ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയചരിതങ്ങൾ രചിച്ച നായകൻ മഹേന്ദ്രസിങ് ധോണിയുടെ സുവർണകാലം അസ്തമിച്ചെന്ന് പറഞ്ഞ് നിരാശപ്പെടാൻ വരട്ടെ; ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ധോണിയുടെ തനിപ്പകർപ്പായ, അടുത്ത ധോണിയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു മിന്നും താരമുണ്ട്. പറയുന്നത് ധോണിയുടെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന ഇന്ത്യൻ താരം സുരേഷ് റെയ്നയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനാക്കിയാൽ ധോണിയേപ്പോലെ അസൂയാവഹമായ നേട്ടങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള ആ താരത്തിന്റെ പേര് രോഹിത് ശർമ!

‘ദ് സൂപ്പർ ഓവർ പോഡ്‌കാസ്റ്റ്’ എന്ന പരിപാടിയിലാണ് രോഹിത് ശർമയുടെ ക്യാപ്റ്റൻസി മികവിനെക്കുറിച്ച് റെയ്ന വാചാലനായത്. ഇന്ത്യൻ ടീമിലും ചെന്നൈ സൂപ്പർ കിങ്സിലുമായി ദീർഘകാലം ധോണിക്കു കീഴിൽ കളിച്ചിട്ടുള്ള താരമാണ് റെയ്ന. 2018ലെ നിദാഹാസ് ട്രോഫിയിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്കു കീഴിലും കളിച്ച പരിചയം റെയ്നയ്ക്കുണ്ട്. ഇതിന്റെ ബലത്തിലാണ് ഇന്ത്യയുടെ രണ്ടാം ധോണിയാകാനുള്ള മികവ് രോഹിത്തിനുണ്ടെന്ന റെയ്നയുടെ പരാമർശം.

‘ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അടുത്ത എം.എസ്. ധോണിയാണ് രോഹിത് ശർമയെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. അദ്ദേഹം വളരെ ശാന്തനാണ്, മറ്റുള്ളവരെ കേൾക്കാൻ തയാറാണ്, സഹതാരങ്ങൾക്ക് ആത്മവിശ്വാസം പകരാനുള്ള കെൽപ്പുണ്ട്, എല്ലാറ്റിലുമുപരി മുന്നിൽനിന്ന് നയിക്കുന്നയാളാണ്. ഓരോ താരങ്ങളെയും വിലമതിക്കുകയും അതിനൊപ്പം മുന്നിൽനിന്ന് നയിക്കുകയും ചെയ്യുന്ന ഒരു ക്യാപ്റ്റനുണ്ടെങ്കിൽ പിന്നെന്തു നോക്കാൻ?’ – റെയ്ന ചൂണ്ടിക്കാട്ടി.

‘ടീമിലെ ഓരോരുത്തരും ക്യാപ്റ്റൻമാരാണെന്ന് കരുതുന്ന ക്യാപ്റ്റനാണ് രോഹിത്. അദ്ദേഹത്തിന്റെ നായക മികവ് തൊട്ടടുത്തുനിന്ന് കണ്ടിട്ടുള്ള ആളാണ് ഞാൻ. ബംഗ്ലദേശിൽ നടന്ന ഏഷ്യാകപ്പിൽ നമ്മൾ കിരീടം ചൂടിയപ്പോൾ അദ്ദേഹത്തിനു കീഴിൽ ഞാനും കളിച്ചിരുന്നു. ഷാർദുൽ താക്കൂറും വാഷിങ്ടൻ സുന്ദറും യുസ്‌വേന്ദ്ര ചെഹലും ഉൾപ്പെടെയുള്ള യുവതാരങ്ങളെ രോഹിത് പ്രചോദിപ്പിക്കുന്നത് എങ്ങനെയെന്ന് ഞാൻ കണ്ടിട്ടുണ്ട്’ – റെയ്ന വിശദീകരിച്ചു.

രോഹിത് ശർമയുടെ ക്യാപ്റ്റൻസി മികവിനെക്കുറിച്ച് റെയ്ന പറ‍ഞ്ഞത് വെറുംവാക്കല്ലെന്ന് അദ്ദേഹത്തിന്റെ ഐപിഎൽ കരിയർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എട്ടു വർഷത്തിനിടെ നാലു തവണ മുംബൈ ഇന്ത്യൻസിനെ ഐപിഎൽ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണ് രോഹിത് ശർമ. ഇന്ത്യൻ ടീമിന്റെ സ്ഥിരം നായകനായ വിരാട് കോലിക്ക് വിശ്രമം അനുവദിക്കുന്ന വേളകളിൽ ടീമിന്റെ നായകസ്ഥാനത്തെത്തുന്ന പകരക്കാരില്ലാത്ത താരവും രോഹിത്താണ്. 2018ലെ നിദാഹാസ് ട്രോഫിയിലും അതേ വർഷം നടന്ന ഏഷ്യാകപ്പിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. രോഹിത് നയിച്ച 10 ഏകദിനങ്ങളിൽ എട്ടിലും ഇന്ത്യ ജയിച്ചു. 20 ട്വന്റി20 മത്സരങ്ങളിൽ 16ലും ജയിച്ചു.

‘രോഹിത് നായകനാകുമ്പോൾ അദ്ദേഹത്തിന്റെ പ്രഭാവത്തിൽ തഴച്ചുവളരാൻ യുവതാരങ്ങൾക്ക് കഴിയുന്നുണ്ട്. ഒരാളുടെ പ്രഭാവത്തിന്റെ തണലിൽനിന്ന് ആസ്വദിച്ചു കളിക്കുമ്പോൾ അവിടുത്തെ അന്തരീക്ഷം വളരെ പോസിറ്റിവായിരിക്കും. ഇക്കാര്യത്തിൽ സമാനതകളില്ലാത്ത നായകനാണ് രോഹിത്’– റെയ്ന ചൂണ്ടിക്കാട്ടി.

‘ധോണി കഴിഞ്ഞാൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ രോഹിത് ശർമ തന്നെയാണ്. ധോണിയേക്കാൾ ഒരു ഐപിഎൽ കിരീടം കൂടുതൽ നേടാൻ രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഇരുവരും ഒരേ തരത്തിലുള്ള ക്യാപ്റ്റൻമാരാണെന്ന് ഞാൻ പറയും. കൂടെയുള്ളവരെ കേൾക്കാൻ തയാറുള്ള ക്യാപ്റ്റൻമാരാണ് ഇരുവരും. ക്യാപ്റ്റൻ നിങ്ങളെ കേൾക്കാൻ തയാറെങ്കിൽ ഒട്ടേറെ പ്രശ്നങ്ങൾക്ക് അതിലൂടെ മാത്രം പരിഹാരം ലഭിക്കും. അതുകൊണ്ട് ധോണിയും രോഹിത്തും ഒരുപോലെ മിടുക്കരാണെന്നാണ് എന്റെ പക്ഷം’ – റെയ്ന പറഞ്ഞു.

English Summary: ‘He thinks everyone is a captain’: Suresh Raina names ‘next MS Dhoni of Team India’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com