ADVERTISEMENT

ദുബായ്∙ ഏകദിന ലോകകപ്പ് യോഗ്യതയ്ക്കുള്ള മാനദണ്ഡമെന്ന നിലയിൽ പുതിയ പരീക്ഷണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). 2023 ഒക്ടോബർ–നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിന്റെ യോഗ്യതാ റൗണ്ടെന്ന നിലയിൽ ഏകദിന സൂപ്പർ ലീഗ് പ്രഖ്യാപിച്ചു. ലോകകപ്പിൽ പങ്കെടുക്കേണ്ട 10 ടീമുകളിൽ എട്ടു ടീമുകളെയാണ് ഇത്തരത്തിൽ ഏകദിന സൂപ്പർ ലീഗിലൂടെ കണ്ടെത്തുക. ഇതിൽ ആതിഥേയരായ ഇന്ത്യയും ഉൾപ്പെടുന്നു. നിലവിലെ ചാംപ്യൻമാരായ ഇംഗ്ലണ്ടും അയർലൻഡും തമ്മിൽ ജൂലൈ 30ന് സതാംപ്ടണിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയോടെയാണ് ലോകകപ്പ് യോഗ്യതയ്ക്കുള്ള ഏകദിന സൂപ്പർ ലീഗ് ആരംഭിക്കുക. ലീഗിന്റെ ബാക്കി വിശദാംശങ്ങൾ പിന്നീട് അറിയിക്കും. മുൻപേ ആരംഭിക്കേണ്ടിയിരുന്ന സൂപ്പർ ലീഗ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീട്ടിവച്ചത്.

ലോകകപ്പിന്റെ യോഗ്യതാ റൗണ്ടെന്ന നിലയിൽ അടുത്ത മൂന്നു വർഷം നടക്കുന്ന ഏകദിന മത്സരങ്ങൾ കൂടുതൽ ആവേശകരമാക്കുന്നതാണ് ഇത്തരമൊരു പരീക്ഷണമെന്ന് ഐസിസിയുടെ ഓപ്പറേഷൻസ് ജനറൽ മാനേജർ ജെഫ് അലാർഡിസ് അവകാശപ്പെട്ടു. ട്വന്റി20 ക്രിക്കറ്റ് കൂടുതൽ ജനകീയമാകുകയും ടെസ്റ്റ് മത്സരങ്ങൾ ക്രിക്കറ്റിന്റെ യഥാർഥ പരീക്ഷണ വേദിയായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഏകദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് ഉൾപ്പെടെയുള്ളവർ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഏകദിന ക്രിക്കറ്റ് കൂടുതൽ ആവേശകരവും ജനകീയവുമാക്കാൻ പുതിയ പരീക്ഷണം. ഏകദിന സൂപ്പർ ലീഗ് യാഥാർഥ്യമാകുന്നതോടെ ഇന്ത്യ–ഓസ്ട്രേലിയ മത്സരത്തിന്റെ അതേ പ്രാധാന്യം വെസ്റ്റിൻഡീസ് – സിംബാബ്‍വെ മത്സരത്തിനും ലഭിക്കും.

13 ടീമുകൾ, 150ലേറെ മത്സരങ്ങൾ, ഒരു ചാംപ്യൻ എന്ന രീതിയിലാണ് ഏകദിന സൂപ്പർ ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഐസിസിയിൽ സമ്പൂർണ അംഗങ്ങളായ 12 ടീമുകൾക്കൊപ്പം ലോക ക്രിക്കറ്റ് സൂപ്പർ ലീഗിലൂടെ മുന്നേറിയെത്തിയ നെതർലൻഡ്സും ഏകദിന സൂപ്പർ ലീഗിൽ ഏറ്റുമുട്ടും. 13 ടീമുകളും മൂന്നു മത്സരങ്ങളടങ്ങിയ നാലു പരമ്പരകൾ സ്വന്തം നാട്ടിലും നാലു പരമ്പരകൾ പുറത്തും കളിക്കുന്ന രീതിയിലാണ് ഏകദിന സൂപ്പർ ലീഗിന്റെ ക്രമീകരണം. അതായത് ഒരു ടീമിന് 24 മത്സരങ്ങൾ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോലെ ഒരു ടീമിന് ബാക്കി 12 ടീമുകളുമായും മത്സരമുണ്ടാകില്ല. മറിച്ച് ഒരു ടീം ബാക്കി എട്ടു ടീമുകളായാണ് ലീഗ് ഘട്ടത്തിൽ കളിക്കുക. പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത് വരുന്ന ടീമുകൾ പരസ്പരം ഏറ്റുമുട്ടണമെന്ന് നിർബന്ധമില്ലെന്ന് ചുരുക്കം.

സൂപ്പർ ലീഗ് ഘട്ടത്തിലെ ഓരോ ജയത്തിനും 10 പോയിന്റ് ലഭിക്കും. ടൈ വന്നാൽ ഇരു ടീമുകള്‍ക്കും അഞ്ച് പോയിന്റ് വീതം പങ്കുവയ്ക്കും. മത്സരം ഉപേക്ഷിക്കേണ്ടി വരികയോ ഫലമില്ലാതെ പോകുകയോ ചെയ്താലും പോയിന്റ് പങ്കുവയ്ക്കും. ആകെ കളിക്കുന്ന എട്ട് പരമ്പരകളിൽനിന്ന് ലഭിക്കുന്ന പോയിന്റ് ആധാരമാക്കിയാകും റാങ്കിങ് നിശ്ചയിക്കുക. രണ്ടോ അതിലധികമോ ടീമുകൾക്ക് ഒരേ പോയിന്റ് വന്നാൽ വിജയികളെ കണ്ടെത്താൻ മറ്റു മാനദണ്ഡങ്ങളുണ്ട്.

ആതിഥേയരായ ഇന്ത്യയും സൂപ്പർ ലീഗിൽ ആദ്യ ഏഴു സ്ഥാനങ്ങളിലെത്തുന്ന ടീമുകളും ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. പിന്നെയുള്ളത് രണ്ടു സ്ഥാനങ്ങൾ. ഏകദിന സൂപ്പർ ലീഗിലൂടെ നേരിട്ട് യോഗ്യത നേടാനാകാതെ പോകുന്ന ബാക്കി അഞ്ച് ടീമുകൾ അഞ്ച് അസോഷ്യേറ്റ് രാജ്യങ്ങൾ കൂടി ഉൾപ്പെടുന്ന യോഗ്യതാ റൗണ്ടിൽ മത്സരിച്ചുവേണം ഈ രണ്ടു സ്ഥാനങ്ങളിലേക്ക് യോഗ്യത നേടാൻ.

English Summary: ICC launches Cricket World Cup Super League to 'bring context' to one-day internationals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com