ADVERTISEMENT

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയും പരിശീലകനായിരുന്ന ഓസ്ട്രേലിയക്കാരൻ ഗ്രെഗ് ചാപ്പലും തമ്മിലുള്ള തർക്കങ്ങളും പ്രശ്നങ്ങളും ഇന്ത്യൻ ക്രിക്കറ്റിലെ പരസ്യമായ രഹസ്യമാണ്. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നുള്ള ഗാംഗുലിയുടെ പടിയിറക്കവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇന്നും ചൂടുള്ള ചർച്ചാവിഷയവുമാണ്. ഇതിനിടെ, അന്നത്തെ പ്രശ്നങ്ങളിൽ തന്റെ നിലപാട് ഒരിക്കൽക്കൂടി തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിലവിൽ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി. 2005ൽ തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ഒരു ബംഗാളി ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഗാംഗുലി തുറന്നുപറഞ്ഞത്.

2005ൽ സിംബാബ്‌വെ പര്യടനത്തിനുശേഷം തിരിച്ചെത്തിയതിനു പിന്നാലെയാണ് ഗാംഗുലിക്ക് ടീമിലെ സ്ഥാനം നഷ്ടമായത്. എന്നാൽ, അന്നത്തെ പുറത്താക്കലുകൊണ്ട് തന്റെ ആത്മവിശ്വാസം ഒരിക്കലും നഷ്ടമായിട്ടില്ലെന്നാണ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ. ഇതിനിടെ പരിശീലകൻ ഗ്രെഗ് ചാപ്പലിനെ പരോക്ഷമായി ഒന്നു ‘കുത്തുകയും’ ചെയ്തു.

‘ഇല്ല. എനിക്കൊരിക്കലും ആത്മവിശ്വാസം കൈമോശം വന്നിട്ടില്ല. എന്നെ കളിപ്പിച്ചാൽ ഇനിയും റൺസ് നേടാനാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ കോച്ച് (ഗ്രെഗ് ചാപ്പൽ) മധ്യനിരയിൽ ബാറ്റു ചെയ്യുമ്പോൾ വസിം അക്രം, ഗ്ലെൻ മഗ്രോ, ശുഐബ് അക്തർ തുടങ്ങിയവരെ നേരിടുകയോ അവർക്കെതിരെ റൺസ് നേടുകയോ ചെയ്തിട്ടില്ല. 10 വർഷം തുടർച്ചയായി ഇവരെയൊക്കെ നേരിട്ട് റൺസ് സ്കോർ ചെയ്യാമെങ്കിൽ വീണ്ടും അവസരം ലഭിച്ചാലും അതു തുടരാമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു’ – ഗാംഗുലി വ്യക്തമാക്കി.

ടീമിൽനിന്ന് പുറത്തായത് നിരാശപ്പെടുത്തിയെങ്കിലും, തന്റെ ആത്മവിശ്വാസത്തെ അത് ഒട്ടും ബാധിച്ചിട്ടില്ലെന്നും ഗാംഗുലി വിശദീകരിച്ചു. ‘ടീമിൽനിന്ന് പുറത്തായപ്പോൾ എനിക്ക് കടുത്ത നിരാശ തോന്നിയിരുന്നു. പക്ഷേ, ഒരു സെക്കൻഡ് നേരത്തേക്കു പോലും ആത്മവിശ്വാസം കൈമോശം വന്നിട്ടില്ല’ – ഗാംഗുലി പറഞ്ഞു.

311 ഏകദിനങ്ങളിൽനിന്ന് 22 സെഞ്ചുറികൾ സഹിതം 11,363 റൺസ് നേടിയ താരമാണ് ഗാംഗുലി. 113 ടെസ്റ്റുകളിൽനിന്ന് 42.17 ശരാശരിയിൽ 7212 റൺസും നേടി. ഇതിൽ 16 സെഞ്ചുറികളും ഉൾപ്പെടുന്നു. അതേസമയം, താൻ ടീമിൽനിന്ന് പുറത്താകാൻ കാരണം ചാപ്പൽ മാത്രമല്ലെന്നും ഗാംഗുലി വ്യക്തമാക്കി.

‘ടീമിൽനിന്ന് പുറത്തായതിന് ചാപ്പലിനെ മാത്രം കുറ്റപ്പെടുത്താൻ ഞാനില്ല. അദ്ദേഹമാണ് എല്ലാറ്റിനും തുടക്കമിട്ടത് എന്ന കാര്യത്തിൽ തർക്കമില്ല. ഒരു ദിവസം അപ്രതീക്ഷിതമായാണ് അദ്ദേഹം എനിക്കെതിരെ ബിസിസിഐയ്ക്ക് ഇമെയിൽ അയച്ചത്. അത് ചോരുകയും ചെയ്തു. ഇതുപോലൊന്ന് വേറെ എവിടെയെങ്കിലും നടക്കുമോ? ക്രിക്കറ്റ് ടീം എന്നു പറഞ്ഞാൽ ഒരു കുടുംബം പോലെയാണ്. അവിടെ അഭിപ്രായ വ്യത്യാസങ്ങളും സ്വർച്ചേർച്ചയില്ലായ്മയും ഉണ്ടാകാം. അത് ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്. പരിശീലകനെന്ന നിലയിൽ ഞാൻ ഏതു രീതിയിലാണ് കളിക്കേണ്ടതെന്ന കാര്യത്തിൽ നിങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് നേരെ വന്ന് പറയണം. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറി ഞാന്‍ കളിക്കാരനെന്ന നിലയിൽ ടീമിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അക്കാര്യം പറഞ്ഞു. പക്ഷേ, എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല’ – ഗാംഗുലി ചോദിച്ചു.

2005ൽ ഇന്ത്യൻ ടീമിൽനിന്ന് പുറത്തായ ഗാംഗുലി പിന്നീട് 2006ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലൂടെയാണ് തിരിച്ചെത്തിയത്. രാജ്യാന്തര ക്രിക്കറ്റിൽ ഗാംഗുലിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ചിലത് അതിനുശേഷമാണ് സംഭവിച്ചത്. ഈ സാഹചര്യത്തിലാണ് ടീമിൽനിന്ന് പുറത്തായപ്പോഴും ആത്മവിശ്വാസം കൈവിട്ടിരുന്നില്ല എന്ന ഗാംഗുലിയുടെ വെളിപ്പെടുത്തൽ.

English Summary: ‘My coach didn’t go out in the middle to play Wasim, McGrath and Shoaib, I did’ – Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com