ADVERTISEMENT

ജമൈക്ക∙ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന്റെ മഹത്വം വെളിപ്പെടുത്തുന്ന ഹൃദ്യമായൊരു അനുഭവം പങ്കുവച്ച് വെസ്റ്റിൻഡീസ് മുൻ ബോളർ ടിനോ ബെസ്റ്റ്. ഇന്ത്യൻ താരങ്ങൾക്കെതിരെ ബോൾ ചെയ്യുമ്പോഴുള്ള അനുഭവം പങ്കുവയ്ക്കുമ്പോഴാണ് ദ്രാവിഡുമായി ബന്ധപ്പെട്ട് മറക്കാനാകാത്തൊരു സംഭവം ബെസ്റ്റ് വിവരിച്ചത്. ഇന്ത്യ–വെസ്റ്റിൻഡീസ് മത്സരത്തിനിടെ രാഹുൽ ദ്രാവിഡിനെതിരെ ആദ്യമായി പന്തെറിയാൻ അവസരം ലഭിച്ചപ്പോഴായിരുന്നു ഇത്. 2005ൽ ശ്രീലങ്ക കൂടി ഉൾപ്പെട്ട ത്രിരാഷ്ട്ര ടൂർണമെന്റിനിടെയാണ് ഇന്ത്യയും വെസ്റ്റിൻഡീസും ഏറ്റുമുട്ടിയത്.

‘2005ലെ ഇന്ത്യൻ ഓയിൽ കപ്പിനിടെയാണ് ഇന്ത്യൻ താരങ്ങൾക്കെതിരെ ആദ്യമായി ബോൾ ചെയ്യാൻ എനിക്ക് അവസരം കിട്ടുന്നത്. അന്ന് രാഹുൽ ദ്രാവിഡിനെതിരെ ബോൾ ചെയ്യുമ്പോഴുണ്ടായ അനുഭവം ഒരിക്കലും മറക്കില്ല. എന്റെ ഒരു ഓവറിൽ ദ്രാവിഡ് തുടർച്ചയായി മൂന്നു ഫോറടിച്ചു. മത്സരത്തിനുശേഷം എന്റെ അടുത്തെത്തിയ ദ്രാവിഡ്, ബോളിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചുതന്നു’ – ‘സ്പോർട്സ്കീഡ’യ്ക്ക് നൽകിയ അഭിമുഖത്തിൽ ബെസ്റ്റ് വിശദീകരിച്ചു.

‘അന്ന് അദ്ദേഹം എന്നോടു പറഞ്ഞു: താങ്കളുടെ ഊർജസ്വലത എനിക്ക് ഇഷ്ടമായി. അതേ ആവേശത്തോടെ തുടർന്നും പന്തെറിയുക. കുറച്ച് ഫോറടിച്ചതിന്റെ പേരിൽ ആവേശവും ഊർജവും കൈവിടരുത് – ഇതായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ലാളിത്യത്തിൽ എനിക്കന്ന് അതിയായ ബഹുമാനം തോന്നി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് എക്കാലവും എനിക്ക് അതിയായ ആദരവുണ്ട്. ഒരിക്കൽ യുവരാജ് സിങ് അദ്ദേഹത്തിന്റെ ബാറ്റ് എനിക്ക് സമ്മാനമായി തന്നത് ഓർയുണ്ട്’ – ടിനോ ബെസ്റ്റ് പറഞ്ഞു.

ദ്രാവിഡിനു പുറമെ സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സേവാഗ്, വി.വി.എസ്. ലക്ഷ്മൺ, സൗരവ് ഗാംഗുലി തുടങ്ങിയ സൂപ്പർതാരങ്ങൾക്കെതിരെ ടെസ്റ്റിലും ഏകദിനത്തിലും ബോൾ ചെയ്തിട്ടുള്ള താരമാണ് ബെസ്റ്റ്. ഈ താരങ്ങളുടെയെല്ലാം എളിമയുള്ള പെരുമാറ്റം ഹൃദ്യമാണെന്ന് ബെസ്റ്റ് വിശദീകരിച്ചു.

‘ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമൊത്തുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു കാര്യം ഉറപ്പിച്ചു പറയാം. അവരുടെ പെരുമാറ്റം വളരെ ഹൃദ്യമാണ്. രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ള അന്നത്തെ താരങ്ങളെല്ലാം എത്ര മാന്യമായാണ് എല്ലാവരോടും ഇടപെട്ടിരുന്നത്. നൂറു കോടിയിലധികം ആളുകളുടെ പിന്തുണയുള്ളതിന്റെ യാതൊരു അഹങ്കാരവും അവരുടെ ഇടപെടലുകളിൽ ഉണ്ടായിരുന്നില്ല. അവരുടെ ആ ലാളിത്യവും എളിമയുമാണ് എന്നെ എന്നും ആകർഷിച്ചത്. മോശം അന്തരീക്ഷത്തിൽ ഒരിക്കൽപ്പോലും ഇന്ത്യൻ ടീമിനെ ഞാൻ കണ്ടിട്ടില്ല. ഏറ്റവും ബഹുമാനത്തോടെയാണ് അവർ ക്രിക്കറ്റിനെ സമീപിച്ചിട്ടുള്ളത്’ – ബെസ്റ്റ് വ്യക്തമാക്കി.

English Summary: Former West Indies pacer Tino Best lauds India great Rahul Dravid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com