ADVERTISEMENT

ലോകകപ്പ് ഫൈനലിലെ തോൽവിയിലൂടെ ന്യൂസീലൻഡ് ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവർന്ന അസാധാരണ സംഭവത്തിന് ഇന്ന് ഒരു വയസ്സ്. ലോകകപ്പ് ചരിത്രത്തിൽത്തന്നെ ഏറ്റവും വിവാദം സൃഷ്ടിച്ച കലാശപ്പോരിൽ കിരീടം നേടിയത് ആതിഥേയരായ ഇംഗ്ലണ്ടായിരുന്നെങ്കിലും, കൂടുതൽ ആരാധകരെ നേടിയത് ന്യൂസീലൻഡായിരുന്നു. ചരിത്രത്തിലാദ്യമായി നേടിയ ബൗണ്ടറികളുടെ എണ്ണം വിജയികളെ നിശ്ചയിക്കാൻ മാനദണ്ഡമാക്കിയതോടെയാണ് ഇംഗ്ലണ്ട് കിരീടം ചൂടിയത്. ബൗണ്ടറി കണക്കിൽ ജേതാക്കളെ നിശ്ചയിക്കേണ്ടി വന്നത് നാണക്കേടായതോടെ ഐസിസി പിന്നീട് ആ നിയമം തന്നെ പിൻവലിച്ചു.

മത്സരവും പിന്നാലെ സൂപ്പർ ഓവറും സമനിലയിലായതോടെയാണ് ബൗണ്ടറിക്കണക്ക് പ്രധാനമായത്. ലോഡ്സിലെ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ 8 വിക്കറ്റിന് 241 റൺസെടുത്തു. ഇംഗ്ലണ്ട് 50 ഓവറിൽ 241ന് ഓൾഔട്ടായതോടെ സമനിലയിലായി. തുടർന്നാണു സൂപ്പർ ഓവർ വേണ്ടിവന്നത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസെടുത്തു. ന്യൂസീലൻഡിന്റെ മറുപടിയും 15 റൺസിലൊതുങ്ങി. സൂപ്പർ ഓവറിലും കളി സമനിലയിലായാൽ കൂടുതൽ ബൗണ്ടറി നേടുന്ന ടീം ജയിക്കുമെന്ന നിയമം നടപ്പാക്കിയപ്പോൾ ഇംഗ്ലണ്ട് ജേതാക്കളായി.

അംപയറുടെ പിഴവിലൂടെ ഇംഗ്ലണ്ടിന് ലഭിച്ച 6 റൺസും മത്സരഫലത്തിൽ നിർണായകമായത് വിവാദത്തിന് കൂടുതൽ എരിവു പകർന്നു. ഇതേക്കുറിച്ചും പിന്നീട് ഏറെ ചർച്ചകൾ നടന്നു. അന്തിമ ഫലത്തിൽ വളരെ നിർണായകമായ ഒന്നായിരുന്നു ഇംഗ്ലണ്ടിനു ലഭിച്ച ആറു റൺസ് ഓവർ ത്രോ. ബെൻ സ്റ്റോക്സ് കളിച്ച ഷോട്ട് മാർട്ടിൻ ഗപ്ടിൽ ഫീൽഡ് ചെയ്ത് എറിഞ്ഞ ത്രോ സ്റ്റോക്സിന്റെ ബാറ്റിൽത്തട്ടി ബൗണ്ടറി കടന്നതിന് അംപയർമാർ ഇംഗ്ലണ്ടിനു നൽകിയത് ആറു റൺസായിരുന്നു. എന്നാൽ ഗപ്ടിൽ ത്രോ എറിയുമ്പോൾ ബാറ്റ്സ്മാന്മാർ പരസ്പരം ക്രോസ് ചെയ്തിരുന്നില്ലെന്നും അവിടെ അനുവദിക്കേണ്ടിയിരുന്നത് അഞ്ച് റൺസാണെന്നും മുൻ അംപയർ സൈമൺ ടോഫൽ ചൂണ്ടിക്കാട്ടി. ഇതോടെ വീണ്ടും വിവാദം പൊട്ടിപ്പുറപ്പെട്ടു.

ഇത് ഞങ്ങൾ അർഹിച്ചിരുന്നോ?

ആ കിരീടം ഇംഗ്ലണ്ട് അർഹിച്ചിരുന്നതാണോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് അവരുടെ നായകൻ ഒയിൻ മോർഗൻ തന്നെ പിന്നീട് രംഗത്തുവന്നു. ‘ജയിച്ചതുകൊണ്ട് ഒന്നും എളുപ്പമാകുന്നില്ല. ഞങ്ങൾ ശരിക്കും ഇത് അർഹിച്ചുവെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകുന്നില്ല. ഇരു ടീമുകളും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ലായിരുന്നു. ഞങ്ങൾ വിജയം അർഹിച്ചിരുന്നു. അവരും. ഞങ്ങൾക്കു തോൽക്കാനാവില്ലായിരുന്നു. അവർക്കും. ഓവർത്രോ റൺ വിവാദം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. അപ്പോൾ എല്ലാം ശരിയാണെന്നു തോന്നി. ഇപ്പോൾ ശരികേടും. കഴിഞ്ഞ ദിവസങ്ങളിൽ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനുമായി പലവട്ടം ഇക്കാര്യം സംസാരിച്ചു. രണ്ടു പേർക്കും വിശദീകരണം സാധ്യമാവുന്നില്ല’– അന്ന് മോർഗൻ പറഞ്ഞു.

new-zealand-sad-moments

ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ആ ലോകകപ്പ് ഫൈനലിൽ സംഭവിച്ച കാര്യങ്ങളിലൂടെ....

മങ്ങിക്കളിച്ച് കിവീസ്

മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു. മോശം ഫോമിലുള്ള മാർട്ടിൻ ഗപ്ടിൽ (19) പതിവുപോലെ നേരത്തേ മടങ്ങിയതോടെ ഏഴാം ഓവറിൽത്തന്നെ നായകൻ കെയ്ൻ വില്യംസൻ ക്രീസിലെത്തി. ജോഫ്ര ആർച്ചറെയും ക്രിസ് വോക്സിനോയും കരുതലോടെ നേരിട്ട ഹെൻട്രി നിക്കോൾസ്– വില്യംസൻ സഖ്യം പിടിച്ചുനിന്നതോടെ കിവീസ് ഇന്നിങ്സിനു ജീവൻവച്ചു. എന്നാൽ, മൂന്നാം സീമറായ ലിയാം പ്ലങ്കറ്റ് വില്യംസനെ (30) മടക്കിയതു നിർണായക വഴിത്തിരിവായി. പ്ലങ്കറ്റിന്റെ ക്രോസ് സീം പന്തിലെ ഗതിമാറ്റത്തിൽ ഷോട്ടു പിഴച്ച വില്യംസനെ വിക്കറ്റിനുപിന്നിൽ ജോസ് ബട്‌ലർ പിടികൂടി; ഇംഗ്ലണ്ട് കാത്തിരുന്ന വിക്കറ്റ്!

new-zealand-team-after-final

വില്യംസനു പിന്നാലെ നിക്കോൾസിനെയും (57) മടക്കിയ പ്ലങ്കറ്റ് ഇംഗ്ലണ്ട് പ്രതീക്ഷകൾ ഇരട്ടിയാക്കി. അംപയറുടെ മോശം തീരുമാനത്തിൽ റോസ് ടെ‌യ്‌ലർ (15) വിക്കറ്റിനു മുന്നിൽ കുടുങ്ങുക കൂടി ചെയ്തതോടെ കിവീസ് ചെറിയ സ്കോറിനു പുറത്താകുമെന്നുതോന്നിച്ചെങ്കിലും മധ്യനിരയിൽ ടോം ലാതത്തിന്റെ (47) പ്രകടനം അവരെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചു; നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 241 റൺസ്. പ്ലങ്കറ്റ്, മാർക്ക് വുഡ് എന്നിവർ ഇംഗ്ലണ്ടിനായി 3 വിക്കറ്റ് വീതം വീഴ്ത്തി.

∙ ഇഞ്ചോടിഞ്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെ വിജയതീരത്തേക്ക് അടുപ്പിക്കാനുള്ള ദൗത്യവുമായിറങ്ങിയ ജയ്സൻ റോയ്– ജോണി ബെയർസ്റ്റോ കൂട്ടുകെട്ട് ആറാം ഓവറിൽത്തന്നെ കിവീസ് പൊളിച്ചു. റോയിയാണ് (17) ആദ്യം മടങ്ങിയത്. ഇംഗ്ലണ്ട് 86 റൺസ് എടുക്കുന്നതിനിടെ ജോ റൂട്ട് (7), ക്യാപ്റ്റൻ ഒയിൻ മോർഗൻ (9), ജോണി ബെയർസ്റ്റോ (36) എന്നിവരെക്കൂടി പുറത്താക്കി കിവീസ് വിജയം മണത്തതാണ്. എന്നാൽ പിന്നീട് ഒത്തുചേർന്ന ബെൻ സ്റ്റോക്സ്– ജോസ് ബട്‌ലർ സഖ്യം ഇംഗ്ലണ്ടിന്റെ രക്ഷാദൗത്യം ഏറ്റെടുത്തു. ജയപരാജയങ്ങൾ പലവട്ടം മാറി മറിഞ്ഞ മത്സരത്തിൽ ബെൻ സ്റ്റോക്സിന്റെ നിശ്ചയദാർഢ്യമാണ് (98 പന്തിൽ 84 നോട്ടൗട്ട്) ഇംഗ്ലണ്ടിനെ രക്ഷിച്ചെടുത്തത്. ജോസ് ബട്‌ലറുമൊത്ത് അഞ്ചാം വിക്കറ്റിൽ 110 റൺസ് ചേർത്ത സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ മത്സരത്തിൽ തിരികെയെത്തിച്ചത്.

ന്യൂസീലൻഡിനെതിരായ ഫൈനൽ പോരാട്ടത്തിനിടെ ബെൻ സ്റ്റോക്സ്.
ന്യൂസീലൻഡിനെതിരായ ഫൈനൽ പോരാട്ടത്തിനിടെ ബെൻ സ്റ്റോക്സ്.

സ്കോറിങ് ഉയർത്താനുള്ള ശ്രമത്തിനിടെ ബട്‌ലർ (59) വീണിട്ടും സ്റ്റോക്സ് മനസ്സാന്നിധ്യം കൈവിട്ടില്ല. വാലറ്റത്തെ കൂട്ടുപിടിച്ചു പൊരുതിയ സ്റ്റോക്സ് ഇന്നിങ്സിന്റെ അവസാന പന്തിൽ ഇംഗ്ലണ്ടിന് അവിസ്മരണീയ സമനില സമ്മാനിച്ചു. ജിമ്മി നീഷം എറിഞ്ഞ 49–ാം ഓവറിലെ നാലാം പന്തിൽ് സ്റ്റോക്സിനെ പുറത്താക്കാനുള്ള സുവർണാവസരം ബോൾട്ട് നഷ്ടമാക്കിയതു മത്സരത്തിലെ വഴിത്തിരിവായി. സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ സ്റ്റോക്സിന്റെ ഷോട്ട് ബോൾട്ട് കൈപ്പിടിയിൽ ഒതുക്കിയെങ്കിലും ബോൾട്ടിന്റെ കാല് ബൗണ്ടറിലൈനിൽ തട്ടി.

∙ ഇംഗ്ലണ്ട് ജയിച്ചത് എങ്ങനെ?

ബൗണ്ടറികൾ

ഇംഗ്ലണ്ട് – 26

ന്യൂസീലൻഡ് – 17

∙ നിശ്ചിത 50 ഓവറിൽ ന്യൂസീലൻഡ് നേടിയത് 241 റൺസ്.

∙ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 241ന് പുറത്തായി. മത്സരം ടൈ (സമനില).

∙ വിജയിയെ നിർണയിക്കാൻ കളി സൂപ്പർ ഓവറിലേക്ക്.

∙ സൂപ്പർ ഓവറിൽ ഇംഗ്ലണ്ട് 15 റൺസെടുത്തു.

∙16 റൺസ് തേടിയിറങ്ങിയ ന്യൂസീലൻഡ് നേടിയത് ഒരു വിക്കറ്റിന് 15 റൺസ്.

∙ സൂപ്പർ ഓവറും ടൈ ആയി.

∙ സൂപ്പർ ഓവറും സമനിലയായാൽ ക്രിക്കറ്റിലെ നിയമം ഇങ്ങനെ – നിശ്ചിത 50 ഓവറിലും

സൂപ്പർ ഓവറിലും ഏറ്റവും കൂടുതൽ ബൗണ്ടറി (ഫോർ, സിക്സ്) നേടിയ ടീം ജയിക്കും.

∙ അതോടെ, കൂടുതൽ ബൗണ്ടറി നേടിയ ഇംഗ്ലണ്ട് ജേതാക്കൾ.

(ബൗണ്ടറികൾ: ഇംഗ്ലണ്ട് – 26, ന്യൂസീലൻഡ് –17)

English Summary: England won the 2019 World Cup after beating New Zealand in the final on July 14, thus, becoming the third team after India and Australia to win the title on home soil.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com