ADVERTISEMENT

മാഞ്ചസ്റ്റർ ∙ ബാറ്റിങ്ങിലും ബോളിങ്ങിലും സ്റ്റുവർട്ട് ബ്രോഡിനു മുന്നിൽ തലകുനിച്ച  വെസ്റ്റിൻഡീസിന് ഇംഗ്ലണ്ടിനെതിരായ 3–ാം ടെസ്റ്റിൽ 399 റൺസ് വിജയലക്ഷ്യം.  3–ാം ദിനം കളി നിർത്തുമ്പോൾ രണ്ടിന് 10 എന്ന നിലയിലാണ് വിൻഡീസ്. പരാജയം ഒഴിവാക്കാൻ  രണ്ടു ദിവസം പിടിച്ചു നിൽക്കുക അല്ലെങ്കിൽ 389 റൺസ് കൂടി നേടുക എന്ന ദുഷ്കരമായ ദൗത്യം.  സ്കോർ: ഇംഗ്ലണ്ട് 369, രണ്ടിന് 226 ഡിക്ല. വിൻഡീസ് 197, രണ്ടിന് 10.  

31 റൺസ് വഴങ്ങി 6 വിക്കറ്റെടുത്ത പേസർ സ്റ്റുവർട്ട് ബ്രോഡാണു ഒന്നാം ഇന്നിങ്സിൽ വിൻഡീസിനെ തകർത്തത്. രണ്ടാം ഇന്നിങ്സിൽ വീണ രണ്ട് വിൻഡീസ് വിക്കറ്റുകളും ബ്രോഡിനു തന്നെ.ടെസ്റ്റിൽ ഇതു 18–ാം തവണയാണു ബ്രോഡ് അഞ്ചോ അതിലധികമോ വിക്കറ്റെടുക്കുന്നത്.  

6ന് 137 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ വിൻഡീസിന് 60 റൺസ് കൂടിയേ സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കാനായുള്ളൂ. ക്യാപ്റ്റൻ ജയ്സൻ ഹോൾഡറും വിക്കറ്റ് കീപ്പർ ഷെയ്‌ൻ ഡൗറിച്ചും ക്ഷമയോടെയാണു തുടങ്ങിയത്. ജോഫ്ര ആർച്ചറും ക്രിസ് വോക്സും ഏറെ ശ്രമിച്ചെങ്കിലും ഹോൾഡറും ഡൗറിച്ചും വീഴാതെനിന്നു. എന്നാൽ, തന്റെ ആദ്യ  ഓവറിലെ 3–ാം പന്തിൽ ഹോൾഡറെ (46) എൽബിയിൽ കുരുക്കി ബ്രോഡ് വിൻഡീസ് തകർച്ചയ്ക്കു തുടക്കമിട്ടു. വിൻഡീസ് റിവ്യൂവിനു പോയെങ്കിലും രക്ഷയുണ്ടായില്ല. തന്റെ 3–ാം ഓവറിൽ റഖിം കോൺവാളിനെയും (10) കെമർ റോച്ചിനെയും (0) നാലു പന്തുകളുടെ ഇടവേളയിൽ പുറത്താക്കി വീണ്ടും ബ്രോഡിന്റെ ഷോ. മറുവശത്തു പിടിച്ചുനിന്ന ഡൗറിച്ച് ഒടുവിൽ ബ്രോഡിന്റെ ഷോർട്ബോളിൽ വീണു; ക്രിസ് വോക്സിനു ക്യാച്ച്. 

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ വൻ സ്കോറിലേക്കെത്തിച്ചതു വാലറ്റത്തെ ബ്രോഡിന്റെ ഉജ്വല ബാറ്റിങ്ങാണ്. പത്താമനായി ക്രീസിലെത്തി 45 പന്തിൽ 62 റൺസുമായി കത്തിക്കയറിയ ബ്രോഡ് 9–ാം വിക്കറ്റിൽ ഡോം ബെസ്സുമായി ചേർന്ന് ഇംഗ്ലണ്ടിനു വിലപ്പെട്ട 76 റൺസാണു സമ്മാനിച്ചത്. 

രണ്ടാം ഇന്നിങ്സിൽ അതിവേഗം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി റോറി ബേൺസ് (90), ഡോം സിബ്‌ലി (56), ജോ റൂട്ട് (68*) എന്നിവർ തിളങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com