ADVERTISEMENT

‘ഒന്ന് ഡൈവ് ചെയ്യാമായിരുന്നില്ലേ ധോണി?’ – ഇന്ത്യ ഏറ്റവുമധികം കിരീടപ്രതീക്ഷ പുലർത്തിയ 2019 ഏകദിന ലോകകപ്പിലെ സെമിഫൈനൽ തോൽവിക്ക് ഒരു വർഷം പൂർത്തിയാകുമ്പോൾ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. ധോണി ക്രീസിലുണ്ടായിരുന്നെങ്കിൽ അന്ന് ഇന്ത്യ വിജയത്തിലെത്തുമായിരുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ആരാധകരേറെയാണ്. മത്സരം തന്റെ കയ്യിൽ നിൽക്കില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് ധോണി മനഃപൂർവം പോരാട്ടം അവസാനിപ്പിച്ചതാണെന്ന ഒറ്റപ്പെട്ട ആരോപണങ്ങളേക്കാൾ ബലമുണ്ട്, ധോണി ക്രീസിൽ തുടര്‍ന്നിരുന്നെങ്കിൽ ജയിക്കുമായിരുന്നുവെന്ന വിശ്വാസത്തിന്!

ലോകകപ്പ് സെമിയിലെ തോൽവിക്കുശേഷം ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ‘ഡൈവ് ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ രക്ഷപ്പെട്ടേനെ’ എന്ന പ്രതീക്ഷ ധോണിയും പങ്കുവച്ചിരുന്നു. ‘ആദ്യ മത്സരത്തിൽ റണ്ണൗട്ടായ ഞാൻ പിന്നീട് സെമിഫൈനലിലും റണ്ണൗട്ടായി. സെമിയിൽ എന്തുകൊണ്ട് ഡൈവ് ചെയ്തില്ല എന്ന ചോദ്യം ഞാൻ ഇപ്പോഴും സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണ്. ആ രണ്ട് ഇഞ്ച് ദൂരത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ഞാൻ സ്വയം പറയും – ധോണി നീ അന്ന് നിർബന്ധമായും ഡൈവ് ചെയ്യേണ്ടതായിരുന്നു’ – അന്ന് ധോണി പറഞ്ഞു.

∙ മോഹിപ്പിച്ച് ധോണി, ജഡേജ

അന്ന് ഓൾഡ് ട്രാഫഡിന്റെ മൈതാനമധ്യത്തേക്ക് ആ ഏഴാം നമ്പറുകാരൻ നടന്നടുക്കുമ്പോൾ പതിവിലേറെയായിരുന്നു ആരവം. ലോകകപ്പിന്റെ അരങ്ങിൽ ഇനി ഇദ്ദേഹത്തെ കാണാനാകില്ലെന്ന തിരിച്ചറിവു കൊണ്ടാകണം പലരും പേരു പറഞ്ഞു വിളിക്കുന്നുണ്ടായിരുന്നു. തന്റെ അവസാന ലോകകപ്പ് മത്സരത്തിൽ പതിവു തെറ്റിച്ച് എം.എസ് ധോണി ഇറങ്ങിയത് ബാറ്റിങ് നിരയിലെ ഏഴാമനായി. ആ സമയത്ത് ഇന്ത്യയുടെ വിജയ സാധ്യത വളരെ നേരിയത്. ധോണി ഇന്ത്യയെ വിജയത്തിനടുത്ത് എത്തിക്കുമെന്ന് അധികമാരും പ്രതീക്ഷിച്ചിട്ടുമുണ്ടാകില്ല.

പക്ഷേ, രവീന്ദ്ര ജഡേജയ്ക്കൊപ്പം ധോണി നടത്തിയ പോരാട്ടം ആ മത്സരം കണ്ടവരെല്ലാം ഓർമിക്കുമെന്നുറപ്പ്. 49–ാം ഓവറിലെ മൂന്നാം പന്തിൽ റണ്ണൗട്ടായി മടങ്ങുന്നതിന്റെ തൊട്ടു മുൻപ് വരെ അവർ ആ പോരാട്ട വീര്യം കണ്ടതാണ്. ലോക്കി ഫെർഗുസന്റെ ഷോർട്ട് ബോൾ പോയിന്റ് ബൗണ്ടറിക്കു മീതെ ഗാലറിയിൽ പതിച്ചപ്പോൾ ആരാധകർ നോക്കിനിന്നത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷറെ. 31–ാം ഓവറിൽ ഒത്തു ചേർന്ന ധോണി– ജഡേജ സഖ്യം ചരിത്രം കുറിച്ച ശേഷമാണ് കീഴടങ്ങിയത്. ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇപ്പോൾ ഇവരുടെ പേരിലാണ്– 112 പന്തിൽ 116 റൺസ്.

ആറു വിക്കറ്റിന് 92 റൺസ് എന്ന പരിതാപകരമായ നിലയിൽ നിന്ന് ഇന്ത്യയെ അവസാന 5 ഓവറിൽ 52 റൺസെടുത്താൽ ജയിക്കാമെന്ന നിലയിലെത്തിച്ചത് ജഡേജയുടെ തകർപ്പനടിയാണ്. ഒപ്പം ധോണിയുടെ കൂട്ടും. ഇന്ത്യയ്ക്ക് തുടക്കം മുതൽ എല്ലാം പിഴച്ച അന്ന്, നിർഭാഗ്യം ധോണിയെയും വീഴ്ത്തി. വിജയത്തിന് 24 റൺസ് അകലെ പവലിയനിലേക്ക് പതിയെ തിരിച്ചു നടത്തം. പിന്നാലെ 48–ാം ഓവറിൽ വമ്പനടിക്കു മുതിർന്ന് ജഡേജ ബോൾട്ടിനു വിക്കറ്റ് നൽകി. 

ജഴ്സിയിൽ ഏഴാം നമ്പറുകാരനായ ധോണി, ലോകകപ്പ് സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെ ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയത് പലരെയും അതിശയിപ്പിച്ചു. ഇന്ത്യ 3ന് 5 എന്ന നിലയിൽ പരുങ്ങിയ നേരത്ത് ധോണി ക്രീസിലെത്തിയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ഇങ്ങനെയൊരു തോൽവി ഉണ്ടാകില്ലായിരുന്നു എന്നാണു പലരുടെയും വാദം. ധോണിയുടെ പരിചയസമ്പത്തിനു പകരം ദിനേഷ് കാർത്തിക്കിന്റെ പരിഭ്രമം കലർന്ന ബാറ്റിങ്ങിനെയാണ് കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റൻ കോലിയും ആശ്രയിച്ചത്.

∙ അന്ന് സംഭവിച്ചത്...

ആടിയുലയുന്ന ബാറ്റിങ് നിരയെ ഒറ്റയ്ക്കു താങ്ങിനിർത്താൻ പോന്ന മൂന്നേ മൂന്നു പേരെ അന്നത്തെ ഇന്ത്യൻ ടീമിലുണ്ടായിരുന്നുള്ളൂ. ഇതിൽ ക്യാപ്റ്റൻ കോലി (1), വൈസ് ക്യാപ്റ്റൻ രോഹിത് (1) എന്നിവർ തുച്ഛമായ സ്കോറിൽ പുറത്തായതോടെ ‘സൂപ്പർ ക്യാപ്റ്റൻ’ ധോണി ഫോമിലേക്ക് ഉയരേണ്ടത് ഇന്ത്യൻ ജയത്തിന് അനിവാര്യമായി. എന്നാൽ ധോണിയെ ‘കരുതിവച്ച’ ടീം മാനേജ്മെന്റ് ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവരെ വിശ്വാസത്തിലെടുത്തു. വേഗത്തിൽ സ്കോർ ചെയ്തു ശീലമുള്ള ഇരുവർക്കും സന്ദർഭത്തിന് അനുസരിച്ചു കളിക്കാൻ സാധിച്ചില്ല. ഇവരിൽ ഒരാൾക്കൊപ്പം നങ്കൂരമിട്ടു കളിക്കുന്ന ധോണി ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, മത്സരഫലംതന്നെ മാറിയേനേ എന്ന വിലയിരുത്തലാണ് ഭൂരിഭാഗം പേർക്കും.

∙ പാളിയ പദ്ധതി

അവസാന ഓവറുകളിൽ കളി നിയന്ത്രിച്ച ശേഷം ആവശ്യമെങ്കിൽ ആഞ്ഞടിക്കാനാണ് ധോണിയുടെ വരവ് വൈകിച്ചതെന്നാണ് മത്സരശേഷം മാധ്യമസമ്മേളനത്തിൽ ക്യാപ്റ്റൻ കോലി പറഞ്ഞത്. മുൻനിരയെ ആശ്രയിക്കുകയെന്ന ‘പ്ലാൻ എ’യുമായി ലോകകപ്പിനെത്തിയ ഇന്ത്യയ്ക്കു സെമിവരെ കാര്യമായ പരീക്ഷണം നേരിടേണ്ടി വന്നില്ല. സെമിയിലാവട്ടെ, ധോണിയെ ഏഴാം നമ്പറിൽ ഇറക്കുക എന്ന ഒരേയൊരു പ്ലാൻ ബി ടീം മാനേജ്മെന്റ് പയറ്റി. പക്ഷേ, ധോണിയും ഒപ്പം ജ‍ഡേജയും കളി ഒരു വിധം തീരത്തടുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

∙ ധവാന്റെ പരുക്ക്

ഓപ്പണർ ശിഖർ ധവാൻ പരുക്കേറ്റു പുറത്തായതാണ് ഇന്ത്യൻ പദ്ധതികളുടെ പാളം തെറ്റിച്ചത്. അതോടെ, നാലാം നമ്പറുകാരൻ രാഹുൽ ഓപ്പണറായി. പകരം വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവരെ നാലാം നമ്പറിൽ മാറി മാറി പരീക്ഷിച്ചു. ആരും മെച്ചപ്പെട്ട പ്രകടനം നടത്തിയില്ല. ഇതോടെ, അഞ്ച്, ആറ് നമ്പറുകളിലെ ബാറ്റിങ് സമവാക്യവും മാറി. ലോകകപ്പിൽ ഇങ്ങനെയൊരു പരീക്ഷണത്തിനു മുതിരേണ്ടി വന്നത് ഇന്ത്യയ്ക്കു വലിയ തിരിച്ചടിയായി. കേദാർ ജാദവും ജാദവിനു പകരം ടീമിലെത്തിയ ദിനേഷ് കാർത്തിക്കും നിരാശപ്പെടുത്തുക കൂടി ചെയ്തതോടെ എല്ലാം പൂർത്തിയായി!

∙ നാടകാന്തം കിവിത്വം!

ദൈർഘ്യമേറിയ ടൂർണമെന്റുകളിലെ അതിജീവനം ഒരു കലയാണെന്ന് ന്യൂസീലൻഡ് ഒരിക്കൽക്കൂടി ഇന്ത്യയെ ഓർമിപ്പിക്കുകയായിരുന്നു അന്ന്. തുടക്കത്തിൽ മുന്നിലെത്തുന്നവർ ഇടയ്ക്കു പിന്നിലേക്കു പോകും; തകർന്നു തരിപ്പണമായവർ ചിലപ്പോൾ പെട്ടെന്ന് ഉയർത്തെഴുന്നേൽക്കും. അത്തരമൊന്നിനാണ് ഓൾഡ് ട്രാഫഡ് സ്റ്റേഡിയം ആ ലോകകപ്പ് സെമിയിൽ സാക്ഷ്യം വഹിച്ചത്. ആസൂത്രിതമായ ഗെയിം പ്ലാനിലൂടെ ആരെയും വീഴ്ത്താനാകുമെന്ന് വീണ്ടും കാണിച്ചു തന്നു കിവീസ്.

ടോസ് കിട്ടിയപ്പോൾത്തന്നെ അവർ പകുതി ജയിച്ചിരുന്നു. ബാറ്റിങ് ദുഷ്കരമായ വിക്കറ്റിൽ വിക്കറ്റുകളയാതെ പിടിച്ചു നിൽക്കാനാണു ചൊവ്വാഴ്ച അവർ ശ്രമിച്ചത്. സ്ലോ വിക്കറ്റിൽ 240–250 സ്കോറാണ് ലക്ഷ്യമിട്ടതും. ഇന്ത്യയെപ്പോലെ കരുത്തരായ എതിരാളികൾക്കെതിരെ താരതമ്യേന ചെറിയ സ്കോർ പ്രതിരോധിക്കുമ്പോൾ ഫീൽഡിൽ ഊർജസ്വലരാകുക എന്നതാണ് ഒന്നാമത്തെ കാര്യം. തലേന്ന് പെയ്ത മഴയുടെ ആനുകൂല്യം മുതലെടുത്ത് മികച്ച രീതിയിൽ പന്തെറിഞ്ഞ പേസർമാർക്ക് കിവീസ് ഫീൽഡർമാർ പൂർണ പിന്തുണ നൽകി. ദിനേഷ് കാർത്തിക്കിനെ പുറത്താക്കിയ ജിമ്മി നീഷമിന്റെ ഇടം കൈ ക്യാച്ച് തന്നെ ഉദാഹരണം. ചുരുക്കത്തിൽ ആ ദിവസം ന്യൂസീലൻഡിന്റേതായിരുന്നു. ഇന്ത്യയുടേതല്ലായിരുന്നു!

Engish Summary: On this day: MS Dhoni's run-out breaks million hearts as India crash out of World Cup 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com