ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ വിരാട് കോലിയുടെ കരിയറിലെ തന്നെ ഏറ്റവും ദുരന്തപര്യവസായിയായ ടെസ്റ്റ് പരമ്പരയാണ് 2014ലെ ഇംഗ്ലണ്ട് പര്യടനം. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെട്ട ആ പരമ്പരയിൽ  10 ഇന്നിങ്സുകളിൽനിന്ന് 13.40 ശരാശരിയിൽ കോലിക്ക് നേടാനായത് വെറും 134 റണ്‍സ് മാത്രം. കോലിയുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മോശം പ്രകടനം. ആ പരമ്പരയിൽ തനിക്കു സംഭവിച്ച പിഴവും അതിൽനിന്ന് സച്ചിൻ തെൻഡുൽക്കറിന്റെ സഹായത്തോടെ തിരിച്ചുവന്നതും വിശദീകരിച്ച് കോലി രംഗത്ത്. ഇന്ത്യൻ ടീമിൽ സഹതാഹമായ മായങ്ക് അഗർവാളുമായുള്ള ലൈവ് ചാറ്റിലാണ് 2014ലെ ഇംഗ്ലണ്ട് പര്യടനം കോലി ഒരിക്കൽക്കൂടി ഓർത്തെടുത്തത്.

‘ആ ഇംഗ്ലണ്ട് പര്യടനത്തിൽ എന്റെ ഇടുപ്പിന്റെ സ്ഥാനം ശരിയായിരുന്നില്ല. സാഹചര്യം മനസ്സിലാക്കാതെ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള ശ്രമമായിരുന്നു അന്ന്. അതിൽ ഒട്ടും വിട്ടുവീഴ്ചയും കാട്ടിയില്ല. ഇത്തരം കാർക്കശ്യം നമ്മെ ഒരുവിധത്തിലും സഹായിക്കില്ലെന്ന് ഞാൻ വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞു’ – അഗർവാളുമായുള്ള സംഭാഷണത്തിൽ കോലി വിവരിച്ചു.

‘എന്റെ വലത്തേ ഇടുപ്പിന്റെ സ്ഥാനത്തിലും പ്രശ്നങ്ങളുണ്ടായിരുന്നു. ബാറ്റിങ് പൊസിഷനിൽ നിൽക്കുമ്പോൾ വലത്തേ ഇടുപ്പ് കൃത്യസ്ഥാനത്തല്ലെങ്കിൽ അത് വലിയ പ്രശ്നമുണ്ടാക്കും. ഇടുപ്പിന്റെ സ്ഥാനം കൃത്യമാണെങ്കിൽ തുല്യ നിയന്ത്രണത്തോടെ ഓഫ് സൈഡിലും ലെഗ് സൈഡിലും ഷോട്ടുകൾ കളിക്കാനാകും. അത്ര പ്രധാനപ്പെട്ട ഘടകമാണ് അത്. ആ പരമ്പരയിൽ സംഭവിച്ച പിഴവും ഇടുപ്പിന്റെ സ്ഥാനവുമായി ബന്ധപ്പെട്ടാണ്’ – കോലി വിശദീകരിച്ചു.

‘അന്ന് (ഇംഗ്ലണ്ട് പര്യടനത്തിൽ) നേരെ വന്ന ഓരോ പന്തും എന്നെ ആശങ്കപ്പെടുത്തിയിരുന്നു. അതുകൊണ്ട് പന്തിലേക്ക് വളരെ നേരത്തേ തന്നെ ഞാൻ ബാറ്റിന്റെ മുഖം തിരിക്കും. പന്ത് എനിക്ക് പിടിതരാതെ പോകുകയും ചെയ്യും. അതോടെ എനിക്കാകെ ആശയക്കുഴപ്പമായി. ഇംഗ്ലണ്ടിൽനിന്ന് തിരിച്ചെത്തിയപ്പോൾ ഞാൻ എന്റെ ബാറ്റിങ്ങിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടു. എന്റെ ഷോട്ടുകളിൽ ഒട്ടും ആത്മവിശ്വാസമില്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. കൈകളിൽ മാത്രം ശ്രദ്ധിച്ചാണ് ഞാൻ കളിച്ചത്. എന്റെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ ബോളർമാർ അത് മുതലെടുത്തു’ – കോലി പറഞ്ഞു.

ഇന്ത്യൻ പ്രതീക്ഷകളുടെ ആണിക്കല്ലെന്ന നിലയിൽ ഇംഗ്ലണ്ടിലെത്തിയ കോലിക്ക് ഒരിക്കലും ഓർമിക്കാൻ ആഗ്രഹിക്കാത്ത നിമിഷങ്ങളാണ് ആ പരമ്പര ബാക്കിവച്ചത്. 1, 8, 25, 0, 38, 28, 0, 7, 6, 20 എന്നിങ്ങനെയായിരുന്നു അഞ്ച് ടെസ്റ്റിലെ 10 ഇന്നിങ്സുകളിൽ കോലിയുടെ പ്രകടനം. പരമ്പര ഇന്ത്യ 3–1ന് കൈവിടുകയും ചെയ്തു. പരമ്പരയിലെ പ്രകടനം ദയനീയമായിപ്പോയതോടെ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിച്ച താൻ ഒടുവിൽ സഹായം തേടി സച്ചിൻ തെൻഡുൽക്കറിനെ സമീപിച്ചെന്നും കോലി വെളിപ്പെടുത്തി. അന്ന് സച്ചിൻ നൽകിയ സഹായം കോലിയുടെ ബാറ്റിങ്ങിലെ പോരായ്മകളെ മറച്ചു. തൊട്ടടുത്ത ഓസ്ട്രേലിയൻ പര്യടനത്തിൽ 692 റൺസ് അടിച്ചുകൂട്ടാനും കോലിക്കായി.

‘ഇംഗ്ലണ്ടിൽനിന്ന് തിരിച്ചെത്തിയശേഷം ഞാൻ ആദ്യം ചെയ്ത കാര്യം മുംബൈയിൽ പോയി എനിക്ക് സംഭവിച്ച പിഴവുകളെക്കുറിച്ച് സച്ചിൻ പാജിയുമായി സംസാരിക്കുകയാണ്.  അദ്ദേഹത്തിനൊപ്പം ഞാൻ ഏറെ സമയം ചെലവഴിച്ചു. ഇടുപ്പിന്റെ സ്ഥാനം ക്രമപ്പെടുത്തുന്നതിൽ ഞാൻ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ, പേസ് ബോളർമാരെ മുന്നോട്ടാഞ്ഞ് നേരിടേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടി അദ്ദേഹം എനിക്ക് പറഞ്ഞുതന്നു’ – കോലി പറഞ്ഞു.

‘ഇടുപ്പിന്റെ സ്ഥാനം ക്രമപ്പെടുത്തുന്നതിനൊപ്പം സച്ചിൻ പാജി പറഞ്ഞുതന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചതോടെ എന്റെ കളിയിൽ പ്രകടമായ മാറ്റം സംഭവിച്ചു. ആ ശൈലി പിന്തുടരാൻ തുടങ്ങിയതോടെ എന്റെ ആത്മവിശ്വാസം അടിക്കടി വർധിച്ചു. അതിനുശേഷമായിരുന്നു എനിക്ക് വളരെയധികം റൺസ് സ്കോർ ചെയ്യാൻ സാധിച്ച ഓസ്ട്രേലിയൻ പര്യടനം’ – കോലി പറഞ്ഞു. പിന്നീട് രവി ശാസ്ത്രിയുടെ സഹായം കൂടിയായതോടെ പിഴവുകള്‍ പൂർണമായി തിരുത്താൻ തനിക്കായെന്നും കോലി വിശദീകരിച്ചു.

English Summary: Virat Kohli Explains How Sachin Tendulkar and Ravi Shastri Helped Him Overcome 2014 England Debacle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com