ADVERTISEMENT

കൊൽക്കത്ത∙ രാജ്യാന്തര ക്രിക്കറ്റിൽ ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടെന്ന അവകാശവാദവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മൂന്നു മാസത്തെ സമയവും മൂന്ന് രഞ്ജി മത്സരങ്ങളും തന്നാൽ ഇന്ത്യൻ ജഴ്സിയിൽ ടെസ്റ്റിൽ റൺസടിച്ചുകൂട്ടാൻ തനിക്കാകുമെന്നാണ് ഗാംഗുലിയുടെ വാദം. ‌ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന രാജ്യാന്തര കരിയറിന് 2008ൽ വിരാമമിട്ട താരമാണ് ഗാംഗുലി. 2011ലായിരുന്നു അവസാന ഫസ്റ്റ് ക്ലാസ് മത്സരം. കളമൊഴിഞ്ഞ് ഒൻപത് വർഷം പിന്നിടുമ്പോഴാണ് തയാറെടുപ്പിന് സമയം നൽകിയാൽ ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങാൻ തനിക്കാകുമെന്ന ഗാംഗുലിയുടെ അവകാശവാദം.

ഒരു ബംഗാളി മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിന്റെ അവസാന ഘട്ടത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ‘വീണ്ടും ഒരു അങ്കത്തിന് ബാല്യമുണ്ടെ’ന്ന് നാൽപ്പത്തെട്ടുകാരനായ ഗാംഗുലി അവകാശപ്പെട്ടത്.

‘ഏകദിനത്തിൽ രണ്ടു പരമ്പരകളിൽ കൂടി അവസരം ലഭിച്ചിരുന്നെങ്കിൽ കൂടുതൽ റൺസ് നേടാൻ എനിക്ക് സാധിക്കുമായിരുന്നു. നാഗ്പുരിൽ വച്ച് അന്ന് ഞാൻ വിരമിച്ചിരുന്നില്ലെങ്കിൽ അടുത്ത രണ്ട് ടെസ്റ്റ് പരമ്പരകളിലും കൂടുതൽ റൺസ് നേടിയേനെ. ഇപ്പോഴാണെങ്കിൽപ്പോലും എനിക്ക് പരിശീലനത്തിനായി ആറു മാസത്തെ സാവകാശം തന്നാൽ മതി, ഒരു മൂന്ന് രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കാനുള്ള അവസരവും. ഞാൻ ഇന്ത്യയ്‌ക്കായി ടെസ്റ്റിൽ റൺസ് നേടുന്നത് കാണിച്ചുതാരം. ആറു മാസം പോലും വേണ്ട, വെറും മൂന്നു മാസത്തെ സാവകാശം തന്നാൽ മതി’ – ഗാംഗുലി പറഞ്ഞു.

‘കളത്തിൽ തുടരാനോ കളിക്കാനോ നിങ്ങൾ എനിക്ക് അവസരം നൽകില്ലായിരിക്കാം. പക്ഷേ, എന്റെ ആത്മവിശ്വാസം കെടുത്താൻ നിങ്ങളെക്കൊണ്ട് കഴിയുമോ?’ – ഗാംഗുലി ചോദിച്ചു.

2007–08 സീസണിൽ ഏകദിനത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും യാതൊരു പരിഗണനയും കൂടാതെയാണ് തന്നെ ടീമിൽനിന്ന് പുറത്താക്കിയതെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി.

‘എന്നെ സംബന്ധിച്ച് തീർത്തും അവിശ്വസനീയമായിരുന്നു ആ പുറത്താക്കൽ. ആ കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒരാളായിട്ടും ഏകദിന ടീമിൽനിന്ന് എന്നെ നിർദ്ദാക്ഷിണ്യം തഴഞ്ഞു. നിങ്ങളുടെ പ്രകടനം എത്ര മികച്ചതാണെങ്കിലും വേദി ലഭിക്കുന്നില്ലെങ്കിൽ എന്തു ചെയ്യും? പിന്നെ സ്വയം തെളിയിക്കാൻ എന്തു ചെയ്യും? ആർക്കു മുന്നിൽ തെളിയിക്കും? ഇതാണ് എന്റെ കാര്യത്തിലും സംഭവിച്ചത്’ – ഗാംഗുലി വിശദീകരിച്ചു.

2005ൽ ഗ്രെഗ് ചാപ്പൽ ഇന്ത്യൻ പരിശീലകനായിരിക്കെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതിനു പിന്നാലെയാണ് ഗാംഗുലി ടീമിനു പുറത്താകുന്നത്. പിന്നീട് 2006ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തകർപ്പൻ പ്രകടനവുമായി റൺസ് വാരിക്കൂട്ടി ശക്തമായ തിരിച്ചുവരവ് നടത്തി. ഗാംഗുലിയിൽനിന്ന് കണ്ട ഏറ്റവും മികച്ച പ്രകടനമായിരുന്നു അതെന്ന് സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ സാക്ഷ്യപ്പെടുത്തിയിരുന്നു.

അതേസമയം, 2007–08 സീസണിലെ ഓസ്ട്രേലിയൻ പര്യടനത്തിൽനിന്ന് രാഹുൽ ദ്രാവിഡിനൊപ്പം ഗാംഗുലിയും തഴയപ്പെട്ടു. ഒരു വർഷത്തിനുശേഷം ഗാംഗുലി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അതേസമയം, ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും 2012 വരെ കളി തുടർന്നു. ഇന്ത്യയ്ക്കായി 113 ടെസ്റ്റുകൾ കളിച്ച ഗാംഗുലി 42.17 ശരാശരിയിൽ 7212 റൺസ് നേടി. ഇതിൽ 16 സെഞ്ചുറികളുമുണ്ട്. ഏകദിനത്തിൽ 311 മത്സരങ്ങളിൽനിന്ന് 11,363 റൺസ് നേടി. 41.02 ശരാശരിയിൽ 22 സെഞ്ചുറികൾ സഹിതമാണിത്.

English Summary: Give me three months and three Ranji games, I’ll score runs for India in Tests: Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com