ADVERTISEMENT

മുംബൈ∙ ഇന്ത്യ ചാംപ്യൻമാരായ 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ ഏറ്റവും നിർണായകമായ ഇന്നിങ്സ് കളിച്ച രോഹിത് ശർമയെ എല്ലാവരും മറന്നുവെന്ന് ചൂണ്ടിക്കാട്ടി അന്ന് ഇന്ത്യൻ ടീമിൽ അംഗമായിരുന്ന യുവരാജ് സിങ് രംഗത്ത്. ട്വന്റി20 ലോകകപ്പ് ഫൈനലിൽ രോഹിത് ശർമ കളിച്ച ഇന്നിങ്സാണ് ആ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സെന്ന് യുവരാജ് അഭിപ്രായപ്പെട്ടു. അന്ന് ഇന്ത്യൻ ടീമിലുണ്ടായിരുന്ന യുവതാരങ്ങൾ അവരുടെ കഴിവ് ലോക വേദിയിൽ ആദ്യമായി അടയാളപ്പെടുത്തിയ ടൂർണമെന്റായിരുന്നു 2007ലെ ട്വന്റി20 ലോകകപ്പെന്നും യുവരാജ് ചൂണ്ടിക്കാട്ടി. സ്പോർട്സ്കീഡ പ്രതിനിധിയുമായി നടത്തിയ അഭിമുഖത്തിലാണ് യുവരാജ് ഇക്കാര്യം പറഞ്ഞത്.

‘2007ലെ ലോകകപ്പ് വിജയത്തിന്റെ കാര്യം പറയുമ്പോൾ എന്നെയും ഗംഭീറിനെയുമൊക്കെ എല്ലാവരും വാനോളം പുകഴ്ത്തും. പക്ഷേ, ആ ലോകകപ്പിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്നിങ്സ് കളിച്ച താരം രോഹിത് ശർമയാണ്. അന്ന് ഫൈനലിൽ പതിനെട്ടോ ഇരുപതോ ബോളുകളിൽനിന്ന് രോഹിത് നേടിയ 36 റൺസാണ് നമ്മുടെ സ്കോർ 160ന് അടുത്ത് എത്തിച്ചത്. ആ ടൂർണമെന്റിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്നിങ്സ് അതായിരുന്നുവെന്ന് ഞാൻ കരുതുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇർഫാൻ പഠാനാണ് അന്ന് മാൻ ഓഫ് ദ് മാച്ചായത്. പക്ഷേ, ഫൈനലിൽ രോഹിത് കളിച്ച ഇന്നിങ്സ് വളരെ പ്രധാനപ്പെട്ടതായിരുന്നു’ – യുവരാജ് ചൂണ്ടിക്കാട്ടി.

യുവരാജ് സിങ്ങിന്റെ വാദം ശരിയാണെന്ന് തെളിയിക്കുന്നതാണ് കണക്കുകളും. അന്ന് പാക്കിസ്ഥാനെതിരായ ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത ഇന്ത്യയുടെ ടോപ് സ്കോറർ ഓപ്പണർ ഗൗതം ഗംഭീറായിരുന്നു. അദ്ദേഹം നേടിയത് 76 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 75 റൺസ്. അതേസമയം, 18–ാം ഓവറിന്റെ അവസാന പന്തിൽ ഗംഭീർ പുറത്താകുമ്പോൾ അഞ്ചിന് 130 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന രണ്ട് ഓവറുകളിൽ തകർത്തടിച്ച രോഹിത്താണ് ഇന്ത്യൻ സ്കോർ 157ൽ എത്തിച്ചത്. 16 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 30 റൺസുമായി രോഹിത് പുറത്താകാതെ നിന്നു. അവസാന രണ്ട് ഓവറിൽ 27 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്.

∙ ‘6 സിക്സടിച്ച് സമാധാനത്തോടെ ഉറങ്ങി’

2007ലെ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ സ്റ്റുവാർട്ട് ബ്രോഡിനെതിരെ ഒരു ഓവറിൽ ആറ് സിക്സടിച്ചതിനെക്കുറിച്ചും യുവരാജ് പ്രതികരിച്ചു.

‘ആ മത്സരത്തിനുശേഷമാണ് കുറേനാൾ കൂടി ഞാൻ നന്നായി ഉറങ്ങിയത്. ആദ്യത്തെ ട്വന്റി20 ടൂർണമെന്റായിരുന്നു അത്. ട്വന്റി20യിൽ എങ്ങനെയാണ് ബാറ്റു ചെയ്യേണ്ടതെന്നു പോലും യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അതിനു മുൻപു നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ എനിക്കെതിരെ ഒരു ഓവറിൽ അ‍ഞ്ച് സിക്സടിച്ചിരുന്നു. അതേ ടീമിനെതിരെ ആറ് സിക്സടിച്ചത് എനിക്ക് വലിയ ആശ്വാസമായി. ഒരു ഓവറിൽ ആറ് സിക്സ് വഴങ്ങി 15 ദിവസത്തിനകം അതേ ടീമിനെതിരെ ഒരു ഓവറിൽ ആറ് സിക്സ് നേടാൻ കഴിഞ്ഞതോടെ എനിക്ക് നല്ല ഉറക്കം കിട്ടി’ – യുവരാജ് പറഞ്ഞു.

∙ ‘ആ കിരീടം ടീമിന്റെ കൂട്ടായ പ്രയത്നം’

ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ വിജയത്തിൽ അന്നത്തെ യുവതാരങ്ങളുടെ സംഭാവന മറന്നുപോകരുതെന്ന് യുവരാജ് ചൂണ്ടിക്കാട്ടി. ഭയം എന്തെന്ന് അറിയാത്ത ഒരുകൂട്ടം താരങ്ങളായിരുന്നു അന്ന് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നതെന്ന് യുവരാജ് ചൂണ്ടിക്കാട്ടി.

‘പേടിയെന്തെന്ന് അറിയാത്ത ഒരു കൂട്ടം താരങ്ങളായിരുന്നു അന്ന് ടീമിലുണ്ടായിരുന്നത്. എങ്ങനെയാണ് മത്സരങ്ങൾക്ക് തയാറെടുക്കേണ്ടതെന്നു പോലും ആർക്കും അറിയുമായിരുന്നില്ല. പക്ഷേ, ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആവേശത്തിലായിരുന്നു എല്ലാവരും. വളരെ മികച്ച ചില താരങ്ങൾ ആ ടൂർണമെന്റിൽ ഇന്ത്യൻ നിരയിലുണ്ടായിരുന്നു.’

‘ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം എനിക്ക് ടെന്നിസ് എൽബോ നിമിത്തം നഷ്ടമായപ്പോഴാണ് രോഹിത് ശർമയ്ക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കുന്നത്. ആ മത്സരത്തിൽ അർധസെഞ്ചുറി നേടി രോഹിത് കരുത്തുകാട്ടി. റോബിൻ ഉത്തപ്പയെപ്പോലുള്ള ചില താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവച്ചത്. ബോളിങ്ങിൽ ആർ.പി. സിങ്ങും ശ്രീശാന്തും ഉൾപ്പെടെയുള്ളവർ ടീമിന് കരുത്തു പകർന്നു. യുവതാരങ്ങൾക്കു പുറമെ മുതിർന്ന താരങ്ങളും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഫൈനലിൽ ഗൗതം ഗംഭീർ ബാറ്റുകൊണ്ടും ഇർഫാൻ പഠാൻ പന്തുകൊണ്ടും ഇന്ത്യയുടെ വിജയശിൽപികളായി. ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കുമെതിരെ എനിക്കും തിളങ്ങാനായി. അങ്ങനെ ഒരു ടീമെന്ന നിലയിൽ നാം സ്വന്തമാക്കിയ വിജയമാണ് 2007 ട്വന്റി20 ലോകകപ്പിലേത്’ – യുവരാജ് പറഞ്ഞു.

English Summary: 'Nobody remembers Rohit Sharma's knock in the 2007 T20 World Cup final' - Yuvraj Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com