ADVERTISEMENT

ബെംഗളൂരു∙ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും സാങ്കേതിക തികവാർന്ന ബാറ്റ്സ്മാൻമാരിൽ ഒരാളായി ഗണിക്കപ്പെടുന്ന താരമാണ് രാഹുൽ ദ്രാവിഡ്. സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന്റെ കാലത്ത് ‌സജീവമായിരുന്നിട്ടു പോലും ഇന്ത്യൻ ക്രിക്കറ്റിലും ലോക ക്രിക്കറ്റിലും വ്യക്തിമുദ്ര പതിപ്പിച്ചു കടന്നുപോയ താരം. ഏകദിനത്തിലും ടെസ്റ്റിലും 10,000 റൺസ് പിന്നിട്ട അപൂർവ പ്രതിഭാശാലികളിൽ ഒരാൾ. കണക്കുകളിൽ സമാനതകൾ അധികമില്ലാത്ത താരമാണെങ്കിലും, തന്റെ ശൈലി ഏകദിനത്തിന് ചേരില്ലെന്ന് ചിന്തിച്ച് വേദനിച്ച ഒരു കാലം ദ്രാവിഡിന്റെ കരിയറിലുമുണ്ട്.

1998ൽ ഏകദിന ടീമിൽനിന്ന് തഴയപ്പെട്ട കാലത്തായിരുന്നു ഇത്. തുടർന്ന് ഒരു വർഷത്തോളം കാലമാണ് ഇന്ത്യൻ ഏകദിന ടീമിൽ ഇടംലഭിക്കാതെ ദ്രാവിഡ് പുറത്തുനിന്നത്. വേഗം കുറഞ്ഞ ബാറ്റിങ് ശൈലി നിമിത്തം സ്ട്രൈക്ക് റേറ്റ് തീരെ താഴ്ന്നുപോയതാണ് ആ സമയത്ത് ദ്രാവിഡിനെ ടീമിനു പുറത്താക്കിയത്. അന്ന് ഏകദിനത്തിന് തന്നെ കൊള്ളില്ലെന്ന ചിന്ത സ്വന്തം മനസ്സിൽ ശക്തമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ദ്രാവിഡ്. മുൻ ഇന്ത്യൻ താരം ഡബ്ല്യു.വി. രാമനുമായി അദ്ദേഹത്തിന്റെ യുട്യൂബ് ചാനലായ ‘ഇൻസൈഡ് ഔട്ടി’ൽ നടത്തിയ ചാറ്റിലാണ് ദ്രാവിഡിന്റെ വെളിപ്പെടുത്തൽ.

‘എന്റെ കരിയറിൽ പല ഘട്ടങ്ങളുണ്ട്. 1998ൽ ഇന്ത്യൻ ഏകദിന ടീമിൽനിന്ന് ഞാൻ പുറത്തായി. തുടർന്ന് ടീമിൽ തിരിച്ചെത്താൻ എനിക്ക് ശക്തമായി പോരാടേണ്ടി വന്നു. ഏതാണ്ട് ഒരു വർഷത്തോളം ഞാൻ ടീമിനു പുറത്തായിരുന്നു. ഏകദിന ഫോർമാറ്റിന് എന്നെ കൊള്ളില്ലെന്ന ചിന്ത മനസ്സിൽ ശക്തമായിരുന്നു. ടെസ്റ്റ് താരമാകാൻ കൊതിച്ച് ക്രിക്കറ്റിലേക്ക് വന്നയാളാണ് ഞാൻ. ടെസ്റ്റ് താരമാകാനാണ് പരിശീലിച്ചിരുന്നതും. പന്ത് നിലംകൂട്ടി അടിക്കുക. വായുവിലേക്ക് ഉയർത്തി അടിക്കാതിരിക്കുക എന്നിങ്ങനെയായിരുന്നു ഞാൻ പഠിച്ച പാഠങ്ങൾ’– ദ്രാവിഡ് വെളിപ്പെടുത്തി.

ക്രിക്കറ്റ് കരിയറിലെ വളർച്ചയുടെ പല ഘട്ടങ്ങളിലും ഇത്തരം അരക്ഷിതാവസ്ഥ നേരിട്ടിട്ടുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ‘കരിയറിൽ ഇത്തരം അരക്ഷിതാവസ്ഥകളിലൂടെ പലകുറി കടന്നുപോയി. ഇന്ത്യയിൽ യുവതാരമെന്ന നിലയിൽ നിലനിൽപ്പ് അത്ര എളുപ്പമല്ല. ആഭ്യന്തര ക്രിക്കറ്റിൽ ശക്തമായ മത്സരമാണുള്ളത്. ഞാനൊക്കെ വളർന്നുവന്ന കാലത്ത് ഈ മത്സരം വളരെ കൂടുതലായിരുന്നു. അന്ന് ഇന്ത്യൻ ടീമിലേക്കുള്ള വഴിയിൽ ആകെയുണ്ടായിരുന്നത് രഞ്ജി ട്രോഫി മാത്രമാണ്. ഇന്നത്തേതുപോലെ ഐപിഎല്ലൊന്നുമില്ല’ – ദ്രാവിഡ് ചൂണ്ടിക്കാട്ടി.

‘അന്ന് രഞ്ജി ട്രോഫിയിൽനിന്നുള്ള വരുമാനം പോലും തീർത്തും തുച്ഛമായിരുന്നു. മത്സരം അത്രയ്ക്ക് കടുത്തതായിരുന്നു. പഠിത്തത്തിൽ ഞാൻ തീർത്തും മോശമൊന്നുമായിരുന്നില്ല. അങ്ങനെയൊരു വഴി വേണ്ടെന്നുവച്ചിട്ടാണ് നമ്മൾ ക്രിക്കറ്റ് തിരഞ്ഞെടുത്തതെന്ന് ഓർക്കണം. വേണമെങ്കിൽ എംബിഎയോ മറ്റോ പഠിച്ച് മുന്നോട്ടുപോകാമായിരുന്നു’ – ദ്രാവിഡ് പറഞ്ഞു.

‘പഠിത്തം പോലും ഉപേക്ഷിച്ചാണ് അന്ന് ക്രിക്കറ്റ് ഞാൻ തിരഞ്ഞെടുത്തത്. ക്രിക്കറ്റിൽ രക്ഷപ്പെട്ടില്ലെങ്കിൽ ജീവിതം തന്നെ വഴിമുട്ടുന്ന അവസ്ഥ. അതുകൊണ്ടുതന്നെ പ്രതിസന്ധികളുണ്ടാകുമ്പോൾ കടുത്ത അരക്ഷിതാവസ്ഥയായിരുന്നു മുന്നിൽ. ഇത്തരം അനുഭവങ്ങൾ പുതിയ തലമുറയിലെ താരങ്ങളുമായി ഇടപഴകുമ്പോൾ എന്നെ സഹായിക്കുന്നുണ്ട്. അവർ കടന്നുപോകുന്ന പ്രതിസന്ധികൾ വേഗം മനസ്സിലാക്കാൻ എനിക്കാകും’– ദ്രാവിഡ് പറഞ്ഞു.

‘സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം എന്തു ചെയ്യണമെന്ന് വ്യക്തമായ തീരുമാനമെടുക്കാനാകാതെ ഉഴറിയ തനിക്ക്, ഏറ്റവും സഹായകമായത് മുൻ താരം കപിൽ ദേവിന്റെ ഒരു ഉപദേശമാണെന്നും ദ്രാവിഡ് വെളിപ്പെടുത്തി.

‘ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം എന്തു ചെയ്യണമെന്ന കാര്യത്തിൽ എനിക്ക് വ്യക്തതയുണ്ടായിരുന്നില്ല. പല വഴികളും മുന്നിലുണ്ടായിരുന്നെങ്കിലും ഏതു തിരഞ്ഞെടുക്കണമെന്ന് അറിയാത്ത അവസ്ഥ. കരിയറിന്റെ അവസാന ഘട്ടത്തിൽ കപിൽ ദേവ് നൽകിയൊരു ഉപദേശമാണ് എന്നെ സഹായിച്ചത്. വിരമിച്ചതിനുശേഷം നേരെ എന്തിലേക്കെങ്കിലും എടുത്തു ചാടരുത്. കുറച്ചുകാലം വ്യത്യസ്തമായ ജോലികളിൽ മുഴുകുക. അപ്പോൾ നിങ്ങളുടെ ഇഷ്ടങ്ങൾ തെളിഞ്ഞുകിട്ടും’ – ഇതായിരുന്നു കപിലിന്റെ വാക്കുകൾ. കരിയറിന്റെ അവസാന ഘട്ടത്തിൽ രാജസ്ഥാൻ റോയൽസിൽ ക്യാപ്റ്റൻ – പരിശീലകൻ രീതിയിലുള്ള റോളായിരുന്നു എനിക്ക്. അത് ഭാഗ്യമായി’ – ദ്രാവിഡ് പറഞ്ഞു.

English Summary: Rahul Dravid reveals how Kapil Dev's advice helped him choose coaching after his retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com