ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലണ്ട്– വെസ്റ്റിൻ‍ഡീസ് ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഇംഗ്ലിഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സാണ്. മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബാറ്റ് കൊണ്ടും പന്തു കൊണ്ടും തകർപ്പൻ പ്രകടനമാണ് സ്റ്റോക്സ് നടത്തിയത്. മത്സരത്തിന്റെ രണ്ട് ഇന്നിങ്സുകളിലുമായി 176, 78 റൺസുകള്‍ താരം നേടി. മൂന്ന് വിക്കറ്റുകളും രണ്ടാം ടെസ്റ്റിൽ സ്വന്തമാക്കി. ഈ പ്രകടനത്തോടെ ഐസിസിയുടെ ടെസ്റ്റ് ഓള്‍ റൗണ്ടർ റാങ്കിങ്ങിൽ സ്റ്റോക്സ് ഒന്നാമതെത്തി. വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറെയാണ് സ്റ്റോക്സ് പിന്നിലാക്കിയത്.

സ്റ്റോക്സിന്റെ മികവിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാനും രംഗത്തെത്തി. സ്റ്റോക്സിനെ പോലൊരു ഓൾ റൗണ്ടർ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയും പരാജയപ്പെടുത്താൻ സാധിക്കാത്ത ടീമായി മാറുമായിരുന്നെന്ന് പഠാൻ സമൂഹമാധ്യമങ്ങളി‍ൽ കുറിച്ചു. എന്നാൽ ഇന്ത്യയ്ക്ക് ഹാർദിക് പാണ്ഡ്യയെന്ന പ്രതിഭയുള്ള ഓൾ റൗണ്ടർ ഉണ്ടെന്നായിരുന്നു ആരാധകരിൽ പലരുടേയും മറുപടി. പക്ഷേ ബെൻ സ്റ്റോക്സിന്റെ മത്സരങ്ങൾ വിജയിപ്പിക്കാനുള്ള മികവുൾപ്പെടെ സ്വന്തമാക്കണമെങ്കിൽ ഹാര്‍ദിക് ഇനിയും ഏറെ മുന്നോട്ടുപോകണമെന്ന് ഇർഫാൻ പ്രതികരിച്ചു. ഹാർദിക് പാണ്ഡ്യയ്ക്ക് ഒരു ഫോർമാറ്റിലും ഇതുവരെ ആദ്യ പത്തിൽ എത്താൻ സാധിച്ചിട്ടില്ലെന്നും ഇർഫാന്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനായി മത്സരങ്ങൾ വിജയിപ്പിച്ചാണ് ബെൻ സ്റ്റോക്സ് ഓൾ റൗണ്ടർമാരിൽ ഒന്നാമനായത്. ഇന്ത്യയെ വിജയിപ്പിക്കാൻ ശേഷിയുള്ള ഒരു ഓൾ റൗണ്ടർ വേണമെന്നു ഞാൻ ആഗ്രഹിക്കുന്നു. യുവരാജ് സിങ് അങ്ങനെയൊരു കഴിവുള്ള താരമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ടീമിലൊരു ഓൾ റൗണ്ടറുള്ളത് വളരെ വ്യത്യസ്തമായ കാര്യമാണെന്നും ഒരു സ്പോർട്സ് മാധ്യമത്തോടു പഠാൻ പറഞ്ഞു. ഹാർദിക് പാണ്ഡ്യയ്ക്ക് കഴിവുണ്ടെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മത്സരങ്ങള്‍ ജയിപ്പിക്കാൻ പാണ്ഡ്യയ്ക്കു സാധിക്കുമെങ്കിൽ ഇന്ത്യ അജയ്യരാകും. ഇന്ത്യൻ ടീമിൽ വിരാട് കോലി, രോഹിത് ശർമ, കെ.എൽ. രാഹുൽ തുടങ്ങി പ്രതിഭകൾ ഏറെയുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ എന്നിങ്ങനെ മികച്ച ബോളർമാരും ഉണ്ട്. പക്ഷേ നല്ലൊരു ഓൾ റൗണ്ടറില്ല– പഠാൻ വ്യക്തമാക്കി.

ഇംഗ്ലണ്ടിനായി 66 ടെസ്റ്റ്, 95 ഏകദിനം, 26 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ബെൻ സ്റ്റോക്സ്. യഥാക്രമം 4419, 2682, 305 റൺസാണ് മൂന്ന് ഫോർമാറ്റുകളില്‍നിന്നും താരം ഇതുവരെ നേടിയിട്ടുള്ളത്. 156, 70, 14 എന്നിങ്ങനെ വിക്കറ്റുകളും സ്റ്റോക്സ് സ്വന്തമാക്കി. ഇന്ത്യയ്ക്കായി 11 ടെസ്റ്റ്, 54 ഏകദിനം, 40 ട്വന്റി20 മത്സരങ്ങൾ പാണ്ഡ്യ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 532, ഏകദിനത്തിൽ 957, ട്വന്റി20യിൽ 310 റൺസാണു താരം ഇതുവരെ നേടിയത്. ടെസ്റ്റിൽ ഒരു സെഞ്ചുറി (108) സ്വന്തമാക്കിയിട്ടുണ്ട്.

English Summary: Hardik Pandya is not in Top 10 in any format’ – Irfan Pathan compares the all-rounder with Ben Stokes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com