ADVERTISEMENT

മുംബൈ∙ ഐപിഎൽ മത്സരങ്ങൾ എന്നു തുടങ്ങുമെന്ന് ഇതു വരെ തീരുമാനമായില്ലെങ്കിലും ഒരുക്കങ്ങൾ ആരംഭിച്ച് ഫ്രാഞ്ചൈസികൾ. ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ യുഎഇയിൽ നടത്തിയേക്കുമെന്നു റിപ്പോർട്ടുകൾ പുറത്തുവന്നതോടെ യുഎഇയിലേക്കു താരങ്ങളെ എത്തിക്കുന്നതിനുള്ള ചാര്‍ട്ടേഡ് വിമാനങ്ങൾ കണ്ടെത്താൻ വരെ നീക്കങ്ങൾ തുടങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു പുറമേ താരങ്ങൾക്കു താമസിക്കുന്നതിനുള്ള ഹോട്ടലുകൾ തീരുമാനിക്കുന്നതിനും ഫ്രാഞ്ചൈസികൾ പ്രവർത്തനങ്ങൾ തുടരുകയാണ്.

ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ചാണ് ഐപിഎല്‍ മത്സരങ്ങൾ യുഎഇയില്‍ നടത്താൻ ബിസിസിഐ ആലോചിക്കുന്നത്. യുഎഇയിൽ ഇതിനു മുൻപും ഇന്ത്യയ്ക്കായി ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്. 2014 ഐപിഎൽ സീസണിൽ 20 മത്സരങ്ങൾ നടന്നത് യുഎഇയിലാണ്. 2018 ഏഷ്യ കപ്പ് മത്സരങ്ങളും യുഎഇയിൽ നടത്തി. യുഎഇയില്‍ മത്സരങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതായി ചില ടീ‌മുകളുടെ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. താരങ്ങളെയും പരിശീലകരെയും മറ്റ് ഉദ്യോഗസ്ഥരെയും യുഎഇയില്‍ സുരക്ഷിതമായി എത്തിക്കുന്നതിന് ചാർട്ടേഡ് വിമാനങ്ങൾ കണ്ടെത്തുന്നതിനാണു ടീമുകള്‍ മുഖ്യപ്രാധാന്യം നല്‍കുന്നത്.

എല്ലാ ടീമുകളുമില്ലെങ്കിലും മിക്ക ടീമുകളും വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിനായി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഓഗസ്റ്റ് അവസാനത്തോടെയെങ്കിലും വിമാന സർവീസുകൾ തുടങ്ങുമോയെന്ന കാര്യം അറിയില്ല. ഓഗസ്റ്റ് അവസാനത്തോടെയോ, അല്ലെങ്കിൽ സെപ്റ്റംബർ ആദ്യ ആഴ്ചയോ തന്നെ യുഎഇയിൽ എത്താനാണു ടീമുകളുടെ നീക്കം. 35 മുതൽ 40 വരെ പേരാണ് ഓരോ ടീമുകളിൽനിന്നും യുഎഇയിലേക്കു തിരിക്കാനുള്ളത്. അങ്ങനെയെങ്കിൽ നിലവിലെ സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങളാണു നല്ലത്. യുഎഇയിലേക്കു പോകുന്നതിനു മുൻപ് താരങ്ങളെ രണ്ടാഴ്ച ഐസലേഷനില്‍ പാർപ്പിക്കണമെന്നാണ് ടീമുകളുടെ നിലപാട്. താരങ്ങൾ കോവിഡ് പരിശോധനകൾക്കു വിധേയരാകേണ്ടിവരും. വിദേശ താരങ്ങൾ നേരിട്ട് യുഎഇയിലേക്ക് എത്തുന്നതാകും നല്ലതെന്നും ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു വാർത്താ ഏജൻസിയോടു പറഞ്ഞു.

ബിസിസിഐയുടെ യോഗം വെള്ളിയാഴ്ച നടന്നിരുന്നെങ്കിലും ഐപിഎല്ലിന്റെ കാര്യത്തിൽ പ്രഖ്യാപനങ്ങളൊന്നുമുണ്ടായിരുന്നില്ല. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് നടത്തുന്നതിൽ ഐസിസിയുടെ നിലപാടിനായി കാത്തിരിക്കുകയാണ് ബിസിസിഐ. ഐപിഎല്‍ നടത്താൻ താൽപര്യം പ്രകടിപ്പിച്ച് ശ്രീലങ്കയും മുന്നോട്ടുവന്നിട്ടുണ്ട്. എന്നാൽ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റുന്നതിൽ ബിസിസിഐയ്ക്കു താൽപര്യമില്ല. ഐപിഎൽ മത്സര ക്രമം ബിസിസിഐ പ്രഖ്യാപിച്ചാലുടനെ പരിശീലന ക്യാംപുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണു ടീമുകൾ.

English Summary: IPL franchises planning to hire chartered planes to ferry players, want isolation period in India: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com