ADVERTISEMENT

മുംബൈ ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റ് നടത്തിപ്പുകാരായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) കാത്തിരിക്കുന്നതു വെല്ലുവിളികൾ. സെപ്റ്റംബർ 19 മുതൽ നവംബർ 8 വരെ യുഎയിൽ നടത്താൻ നിശ്ചയിച്ച ലീഗിൽ കളിക്കാരുടെ യാത്ര, താമസം മുതലായ കാര്യങ്ങളിലെല്ലാം ആശങ്കകളേറെ.  ഈയാഴ്ച ഒടുവിലോടെ ചേരുന്ന ഐപിഎൽ ഭരണസമിതി യോഗത്തിൽ എല്ലാറ്റിനും പരിഹാരം കാണാമെന്ന ശുഭാപ്തി വിശ്വാസത്തിലാണു ബോർഡ്. 

യാത്ര

ടീമംഗങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫ്, ഒഫിഷ്യൽസ് തുടങ്ങി 1200 പേരെ ഐപിഎല്ലുമായി ബന്ധപ്പെട്ടു യുഎഇയിൽ എത്തിക്കണം. എന്നാൽ, ഇത്രയും പേരുടെ വീസ നടപടികൾ പൂർത്തിയാക്കാൻ സമയം ഒരു മാസത്തിൽ താഴെ മാത്രം. യാത്രയ്ക്കായി ചാർട്ടേഡ് വിമാനങ്ങൾ വേണോയെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. 

ബബ്‌ൾ

ടീമുകൾക്കായി യുഎഇയിൽ ‘ബയോ സെക്യുർ ബബ്‌ൾ’ സംവിധാനം വേണം. ഓരോ ടീമിനും ഓരോ ബബ്‌ൾ ആണോ, താരങ്ങൾക്കു തങ്ങളുടെ കുടുംബത്തെ ഒപ്പം കൂട്ടാമോ തുടങ്ങിയ ചോദ്യങ്ങൾക്കു മറുപടി ലഭിച്ചിട്ടില്ല. ഇന്ത്യൻ താരങ്ങളാണെങ്കിൽ ഇവിടെനിന്നു പുറപ്പെടുന്നതിനു 3 ദിവസം മു‍ൻപു മുതൽ കോവിഡ് പരിശോധനകൾക്കു വിധേയരാകണം. 

കുടുംബം

താരങ്ങളുടെ ഒപ്പം സഞ്ചരിക്കാറുള്ള കുടുംബത്തെ എന്തു ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമില്ല. പങ്കാളികൾക്കൊപ്പം താമസിക്കാൻ താരങ്ങളെ അനുവദിച്ചാൽ ‘ബയോ ബബ്ൾ’ സംവിധാനം പൊളിയും. അതേസമയം, കൊച്ചുകുട്ടികളും മറ്റുമുള്ള താരങ്ങൾക്ക് 2 മാസത്തോളം കുടുംബത്തിൽനിന്ന് അകന്നു കഴിയുന്നതു ബുദ്ധിമുട്ടായിരിക്കുമെന്ന് ടീമുകൾ വാദിക്കുന്നു.  

താമസം

ടീമുകളുടെ താമസത്തിനു പഞ്ചനക്ഷത്ര ഹോട്ടലുകൾ ഏർപ്പാടാക്കിയാൽ ബിസിസിഐ പാപ്പരാകാൻ അതുതന്നെ ധാരാളം. മറ്റുള്ളവർക്കു താമസിക്കാൻ അനുവാദമില്ലാത്തിനാൽ, ഓരോ ടീമിനുമായി ഓരോ പഞ്ചനക്ഷത്ര ഹോട്ടൽ വീതം അപ്പാടെ വാടകയ്ക്ക് എടുക്കേണ്ടി വരും! ഇതിനു പകരമായി ത്രീ സ്റ്റാർ ബുട്ടീക് ഹോട്ടലുകളോ റിസോർട്ടുകളോ അപ്പാടെ വാടകയ്ക്കെടുക്കാനാണു ശ്രമം. കേന്ദ്രീകൃത എയർ കണ്ടിഷൻ സംവിധാനം രോഗപ്പകർച്ചയ്ക്കു കാരണമായേക്കുമെന്നതിനാൽ ബീച്ച് റിസോർട്ടുകളിൽ താമസമൊരുക്കാനാണ് സാധ്യത. 

ടിക്കറ്റ്

കഴിഞ്ഞ സീസണിൽ ടിക്കറ്റ് വിൽപനയിലൂടെ മാത്രം ടീം മാനേജ്മെന്റുകൾക്ക് 250 കോടി രൂപയോളമാണു കിട്ടിയത്. എന്നാൽ, യുഎഇയിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണു മത്സരങ്ങളെങ്കിൽ ടിക്കറ്റ് വരുമാനത്തിന്റെ നഷ്ടം ആരു പരിഹരിക്കുമെന്നാണു ടീമുകളുടെ ചോദ്യം. ഇതിനോടു ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com