ADVERTISEMENT

ചെന്നൈ∙ സച്ചിനും ദ്രാവിഡും ലക്ഷ്മണും സേവാഗും ഗംഭീറും യുവരാജുമെല്ലാം ഉൾപ്പെട്ട സുവർണ തലമുറയുടെ കാലത്ത് ടീമിലെത്തിയതിനാലാണ് രാജ്യാന്തര ക്രിക്കറ്റിൽ വിജയിക്കാനാകാതെ പോയതെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് താരം എസ്. ബദരീനാഥ്. ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ബദരീനാഥ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ടീമിൽ തുടരാൻ ആവതു ശ്രമിച്ചെങ്കിലും സൂപ്പർതാരങ്ങൾ തിങ്ങിനിറഞ്ഞ ടീമിൽ പിടിച്ചുനിൽക്കാനായില്ലെന്ന് ബദരീനാഥ് വെളിപ്പെടുത്തി. ബോളിങ്ങിൽ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഓൾറൗണ്ടറായിട്ടെങ്കിലും ടീമിൽ പിടിച്ചുനിൽക്കാമായിരുന്നുവെന്നും ബദരീനാഥ് അഭിപ്രായപ്പെട്ടു.

ആഭ്യന്തര ക്രിക്കറ്റിൽ പേരെടുത്ത താരമായിരുന്നെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോർമാറ്റുകളിലായി 10 മത്സരങ്ങൾ മാത്രം കളിക്കാൻ അവസരം ലഭിച്ച താരമാണ് സുബ്രഹ്മണ്യം ബദരീനാഥ് എന്ന എസ്. ബദരീനാഥ്. രണ്ട് ടെസ്റ്റും ഏഴ് ഏകദിനവും ഒരേയൊരു ട്വന്റി20 മത്സരവുമാണ് ബദരീനാഥ് ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. 2008ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ താരം,  2011 ജൂൺ 13ന് വെസ്റ്റിൻഡീസിനെതിരായ ഏകദിനത്തോടെ കളമൊഴിഞ്ഞു. ട്വന്റി20യിൽ കളിച്ച ഒരേയൊരു മത്സരത്തിൽ മാൻ ഓഫ് ദ് മാച്ചായെങ്കിലും പിന്നീട് അവസരം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് സൂപ്പർതാരങ്ങളുടെ ബാഹുല്യമാണ് ഇന്ത്യൻ ടീമിൽ അധികകാലം തുടരാനാകാതെ പോയതിനു പിന്നിലെന്ന ബദരീനാഥിന്റെ തുറന്നുപറച്ചിൽ.

‘ടീമിൽ നിൽക്കാൻ എന്നേക്കൊണ്ട് ആകുന്നതെല്ലാം ചെയ്തതാണ്. അന്നത്തെ ബാറ്റിങ് യൂണിറ്റ് സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ, വീരേന്ദർ സേവാഗ്, ഗൗതം ഗംഭീർ, യുവരാജ് സിങ് തുടങ്ങിയ താരങ്ങളാൽ അതി സമ്പന്നമായിരുന്നു’ – ബദരീനാഥ് ചൂണ്ടിക്കാട്ടി.

‘അന്ന് ബോളിങ്ങിൽ അൽപം കൂടി ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. അങ്ങനെയെങ്കിൽ ടീമിലെ ഓൾറൗണ്ടർ സ്ഥാനത്തേക്ക് ഒരു കൈ നോക്കാമായിരുന്നു. ഭേദപ്പെട്ട രീതിയിൽ ബോൾ ചെയ്യുന്ന ഒരു ഓഫ് സ്പിന്നറായിരുന്നു ഞാൻ. വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്’ – ബദരീനാഥ് പറഞ്ഞു.

‘ആ സമയത്ത് ടീമിൽ തുടരാൻ ആരുടെയും സഹായം ലഭിച്ചില്ലെന്നതും സത്യമാണ്. ബാറ്റിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ബോളിങ് കൂടി മെച്ചപ്പെടുത്തിയിരുന്നെങ്കിൽ മൂന്നാം സ്പിന്നറെന്ന നിലയിൽ ആറാം നമ്പറിലോ ഏഴാം നമ്പറിലോ ബാറ്റു ചെയ്യാനിറങ്ങുന്ന ഓൾറൗണ്ടറുടെ സ്ഥാനമെങ്കിലും കിട്ടുമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. ബാറ്റിങ്ങിന്റെ കാര്യത്തിൽ കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. എന്റെ പരമാവധി ഞാൻ ശ്രമിച്ചതാണ്’ – ബദരീനാഥ് പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തമിഴ്നാടിനായി 10,000 റണ്‍സിലധികം നേടിയിട്ടുള്ള താരമാണ് ബദരീനാഥ്. പക്ഷേ, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ചപ്പോഴാണ് ബദരീനാഥ് കൂടുതൽ ആരാധകരെ സമ്പാദിച്ചത്. ഐപിഎല്ലിൽ 95 മത്സരങ്ങളിൽനിന്ന് 30.65 ശരാശരിയിൽ 1441 റൺസ് നേടിയിട്ടുണ്ട്. ആദ്യ രണ്ടു സീസണുകളിൽ പ്രകടനം അത്ര മെച്ചമായില്ലെങ്കിലും അടുത്ത രണ്ട് സീസണുകളിലായി ആ കേടു തീർത്താണ് ബദരീനാഥ് കയ്യടി നേടിയത്.

‘ട്വന്റി20 ക്രിക്കറ്റിൽ പന്ത് ആകാശത്തേക്ക് ഉയർത്തിയടിച്ച് സിക്സർ നേടുന്നതാണ് എല്ലാം എന്ന് ചിന്തിക്കുന്നവരുണ്ട്. അത് തെറ്റാണ്. അടിസ്ഥാനം ഉറച്ച ക്രിക്കറ്റ് താരമാണ് നിങ്ങളെങ്കിൽ ഏതു കളിയിലും ശോഭിക്കാനാകുമെന്നാണ് എന്റെ അനുഭവം. കെയ്ൻ വില്യംസൻ തന്നെയാണ് അതിന്റെ ഏറ്റവും മികച്ച ഉദാഹരണം. അദ്ദേഹം പരമ്പരാഗത രീതിയിൽ കളിക്കുന്ന ബാറ്റ്സ്മാനാണ്. അതേസമയം, ട്വന്റി20യിലും അദ്ദേഹത്തിന് ശോഭിക്കാനായി. മൈക്കൽ ഹസ്സിയുടെ കാര്യവും സമാനമാണ്’ – ബദരീനാഥ് ചൂണ്ടിക്കാട്ടി.

English Summary: I tried everything but the batting was packed with Sachin, Rahul, Laxman, Sehwag: Former India cricketer S Badrinath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com