമെന്ന നിലയിലാണ് 35 കുരുന്നുകൾക്ക് സഹായം എത്തിക്കാനുള്ള തീരുമാനം. കഴിഞ്ഞ വർഷവും ജന്മദിനത്തോട് അനുബന്ധിച്ച് ഗാവസ്കർ സമാനമായ സഹായം പ്രഖ്യാപിച്ചിരുന്നു.

‘ഒരാൾക്ക് സഹായിക്കാൻ കഴിയുന്ന മേഖലകൾ ഒട്ടനവധിയുണ്ടെങ്കിലും, കൊച്ചുകുട്ടികൾ പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്. എല്ലാ കുടുംബങ്ങളുടെയും സന്തോഷം  കുഞ്ഞുങ്ങളാണ്. സുന്ദരമായൊരു ഭാവിയിലേക്കുള്ള പ്രതീക്ഷ കൂടിയാണ് അവർ’ – ടൈംസ് ഓഫ് ഇന്ത്യയുമായി സംസാരിക്കവെ ഗാവസ്കർ ചൂണ്ടിക്കാട്ടി.

‘ഇന്ത്യയിൽ ജന്മനായുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വളരെ കൂടുതലാണെന്നത് സങ്കടകരമാണ്. ഒട്ടേറെപ്പേർക്ക് അതിനെ അതിജീവിക്കാനോ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനോ അവസരമില്ല. അവരിൽ ഒട്ടേറെപ്പേർ തീർത്തും പാവപ്പെട്ടവരാണ്. നമ്മുടെ രാജ്യത്ത് അത്തരക്കാർക്കുള്ള കരുതൽ തീരെ കുറവും. ഞാൻ കൂടി ഭാഗഭാക്കായ ഹാർട്ട് ടു ഹാർട്ട് ഫൗണ്ടേഷൻ ഇത്തരം കുട്ടികൾക്കായി പ്രവർത്തിക്കുന്നതാണ്’ – ഗാവസ്കർ വിശദീകരിച്ചു.

കഴിഞ്ഞ വർഷം 600 കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കു സാമ്പത്തികസഹായം തേടി ഗാവസ്കർ യുഎസ് പര്യടനം നടത്തിയിരുന്നു. ജന്മനാ ഹൃദയത്തകരാറുള്ള 600 കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയയ്ക്കു വേണ്ടിയായിരുന്നു ഇത്. ഗാവസ്കർ ഉൾപ്പെട്ട ‘ഹാർട്ട് ടു ഹാർട്ട് (എച്ച്2എച്ച്) ഫൗണ്ടേഷന്റേതായിരുന്നു സഹായപദ്ധതി.

∙ ഗാവസ്കർ, 71 നോട്ടൗട്ട്!

1949 ജൂലൈ 10നു മുംബൈയിലാണു ഗാവസ്കറുടെ ജനനം. രണ്ടു പതിറ്റാണ്ടുകാലം ഇന്ത്യൻ ക്രിക്കറ്റിനെ റൺമഴകൊണ്ട് അനുഗ്രഹിച്ച ഇതിഹാസ താരമാണു സുനിൽ മനോഹർ ഗാവസ്‌കർ. 1970–കളിലും എൺപതുകളിലും ബാറ്റുകൊണ്ട് ഒരുപിടി വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച ‘സണ്ണി,’ ടെസ്റ്റ് കരിയറിലുടനീളം സൃഷ്ടിച്ച റെക്കോർഡുകൾ മറികടന്നത് മറ്റൊരു ഇതിഹാസമാണ്– സച്ചിൻ തെൻഡുൽക്കർ.

ടെസ്റ്റിൽ ആദ്യമായി 10,000 റൺസ് തികച്ച ബാറ്റ്‌സ്മാൻ, കൂടുതൽ സെഞ്ചുറിയും അർധസെഞ്ചുറിയും നേടിയ ബാറ്റ്‌സ്‌മാൻ, ഏറ്റവും കൂടുതൽ റൺസ് നേടിയ താരം, കൂടുതൽ ടെസ്‌റ്റുകൾ കളിച്ച താരം എന്നീ ബഹുമതികൾ ഏറെക്കാലം ഗാവസ്കറിന്റെ പേരിലായിരുന്നു. 1971ലെ വെസ്റ്റിൻഡീസ് പര്യടനത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റം. 125 ടെസ്റ്റുകളിൽനിന്നായി 10,122 റൺസ്, 34 സെഞ്ചുറി, 45 അർധസെഞ്ചുറി. 108 ഏകദിനം കളിച്ചതിൽനിന്ന് 3092 റൺസ്. 1983ൽ കിരീടം നേടിയത് ഉൾപ്പെടെ ആദ്യ 4 ലോകകപ്പുകളിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

English Summary: On 71st birthday, Sunil Gavaskar to sponsor 35 kids’ heart surgeries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com