ADVERTISEMENT

ന്യൂ‍ഡൽഹി∙ ആഭ്യന്തര ക്രിക്കറ്റിനു കോവിഡുകാല ചട്ടങ്ങളുമായി (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ – എസ്ഒപി) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. 60 വയസ്സ് കഴിഞ്ഞവരെ സംസ്ഥാന ടീമുകളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽനിന്നും മാറ്റിനിർത്തണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ എസ്ഒപിയിലുണ്ട്.

ഇതോടെ, 60 വയസ്സ് കഴിഞ്ഞ പരിശീലകർ പരിശീലന ക്യാംപുകളിൽ തുടരാനാവില്ല. പരിശീലനം പുനരാരംഭിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. 

 സമ്മതപത്രം

പരിശീലനം പുനരാരംഭിക്കുന്നതിനു മുൻപായി എല്ലാ താരങ്ങളും നിർബന്ധമായും സമ്മതപത്രം ഒപ്പിടണം. പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും തങ്ങൾ ഉത്തരവാദികളായിരിക്കുമെന്നാണു സമ്മതപത്രത്തിലുള്ളത്. താരങ്ങളുടെ ആരോഗ്യത്തിലും സുരക്ഷയിലും അസോസിയേഷനുകൾ കർശന ശ്രദ്ധ പുലർത്തണണമെന്നും നിർദേശത്തിലുണ്ട്. 

 60 കഴിഞ്ഞാൽ

60 വയസ്സ് കഴിഞ്ഞവരെ പരിശീലകരായോ ഒഫിഷ്യൽസായോ ഗ്രൗണ്ട് സ്റ്റാഫായോ നിയമിക്കാൻ പാടില്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരെയും പരിശീലന ക്യാംപുകളിൽനിന്ന് ഒഴിവാക്കണം.

 യാത്ര

സ്റ്റേഡിയം, താമസസ്ഥലം എന്നിവിടങ്ങളിലേക്കുള്ള യാത്രയിൽ താരങ്ങൾ പരിപൂർണ ശ്രദ്ധ കാണിക്കണം. യാത്രകളിൽ എൻ95 മാസ്ക് നിർബന്ധമായും ധരിക്കണം. 

BCCI

 പരിശോധന

ക്യാംപ് തുടങ്ങുന്നതിനു മുൻപായി ഓരോ താരത്തിന്റെയും 2 ആഴ്ചത്തെ യാത്രയുടെ വിവരങ്ങൾ ഓൺലൈനായി ശേഖരിക്കണം. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അതും നോക്കണം. കോവിഡ് ലക്ഷണങ്ങളുള്ളവരോ കോവിഡ് പോസിറ്റീവുകാരുമായി സമ്പർക്കത്തിലായവരോ പിസിആർ ടെസ്റ്റിനു വിധേയരാകണം.

ക്യാംപിൽ ചേരാനായി എത്തുന്ന ദിവസവും 3–ാം ദിവസവും എല്ലാവർക്കും കോവിഡ് ടെസ്റ്റ്. രണ്ടിലും നെഗറ്റീവാകുന്നവരേ മാത്രമേ ക്യാംപിലേക്കു പ്രവേശിപ്പിക്കൂ. പരിശീലനത്തിനു മുൻപും ശേഷവും ശരീര താപനില പരിശോധിക്കണം.

വെബിനാർ

ക്യാംപ് തുടങ്ങുന്നതിനു മുൻപായി ചീഫ് മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ താരങ്ങൾക്കും സ്റ്റാഫിനുമായി വെബിനാർ. താരങ്ങൾക്കു വ്യക്തിപരമായി ബോധവൽക്കരണ ശിൽപശാലയും നടത്തണം.

വിലക്ക്

താരങ്ങൾക്കൊപ്പം മാതാപിതാക്കളോ സുഹൃത്തുക്കളോ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കരുത്.

തുപ്പൽ വേണ്ട

രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നിർദേശിച്ചതുപോലെ പരിശീലനത്തിനിടെ തുപ്പൽ പുരട്ടി പന്ത് മിനുസപ്പെടുത്താൻ പാടില്ല.

അരുൺ ലാലും വാട്മോറും പുറത്തേക്ക്

60 വയസ്സ് കഴിഞ്ഞവർ മാറിനിൽക്കണമെന്ന നിർദേശം ബംഗാൾ പരിശീലകൻ അരുൺ ലാലിനും ബറോഡ പരിശീലകൻ ഡേവ് വാട്മോറിനും തിരിച്ചടിയാകും. ഇരുവർക്കും പരിശീലന ക്യാംപിലേക്കു പ്രവേശിക്കാനാവില്ല.

1200-arun-lal-watmore
ഡേവ് വാട്മോർ, അരുൺ ലാൽ

അറുപത്തഞ്ചുകാരനായ അരുൺ ലാലാണു കഴിഞ്ഞ രഞ്ജി ട്രോഫിയിൽ ബംഗാളിനെ ഫൈനലിലേക്കു നയിച്ചത്. അറുപത്തിയാറുകാരനായ വാട്‌മോർ ഏപ്രിലിലാണു ബറോഡ പരിശീലകനായി നിയമിതനായത്.

കോവിഡ് ദൗത്യസംഘം: നയിക്കാൻ ദ്രാവിഡ്

ബിസിസിഐയുടെ കോവിഡ് ദൗത്യസംഘത്തെ നയിക്കാൻ ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവിയും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ രാഹുൽ ദ്രാവിഡ് എത്തിയേക്കും. കോവിഡ് കാലത്തെ ചട്ടങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാന അസോസിയേഷനുകളുമായും താരങ്ങളുമായും സ്ഥിരമായി ആശയവിനിമയം നടത്തുകയെന്നതാണു ദൗത്യസംഘത്തിന്റെ പ്രധാന ചുമതല.

English Summary: BCCI SOP Amid Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com