ADVERTISEMENT

ക്രൈസ്തവ വിശ്വാസപ്രകാരം ക്രിസ്തു ജനനത്തിന്റെ മംഗളവാർത്ത കന്യാമറിയത്തെ അറിയിച്ചതു ഗബ്രിയേൽ മാലാഖയാണ്. ഇംഗ്ലണ്ട് - വെസ്റ്റിൻഡീസ് ഒന്നാം ടെസ്റ്റിൽ വിൻഡീസിന് അപ്രവചനീയ വിജയത്തിന്റെ സന്തോഷമെത്തിച്ചതു മറ്റൊരു മാലാഖയാണ്; മത്സരത്തിലാകെ 9 വിക്കറ്റെടുത്തു മാൻ ഓഫ് ദ് മാച്ചായ പേസ് ബോളർ ഷാനോൺ ഗബ്രിയേൽ. കോവിഡ് റിസർവ് സംഘത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെത്തിയ ഗബ്രിയേൽ, വിൻഡീസ് ഇലവനിലേക്ക് എത്തിയതും വിജയ മാലാഖയായതും അപ്രതീക്ഷിതമായാണ്.

∙ പരുക്കിനെ വെല്ലുവിളിച്ച്

കണങ്കാലിനേറ്റ പരുക്കുമൂലം വിശ്രമത്തിലായിരുന്ന മുപ്പത്തിരണ്ടുകാരൻ ഗബ്രിയേലിനെ റിസർവ് സംഘത്തിലാണു സിലക്ടർമാർ ഉൾപ്പെടുത്തിയത്. 2012ൽ ലോർഡ്സിൽ അരങ്ങേറ്റം നടത്തിയ താരത്തിന്റെ ഇംഗ്ലിഷ് പരിചയം ഏതെങ്കിലും ഘട്ടത്തിൽ ഉപയോഗിക്കാമല്ലോ എന്നു കരുതി. എന്നാൽ, പരിശീലന മത്സരത്തിൽ 8 വിക്കറ്റുമായി ഗബ്രി തിളങ്ങി. ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിക്കുക എന്ന ദൗത്യവുമായി ബോളിങ്ങിൽ മാത്രമല്ല, സ്ലെജിങ്ങിലും ‘മിടുക്കനായ’ ഈ ആറടി രണ്ടിഞ്ചുകാരൻ അന്തിമ ടീമിൽ ഇടംപിടിച്ചു.

∙ ഹോൾഡറും ബ്ലാക്‌വുഡും

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലിഷ് മുൻനിരയിലെ 3 പേരെ ഗബ്രിയേൽ മടക്കിയപ്പോൾ പിന്നീടുള്ള 6 പേരെ ക്യാപ്റ്റൻ ജയ്സൻ ഹോൾഡറാണു വീഴ്ത്തിയത്. അവസാനക്കാരനെ പറഞ്ഞുവിട്ട് ഗബ്രിയേൽ 4ാം വിക്കറ്റും സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ വൻ സ്കോറിലേക്കു നീങ്ങിയ ഇംഗ്ലിഷ് നിരയുടെ ‘സ്പെല്ലിങ്’ തെറ്റിച്ചത് 5 വിക്കറ്റെടുത്ത ഗബ്രിയേലാണ്. 200 റൺസ് ലക്ഷ്യവുമായി ഇറങ്ങിയപ്പോൾ ചങ്കിടിച്ചെങ്കിലും പതറാതെ നിന്ന് അടിത്തറയിട്ട
ജെർമെയ്ൻ ബ്ലാക്വുഡ് (95) - റോഷ്ടൻ ചേസ് (37) സഖ്യമാണു കരീബിയൻസിനു ജയമൊരുക്കിയത്.

∙ സ്റ്റോക്സിന്റെ ‘റൂട്ടി’ളകി

89 റൺസ്, 6 വിക്കറ്റ്. തോൽവിയിലും തല ഉയർത്തിയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മടങ്ങുന്നത്. പക്ഷേ, സഹപേസർമാർ പൂർണമായി നിരാശപ്പെടുത്തി. ബാറ്റ്സ്മാൻമാരുടേതു ശരാശരിയിൽ താഴെ പ്രകടനം. ഫലമോ, 2000നു ശേഷം ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിൽ വിൻഡീസിന് ആദ്യ ജയം. ഇനി ലക്ഷ്യം, 1988നുശേഷം ഇംഗ്ലണ്ടിൽ ആദ്യ പരമ്പര വിജയം. കുഞ്ഞിനെ കാണാൻ അവധിയെടുത്ത ജോ റൂട്ട് പക്ഷേ, അതിനു മുൻപു സ്റ്റോക്സിൽനിന്നു ക്യാപ്റ്റൻ സ്ഥാനമേറ്റെടുക്കും.

∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ വിൻഡീസിന്റെ ആദ്യ ജയമാണിത് (40 പോയിന്റ്). 360 പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്. 146 പോയിന്റുമായി ഇംഗ്ലണ്ട് 4 -ാമത്. വിൻഡീസ് 7ാം സ്ഥാനത്ത്.

∙ വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽനിന്ന് പരിചയസമ്പന്നനായ പേസ് ബോളർ സ്റ്റുവർട് ബ്രോഡിനെ ഒഴിവാക്കിയതിൽ ഖേദമില്ലെന്ന് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ടീമിൽ ഉൾപ്പെടുത്താത്തതിൽ ഒരു ഇന്റർവ്യൂവിൽ ബ്രോഡ് അമർഷം പ്രകടിപ്പിച്ചതിൽ തെറ്റില്ലെന്നും അതു സ്വാഭാവിക പ്രതികരണം മാത്രമാണെന്നും ജോ റൂട്ടിനു പകരം ഇംഗ്ലണ്ടിനെ നയിച്ച സ്റ്റോക്സ് പറഞ്ഞു.

English Summary: Shannon Gabriel, Man of England West Indies First Test Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com