ADVERTISEMENT

ന്യൂഡൽഹി∙ ഖേൽരത്ന പുരസ്കാരത്തിനു വേണ്ടിയുള്ള പട്ടികയിൽനിന്ന് തന്റെ പേര് പഞ്ചാബ് സർക്കാർ ഒഴിവാക്കിയത് അതിനുള്ള യോഗ്യത ഇല്ലാത്തതിനാലാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ഖേൽരത്ന ആദരത്തിന് യോഗ്യതയില്ലെന്ന് ഹർഭജൻ സിങ് ട്വിറ്ററിൽ പ്രതികരിച്ചു. അവാർഡിനായി ചുരുക്കപ്പട്ടിക നൽകുമ്പോൾ കഴിഞ്ഞ മൂന്നു വർഷത്തെ താരത്തിന്റെ പ്രകടനമാണു പരിഗണിക്കു‌ക. എന്നാൽ 2016ന് ശേഷം ഹർഭജന്‍ സിങ് ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.

ഖേൽരത്ന അവാർഡിനായുള്ള നിർദേശത്തിൽനിന്ന് പഞ്ചാബ് സര്‍ക്കാർ എന്റെ പേര് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അറിയാൻ നിരവധി പേരാണു വിളിച്ചുകൊണ്ടിരിക്കുന്നത്. ഖേല്‍രത്ന പുരസ്കാരത്തിന് ഏനിക്കു യോഗ്യതയില്ലെന്നതാണു സത്യം. കാരണം കഴിഞ്ഞ മൂന്നു വർഷത്തെ രാജ്യാന്തര തലത്തിലെ പ്രകടനമാണ് അതിനായി വിലയിരുത്തുക. പഞ്ചാബ് സർക്കാരിന് പേര് പിൻവലിക്കാം. അവരുടെ ഭാഗത്തു തെറ്റില്ല. ഇതു സംബന്ധിച്ചു തെറ്റിദ്ധാരണങ്ങൾ പരത്തരുതെന്ന് മാധ്യമങ്ങളിലെ സുഹൃത്തുക്കളോട് അഭ്യർഥിക്കുകയാണ്.

രേഖകൾ വൈകിയാണ് എത്തിയതെന്ന കാരണത്താൽ ഹർഭജൻ സിങ്ങിന്റെ ഖേൽരത്ന ശുപാര്‍ശ കഴിഞ്ഞ വർഷം കായിക, യുവജനക്ഷേമ മന്ത്രാലയം തള്ളിയിരുന്നു. സംഭവത്തിൽ ഇടപെടണമെന്ന് ഹർഭജൻ പഞ്ചാബ് കായിക മന്ത്രി റാണ ഗുർമീത് സിങ്ങ് സോധിയോട് അഭ്യർഥിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രത്തിലേക്കു രേഖകൾ അയയ്ക്കാന്‍ വൈകിയ സംഭവത്തിൽ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇത്തവണത്തെ അവാർഡിന് തന്നെ പരിഗണിക്കേണ്ടതില്ലെന്നു താരം തന്നെ പഞ്ചാബ് സർക്കാരിനെ അറിയിച്ചു.

ഖേൽരത്ന പുരസ്കാരത്തിനായുള്ള നാമനിർദേശവുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും താരം വ്യക്തമാക്കി. 2016 മാർച്ച് മൂന്നിന് ഏഷ്യകപ്പ് ട്വന്റി20യിൽ യുഎഇയ്ക്കെതിരെയാണ് ഹർഭജൻ സിങ് അവസാനമായി കളിക്കാനിറങ്ങിയത്. 103 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഹർഭജൻ 417 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 269 ഏകദിന വിക്കറ്റുകളും 25 ട്വന്റി20 വിക്കറ്റുകളും നേടി. 1998ലാണ് താരം ഇന്ത്യയ്ക്കായി അരങ്ങേറിയത്.

English Summary: I am not eligible for Khel Ratna, Punjab government right to withdraw my name: Harbhajan Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com