ADVERTISEMENT

ലണ്ടൻ∙ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് പൂർത്തിയാക്കുന്ന ഏഴാമത്തെ താരമെന്ന റെക്കോർഡിലേക്ക് പന്തെറിഞ്ഞ് ഇംഗ്ലണ്ട് താരം സ്റ്റുവാർട്ട് ബ്രോ‍ഡ്. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ക്രെയ്ഗ് ബ്രാത്ത്‌വയ്റ്റിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ബ്രോ‍ഡ് റെക്കോർഡ് ബുക്കിൽ പേരെഴുതിച്ചേർത്തത്. സഹ പേസ് ബോളർ ജയിംസ് ആൻഡേഴ്സനു പിന്നാലെ 500 വിക്കറ്റ് ക്ലബ്ബിൽ ഇടംനേടുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലണ്ട് താരം കൂടിയാണ് ബ്രോഡ്. 800 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത്. ടെസ്റ്റിലെ മൂന്നാമത്തെയും 2013നുശേഷമുള്ള ആദ്യത്തെയും 10 വിക്കറ്റ് നേട്ടം ബ്രോഡിന്റെ ഈ റെക്കോർഡ് പ്രകടനത്തിന് ഇരട്ടിമധുരം പകരുന്നു.

നേരത്തെ, 2017ൽ ലോ‍ർഡ്സിൽവച്ചാണ് ആൻഡേഴ്സൻ 500 വിക്കറ്റ് ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായത്. അന്ന് വെസ്റ്റിൻഡീസിനെതിരെ ബ്രാത്‌വയ്റ്റിനെ പുറത്താക്കിയാണ് ആൻഡേഴ്സനും റെക്കോർഡ് നേട്ടം സ്വന്തമാക്കിയതെന്നത് കൗതുകമായി. അതേ എതിരാളികൾക്കെതിരെ, അതേ താരത്തെ പുറത്താക്കിയാണ് ഇന്ന് ബ്രോഡും 500 വിക്കറ്റ് ക്ലബിൽ ഇടംപിടിച്ചത്. 44 പന്തിൽ മൂന്നു ഫോറുകൾസഹിതം 19 റൺസെടുത്ത ബ്രാത്‌വയ്റ്റിനെ ബ്രോഡ് എൽബിയിൽ കുരുക്കി. ജോൺ കാംബൽ, കെമർ റോച്ച് എന്നിവരെ പുറത്താക്കിയാണ് 498, 499 വിക്കറ്റുകൾ നേടിയത്.

ഇതുവരെ 589 വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സൻ ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ്. 800 വിക്കറ്റുമായി മുരളീധരൻ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പട്ടികയിൽ 708 വിക്കറ്റുകളുമായി ഓസീസ് ഇതിഹാസം ഷെയ്ൻ വോണ്‍ രണ്ടാമതും 619 വിക്കറ്റുമായി ഇന്ത്യൻ താരം അനിൽ കുംബ്ലെ മൂന്നാം സ്ഥാനത്തുമാണ്. ഓസീസ് താരം ഗ്ലെൻ മഗ്രോ (563), വിൻഡീസ് ഇതിഹാസം കോട്‌നി വാൽഷ് (519) എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളിൽ.

ടെസ്റ്റ് കരിയറിലെ 140–ാം മത്സരത്തിലാണ് ബ്രോഡ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. 500 വിക്കറ്റ് പൂർത്തിയാക്കാൻ ഏറ്റവും കൂടുതൽ ടെസ്റ്റുകൾ കളിച്ച ബോളർ കൂടിയാണ് ബ്രോഡ്. 129 ടെസ്റ്റുകളിൽനിന്ന് 500 വിക്കറ്റ് പൂർത്തിയാക്കിയ ജയിംസ് ആൻഡേഴ്സൻ, കോട്‌നി വാൽഷ് എന്നിവരെ പിന്നിലാക്കിയാണ് ‘വേഗം കുറഞ്ഞ’ 500 വിക്കറ്റ് നേട്ടത്തിന്റെ ‘റെക്കോർഡ്’ ബ്രോഡ് സ്വന്തമാക്കിയത്. അതേസമയം, 87–ാം ടെസ്റ്റിൽ 500–ാം വിക്കറ്റ് കടന്ന മുരളീധരനാണ് വേഗപ്പട്ടികയിൽ ഒന്നാമത്. 105 ടെസ്റ്റുകളിൽനിന്ന് 500 കടന്ന അനിൽ കുംബ്ലെ രണ്ടാമതുമുണ്ട്.

നേരത്തെ, വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബ്രോഡിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വൻ വിവാദമായിരുന്നു. പിന്നീട് ടീമിൽ തിരിച്ചെത്തിയ ബ്രോഡ് മിന്നുന്ന ഫോമിലാണ്. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ അതിവേഗ അർധസെഞ്ചുറി കുറിച്ചും ബ്രോഡ് കരുത്തുകാട്ടി. 33 പന്തിൽനിന്ന് ബ്രോഡ് നേടിയ അർധസെഞ്ചുറി ടെസ്റ്റിൽ ഇംഗ്ലണ്ട് താരങ്ങളുടെ വേഗമേറിയ മൂന്നാമത്തെ അർധസെഞ്ചുറിയാണ്. ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ ബ്രോഡിന്റെ 18–ാം അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു അത്. രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് കൂടി വീഴ്ത്തിയ ബ്രോഡ്, ടെസ്റ്റിലെ മൂന്നാം 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

English Summary: Stuart Broad becomes 7th bowler to claim 500 Test wickets during England vs West Indies 3rd Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com