ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ എഡിഷൻ ഇത്തവണ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ നടന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, അങ്ങനെ സംഭവിച്ചാൽ ഇക്കുറി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വ്യത്യസ്തമായൊരു മുഖം കാണാമെന്ന് പ്രവചനം. മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയാണ് ഇത്തരമൊരു പ്രവചനം നടത്തിയത്. ഈ വർഷം ഐപിഎൽ യുഎഇയിൽ നടന്നാൽ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരായിരിക്കുമെന്നാണ് ചോപ്രയുടെ വാദം. തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ചോപ്ര ഇക്കാര്യം സമർഥിക്കുന്നത്.

ഒരു ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് ചോപ്ര നിലപാട് വ്യക്തമാക്കിയത്. ഇത്തവണ ഐപിഎൽ യുഎഇയിൽ നടന്നാൽ അത് ബാറ്റ്സ്മാൻമാർക്ക് എപ്രകാരമാകും തിരിച്ചടിയാകുക എന്നായിരുന്നു ഒരു ചോദ്യം. യുഎഇയിലെ കനത്ത ചൂട് ഒരുപക്ഷേ, താരങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ചോപ്ര മറുപടി നൽകി.

‘പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷേ, അവിടുത്തെ ചൂട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടേണ്ടി വരും. നിലവിൽ അവിടുത്തെ കാലാവസ്ഥ മികച്ചതാണ്. പക്ഷേ, വളരെ ചൂടുള്ള പ്രദേശമാണ് അവിടം. സെപ്റ്റംബറും ഒക്ടോബറും അത്ര പ്രശ്നമുള്ള സമയമല്ലെന്നു തോന്നുന്നു’ – ചോപ്ര പ്രതികരിച്ചു.

ചുരുങ്ങിയ സമയത്തിനുള്ളിൽ ടൂർണമെന്റ് നടത്തേണ്ടതുള്ളതുകൊണ്ട് മിക്ക ദിവസങ്ങളിലും ഒരേസമയം രണ്ടു മത്സരങ്ങൾ വീതം സംഘടിപ്പിക്കേണ്ടി വരുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ‘സെപ്റ്റംബർ 26ന് ആരംഭിച്ച് നവംബർ ഏഴിന് അവസാനിക്കുന്ന രീതിയിൽ ഐപിഎൽ ക്രമീകരിച്ചാൽ, പ്ലേ ഓഫ് നടക്കുന്ന ആഴ്ചയുൾപ്പെടെ ഏതാണ്ട് ആറ് ആഴ്ചയാണ് ടൂർണമെന്റിന് ലഭിക്കുക. ലീഗ് ഘട്ടം അഞ്ച് ആഴ്ചകൊണ്ട് തീർക്കേണ്ടി വന്നാൽ ഒരേ സമയത്ത് രണ്ടു മത്സരങ്ങൾ കൂടുതലായി നടത്തേണ്ടി വരും’ – ചോപ്ര ചൂണ്ടിക്കാട്ടി.

താരതമ്യേന ദുർബലമായ ബോളിങ് നിരയുള്ള ടീമുകൾക്കാകും യുഎഇയിൽ ഐപിഎൽ നടക്കുന്നത് ഗുണകരമാകുക എന്നാണ് ചോപ്രയുടെ നിലപാട്. അതുകൊണ്ടുതന്നെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഈ പട്ടികയിൽ ഒന്നാമതു വരുന്നു.

‘ബാറ്റിങ് സാഹചര്യങ്ങൾ പ്രത്യേകിച്ച് എന്തെങ്കിലും വ്യത്യാസമുണ്ടാക്കുമെന്ന് തോന്നുന്നില്ല. സത്യത്തിൽ ചില ടീമുകൾക്ക് ഇത് വളരെ ഗുണകരമാകും. റോയൽ ചാലഞ്ചേഴ്സിന്റെ കാര്യം ഉദാഹരണമായെടുക്കാം. അവിടെ ഗ്രൗണ്ടുകൾ താരതമ്യേന വലുതാണ്. അതുകൊണ്ട് ബോളിങ് അൽപം ദുർബലമാണെങ്കിലും അത്ര പ്രശ്നമാകാനിടയില്ല. റോയൽ ചാലഞ്ചേഴ്സ് അവിടെ കരുത്തു കാട്ടാൻ സാധ്യതയേറെയാണ്’ – ചോപ്ര വിലയിരുത്തി.

ഐപിഎൽ യുഎഇയിൽ നടന്നാൽ മികച്ച സ്പിന്നർമാരുള്ള ടീമുകൾക്കും ഗുണം ലഭിക്കുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ‘മികച്ച സ്പിന്നർമാരുള്ള ടീമുകൾക്കും സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ചെന്നൈ സൂപ്പർ കിങ്സ് ഒരിക്കൽക്കൂടി സൂപ്പർ കിങ്സാകും. കിങ്സ് ഇലവൻ പഞ്ചാബിനും ഈ വേദി വളരെ സഹായകമാകും. പ്രത്യേകിച്ചും ഗ്ലെൻ മാക്സ്‌വെല്ലിന് യുഎഇയിലെ വേദികളിലുള്ള റെക്കോർഡ് പരിഗണിക്കുമ്പോൾ’ – ചോപ്ര ചൂണ്ടിക്കാട്ടി.

English Summary: 'RCB might actually do well if IPL is held in UAE' - Aakash Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com