sections
MORE

സച്ചിൻ ക്രീസിലെത്താൻ വൈകി, വാർത്താ സമ്മേളനത്തിന് വന്നത് 50 പേർ: ഹാർപർ

sachin-harper
സച്ചിൻ തെൻഡുൽക്കറും ഡാരിൻ ഹാർപറും (ഫയൽ ചിത്രം)
SHARE

മുംബൈ∙ ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവമായ ചില നാടകീയ സംഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു 2007ൽ കേപ്ടൗണിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ്. ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റ ഈ മത്സരത്തിന്റെ നാലാം ദിനമാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനെത്തുന്നത്. 41 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡോടെയായിരുന്നു ഇത്. എന്നാൽ, തുടക്കത്തിൽത്തന്നെ ഓപ്പണർമാരായ വസിം ജാഫർ, വീരേന്ദർ സേവാഗ് എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തേണ്ടിയിരുന്നത് സച്ചിന്‍ തെൻഡുൽക്കർ. സച്ചിൻ ക്രീസിലെത്താൻ പതിവിലും വൈകിയതായിരുന്നു ടെസ്റ്റിലെ ഏറ്റവും നാടകീയ നിമിഷം.

സച്ചിനെ കാത്തിരുന്ന് മുഷിഞ്ഞതോടെ ദക്ഷിണാഫ്രിക്കൻ ടീം പരാതിയുമായി അംപയർമാരെ സമീപിച്ചു. ഒരു വിക്കറ്റ് വീണ് മൂന്നു മിനിറ്റിനുള്ളിൽ അടുത്ത ബാറ്റ്സ്മാൻ ക്രീസിലുണ്ടായിരിക്കണമെന്നാണ് നിയമം. ഇല്ലെങ്കിൽ അംപയർമാർക്ക് നടപടി സ്വീകരിക്കാം. പക്ഷേ, ചില സാങ്കേതിക പിഴവുകളാണ് ക്രീസിലേക്കുള്ള സച്ചിന്റെ വരവ് വൈകിച്ചത്. ഓസ്ട്രേലിയക്കാരൻ അംപയർ ഡാരിൽ ഹാർപർ ദക്ഷിണാഫ്രിക്കൻ നായകനായിരുന്ന ഗ്രെയിം സ്മിത്തിനെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്നല്ലേ?

ടെസ്റ്റിന്റെ മൂന്നാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുമ്പോൾ ഫീൽഡിങ്ങിനിടെ പരുക്കേറ്റ സച്ചിൻ തെൻഡുൽക്കർ കളത്തിൽനിന്ന് തിരികെ കയറിയിരുന്നു. ക്രിക്കറ്റിലെ നിയമമനുസരിച്ച് ഫീൽഡിൽനിന്ന് കയറുന്ന താരത്തിന്, പിന്നീട് സ്വന്തം ടീം ബാറ്റിങ്ങിന് ഇറങ്ങിയാലും എത്രസമയം കളത്തിൽനിന്ന് വിട്ടുനിന്നോ അത്രസമയം കഴിഞ്ഞേ ക്രീസിലിറങ്ങാനാകൂ. ഇന്ത്യൻ ഓപ്പണർമാരായ ജാഫറും സേവാഗും രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായി പെട്ടെന്ന് മടങ്ങിയതാണ് രംഗം വഷളാക്കിയത്.

ചട്ടപ്രകാരം അപ്പോൾ സച്ചിന് ക്രീസിലിറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല. ഇതോടെ അടുത്തതായി ക്രീസിലെത്താൻ രാഹുൽ ദ്രാവിഡിനും സൗരവ് ഗാംഗുലിക്കും വളരെ പെട്ടെന്ന് പാഡ് അപ്പ് ചെയ്യേണ്ടി വന്നു. അതിനു വന്ന സ്വാഭാവിക കാലതാമസമാണ് കളത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഇതോടെ ദ്രാവിഡ് മൂന്നാമനായി ക്രീസിലെത്തി. തുടർന്ന് ഗാംഗുലിയും ഇറങ്ങിയതിനുശേഷമാണ് സച്ചിൻ ക്രീസിലെത്തിയത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇത്തരമൊരു രംഗം അപൂർവമായതിനാൽ അന്നത്തെ ദിവസം മുഴുവൻ ആരാധകർക്കിടയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതോടെ അന്നത്തെ മത്സരം അവസാനിച്ചശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അതിനു കാരണമായ നിയമത്തെക്കുറിച്ചും വിശദീകരിക്കാൻ അംപയറായിരുന്ന ഡാരിൽ ഹാർപറെയാണ് അധികൃതർ നിയോഗിച്ചത്.

അന്ന് സംഭവിച്ച കാര്യങ്ങൾ അടുത്തിടെ ഒരു അഭിമുഖത്തിൽ ഹാർപ്പർ ഓർത്തെടുത്തതോടെയാണ് ഇക്കാര്യങ്ങളെല്ലാം വീണ്ടും ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചയായത്.

‘നാലാം ദിനത്തിന്റെ ആരംഭത്തിൽ കളത്തിൽ സംഭവിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നതിനാൽ, അന്നത്തെ കളി കഴിഞ്ഞ് മാധ്യമപ്രവർത്തകരെ കണ്ട് സംഭവിച്ചതെന്ത് എന്ന് വിശദീകരിക്കുന്നതിന് എന്നെ നിയോഗിച്ചു. വസിം ജാഫർ പുറത്തായശേഷം സച്ചിന് ക്രീസിലെത്താനാകാതെ പോയത് എന്ത് എന്ന് വിശദീകരിക്കുകയായിരുന്നു എന്റെ ദൗത്യം.’

‘ഞാൻ അത് ഏറ്റെടുത്തു. വാർത്താ സമ്മേളനം നടക്കുന്ന ഹാളിൽ പരമാവധി 10 പേരെയാണ് ഞാൻ പ്രതീക്ഷിച്ചത്. ഹാളിലെത്തി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കായി കാതോർത്ത ഞാൻ ഞെട്ടിപ്പോയി. ഏതാണ്ട് അൻപതോളം മാധ്യമ പ്രവർത്തകരാണ് അവിടെ സമ്മേളിച്ചിരുന്നത്. എനിക്ക് പറയാനുള്ളത് കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അവർ. ഇത് ഇന്ത്യയല്ല, അവർ ദക്ഷിണാഫ്രിക്കയിൽ പര്യടനത്തിന് വന്നതാണെന്ന് എനിക്ക് എന്നേത്തന്നെ ബോധ്യപ്പെടുത്തേണ്ടി വന്നു’ – ഹാർപർ വിശദീകരിച്ചു.

ആരാധക ബാഹുല്യം നിമിത്തം അംപയറെന്ന നിലയിൽ നിയന്ത്രിക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരങ്ങൾ ഇന്ത്യയുടേതായിരുന്നോ എന്ന ചോദ്യത്തിന് ഹാർപ്പറിന്റെ മറുപടി ഇങ്ങനെ:

‘തീർച്ചയായും അതേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ക്രിക്കറ്റിനെ സ്നേഹിക്കുകയും പിന്തുടരുകയും ചെയ്യുന്ന ആരാധകർ എത്രയധികമാണ്! ഇന്ത്യക്കാർ പൊതുവെ യാത്രകളെ ഇഷ്ടപ്പെടുന്നവരാണ്. ഞാൻ ലോകത്തിന്റെ ഏതു ഭാഗത്തു പോയാലും അവിടെയെല്ലാം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അതിരറ്റ് സ്നേഹിക്കുന്ന ആളുകളെ കാണാറുണ്ട്’ – ഹാർപർ പറഞ്ഞു.

‘2011 ജൂലൈയിൽ എന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനുശേഷം ഞാൻ മാൻഹട്ടനിലേക്ക് മടങ്ങുകയാണ്. സാധാരണ വേഷമായിരുന്നു എന്റേത്. വഴിയിൽ വച്ച് മൂന്നു തവണയാണ് അജ്ഞാതരായ ആളുകൾ എന്നെ തടഞ്ഞുനിർത്തിയത്. ഞാൻ ക്രിക്കറ്റ് അംപയറാണ് എന്ന് തിരിച്ചറിഞ്ഞാണ് അവർ എന്നെ തടഞ്ഞത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ആ മൂന്നു പേരും ഇന്ത്യക്കാരായിരുന്നു. വളരെ മാന്യമായാണ് അവർ എന്നോട് ഇടപെട്ടത്’ – ഹാർപർ വെളിപ്പെടുത്തി.

English Summary: Umpire Daryl Harper recalls when Sachin Tendulkar’s delayed arrival created confusion in Cape Town

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA