ADVERTISEMENT

ബെംഗളൂരു∙ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളർ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഇന്നുമുള്ളൂ; അനിൽ കുംബ്ലെ! ടെസ്റ്റിൽ 132 മത്സരങ്ങളിൽനിന്ന് 619 വിക്കറ്റുമായി ബഹുദൂരം മുന്നിൽ നിൽക്കുന്ന കുംബ്ലെയുടെ തൊട്ടടുത്തുള്ളത് കപിൽ ദേവാണ്. 131 ടെസ്റ്റിൽനിന്ന് സമ്പാദ്യം 434 വിക്കറ്റുകൾ. അതായത് ടെസ്റ്റിൽ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ 12–ാം സ്ഥാനത്തുള്ള താരത്തിന്റെ ആകെ വിക്കറ്റിനേക്കാൾ ലീഡുണ്ട് രണ്ടാം സ്ഥാനത്തുള്ള കപിലിനേക്കാൾ കുംബ്ലെയ്ക്ക്. ഏകദിനത്തിൽ 269 മത്സരങ്ങളിൽനിന്ന് 334 വിക്കറ്റുമായാണ് കുംബ്ലെ ഒന്നാമതു നിൽക്കുന്നത്.

ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് വേട്ടക്കാരനായ അനിൽ കുംബ്ലെ ബോൾ ചെയ്തിട്ടുള്ളവരിൽ ഏറ്റവും ശക്തനായ ബാറ്റസ്മാൻ ആരാണ്? ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് റിക്കി പോണ്ടിങ്, കുമാർ സംഗക്കാര, സയീദ് അൻവർ, ഇൻസമാം ഉൾ ഹഖ്, സ്റ്റീവ് വോ, ജാക്വസ് കാലിസ് തുടങ്ങിയ പ്രമുഖർക്കെതിരെ ബോൾ ചെയ്തിട്ടുള്ള കുംബ്ലെയുടെ ഉത്തരം പക്ഷേ, വേറൊരു പേരാണ്. വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറ! സിംബാബ്‌വെ താരം പോമി എംബാങ്‌വയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് കുംബ്ലെ ഇതേക്കുറിച്ച് മനസ്സു തുറന്നത്.

‘ഞാൻ ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് ബോൾ ചെയ്യാൻ വിഷമിച്ചിട്ടുള്ള കുറച്ചധികം ബാറ്റ്സ്മാൻമാരുണ്ട്. പക്ഷേ അവരിൽത്തന്നെ ഒന്നാമൻ തീർച്ചയായും ബ്രയാൻ ലാറയാണ്. ഒരേ പന്തിന് നാലുതരം വ്യത്യസ്ത ഷോട്ടുകൾ കൈവശമുള്ള താരമായിരുന്നു ലാറ. അദ്ദേഹത്തിനെതിരെ ബോൾ ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയും അതായിരുന്നു. ലാറയെ ഇപ്പോൾ പുറത്താക്കാമെന്ന് നമ്മൾ പ്രതീക്ഷിക്കും. പക്ഷേ, അപ്രതീക്ഷിമായൊരു ഷോട്ടിൽ പന്ത് തേഡ് മാനിലൂടെ ബൗണ്ടറിയിലേക്കു പോകുമ്പോഴേ നമുക്കു കാര്യം മനസ്സിലാകൂ’ – കുംബ്ലെ വിവരിച്ചു.

വെസ്റ്റിൻഡീസിനെതിരെ 14 മത്സരങ്ങളിൽ കളിച്ചിട്ടുള്ള കുംബ്ലെ, അതിൽ അഞ്ച് തവണയാണ് ലാറയെ പുറത്താക്കിയിട്ടുള്ളത്. അതിൽത്തന്നെ 2002ലെ ആന്റിഗ്വ ടെസ്റ്റിലെ പുറത്താക്കലാണ് ഏറ്റവും പ്രശസ്തം. ബോളിങ്ങിനിടെ പരുക്കേറ്റ കുംബ്ലെ മുഖത്തിനു ചുറ്റും ബാൻഡേജ് ചുറ്റിവന്നാണ് അന്ന് ബോൾ ചെയ്തത്.

അതേസമയം, അക്കാലത്തെ ഏറ്റവും അപകടകാരികളായ ബാറ്റ്സ്മാൻമാരിൽ ചിലർ സ്വന്തം ടീമിലായിരുന്നതുകൊണ്ട് അവർക്കെതിരെ ബോൾ ചെയ്യേണ്ടി വന്നില്ലായെന്ന ഭാഗ്യവുമുണ്ടായെന്ന് കുംബ്ലെ ചൂണ്ടിക്കാട്ടി.

‘ഭാഗ്യവശാൽ അക്കാലത്തെ അപകടകാരികളായ ബാറ്റ്സ്മാരിൽ ഒട്ടേറെപ്പേർ എന്റെ സ്വന്തം ടീമിലായിരുന്നു. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ, സൗരവ് ഗാംഗുലി, വീരേന്ദർ സേവാഗ് തുടങ്ങിയവരെല്ലാം അക്കാലത്തെ ശക്തരായ ബാറ്റ്സ്മാൻമാരായിരുന്നു. അവരെല്ലാം എന്റെ ടീമിലുമായിരുന്നു. അതുകൊണ്ട് മത്സരത്തിന്റെ തലേന്ന് ഇവർക്കെതിരെ ബോൾ ചെയ്യണമല്ലോ എന്നോർത്ത് ടെൻഷനടിക്കേണ്ടി വന്നിട്ടില്ല’ – കുംബ്ലെ വിവരിച്ചു.

English Summary: “He had four different shots to the same delivery,” Kumble names the toughest batsman he ever bowled to

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com