ADVERTISEMENT

ബെംഗളൂരു∙ ഏകദിനത്തിൽ ഇന്ത്യൻ താരങ്ങളുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനം ആരുടെ പേരിലാണ്? കപിൽ ദേവും ശ്രീനാഥും സഹീർ ഖാനും ജസ്പ്രീത് ബുമ്രയും ഉൾപ്പെടെയുള്ള പേസർമാരും ബിഷൻ സിങ് ബേദിയും പ്രസന്നയും വെങ്കട്ടരാഘവനും അനിൽ കുംബ്ലെയും ഹർഭജൻ സിങ്ങും ഉൾപ്പെടെയുള്ള സ്പന്നർമാരും അരങ്ങുവാണ ഇന്ത്യൻ ക്രിക്കറ്റിൽ ആ റെക്കോർഡ് ഒരു ‘പാവം’ ഓൾറൗണ്ടറുടെ പേരിലാണ്; പേര് സ്റ്റുവാർട്ട് ബിന്നി. മുൻ ഇന്ത്യൻ താരം റോജർ ബിന്നിയുടെ മകൻ. 2014ൽ ധാക്കയിൽ നടന്ന ഏകദിനത്തിൽ ബംഗ്ലദേശിനെതിരെ വെറും നാലു റൺസ് വഴങ്ങി ബിന്നി വീഴ്ത്തിയത് ആറു വിക്കറ്റ്!

സുരേഷ് റെയ്നയുടെ ക്യാപ്റ്റൻസിയിൽ ബംഗ്ലദേശ് പര്യടനത്തിനെത്തിയ ഇന്ത്യ ആദ്യ മത്സരം ജയിച്ചിരുന്നു. എന്നാൽ, രണ്ടാം മത്സരത്തിൽ ചിത്രം മാറി. മഴമൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ 25.3 ഓവറിൽ വെറും 105 റൺസിന് എല്ലാവരും പുറത്തായി. 23 പന്തിൽ 27 റൺസെടുത്ത ക്യാപ്റ്റൻ സുരേഷ് റെയ്നയായിരുന്നു ടോപ് സ്കോറർ. ബംഗ്ലദേശിനായി ടസ്കിൻ അഹമ്മദ് അഞ്ച് വിക്കറ്റ് പിഴുതു.

41 ഓവറിൽ 106 റൺസെന്ന താരതമ്യേന അനായാസ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബംഗ്ലദേശ് ഒരു ഘട്ടത്തിൽ 11.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 44 റൺസെന്ന നിലയിലായിരുന്നു. എന്നാൽ, അവിടുന്നങ്ങോട്ട് കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്ത സ്റ്റുവാർട്ട് ബിന്നി ഇന്ത്യയുടെ രക്ഷകനായി. 4.4 ഓവറിൽ നാലു റൺസ് മാത്രം വഴങ്ങി ബിന്നി വീഴ്ത്തിയത് ആറു വിക്കറ്റ്. ബംഗ്ലദേശ് 17.4 ഓവറിൽ 58 റണ്‍സിന് എല്ലാവരും പുറത്തായി. മുഷ്ഫിഖുർ റഹിം, മുഹമ്മദ് മിഥുൻ, മഹ്മൂദുല്ല, നാസിർ ഹുസൈൻ, മഷ്റഫെ മൊർത്താസ, അൽ അമീൻ ഹുസൈൻ എന്നിവരാണ് ബിന്നിക്കു മുന്നിൽ വീണത്. 105 റൺസിന് ഓൾഔട്ടായിട്ടും മത്സരം ഇന്ത്യ 47 റൺസിന് ജയിച്ചു.

അന്നത്തെ ആ ബോളിങ് പ്രകടനം കഴിഞ്ഞ ദിവസം സ്പോർട്കീഡ പ്രതിനിധിയുമായുള്ള ലൈവ് ചാറ്റിൽ ബിന്നി ഓർത്തെടുത്തു. അന്നത്തെ മത്സരത്തിന്റെ വിഡിയോ കാണുമ്പോൾ ഇപ്പോഴും രോമാഞ്ചമുണ്ടാകുമെന്ന് ബിന്നി പറയുന്നു.

‘അന്നത്തെ ആ മത്സരത്തിന്റെ വിഡിയോ കാണുമ്പോൾ സത്യമായും ഇപ്പോഴും എനിക്ക് രോമാഞ്ചമുണ്ടാകും. അതിനേക്കാൾ മികച്ചൊരു ദിവസം ജീവിതത്തിലുണ്ടാകുമോ? നമുക്ക് ഒട്ടും റൺസ് സ്കോർ ചെയ്യാൻ പറ്റാതെ പോയ മത്സരമായിരുന്നു അത്. അതുകൊണ്ടുതന്നെ ആദ്യത്തെ പന്തു മുതൽ നമ്മൾ സമ്മർദ്ദത്തിലായിരുന്നു. ധാക്കയിലെ ആ വിക്കറ്റ് അത്ര മോശമൊന്നുമായിരുന്നില്ല. പക്ഷേ, മഴ നിമിത്തം നമ്മൾ കളത്തിൽ ഇറങ്ങിയും തിരിച്ചുകയറിയുമാണ് ഇന്നിങ്സ് പൂർത്തിയാക്കിയത്’ – ബിന്നി ഓർത്തെടുത്തു.

‘പിച്ച് ഇടയ്ക്കിടെ മൂടുകയും പിന്നീട് മഴ കുറയുമ്പോൾ കവർ മാറ്റുകയും ചെയ്യുന്നത് അന്ന് പതിവു കാഴ്ചയായി. അതുകൊണ്ടുതന്നെ പിച്ചിൽ അൽപം നനവുണ്ടായിരുന്നു. അത് എന്റെ ബോളിങ്ങിന് അനുകൂലമായി. എന്റെ ബോളിങ്ങിന് യോജിച്ച അതിലും നല്ലൊരു പിച്ച് എനിക്ക് കിട്ടുമായിരുന്നില്ല’ – ബിന്നി പറഞ്ഞു.

2014 – 2016 കാലഘട്ടത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ സാന്നിധ്യമറിയിച്ച ബിന്നി ഇന്ത്യയ്ക്കായി ആറ് ടെസ്റ്റുകളും 14 ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ മൂന്നു വിക്കറ്റും ഏകദിനത്തിൽ 20 വിക്കറ്റും ട്വന്റി20യിൽ ഒരു വിക്കറ്റുമാണ് സമ്പാദ്യം. ടെസ്റ്റിലും ഏകദിനത്തിലും ഓരോ അർധസെഞ്ചുറിയും നേടി.

English Summary: I still get goosebumps when I watch that video: Stuart Binny recalls his spell of 6/4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com