ADVERTISEMENT

മുംബൈ∙ ഓപ്പണിങ് ബാറ്റ്സ്മാന്റെ റോളിലേക്കു മാറിയതോടെയാണ് ഇന്ത്യൻ ക്രിക്കറ്റിൽ രോഹിത് ശര്‍മയുടെ തലവരയും മാറിയത്. അതിനു ശേഷം രോഹിത് നിരവധി റെക്കോർഡുകളും സ്വന്തമാക്കി. രാജ്യാന്തര തലത്തിലെ വിജയങ്ങൾക്കു പുറമേ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ നാലുവട്ടം കിരീടത്തിലേക്കും നയിച്ചു. 224 ഏകദിനം, 108 ട്വന്റി20, 32 ടെസ്റ്റ് മത്സരങ്ങളിൽ രോഹിത് ഇന്ത്യയ്ക്കായി കളിച്ചു. മൂന്ന് ഫോർമാറ്റുകളിൽനിന്നും താരം ഇതുവരെ നേടിയത് 14029 റൺസ്. ഏകദിന മത്സരങ്ങളിൽ മൂന്ന് ഇരട്ട സെഞ്ചുറി പ്രകടനങ്ങളും താരത്തിന്റെ പേരിലുണ്ട്.

ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യന്‍ ടീമിന്റെ അടുത്ത എം.എസ്. ധോണിയാകുക രോഹിത് ശർമയായിരിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന അടുത്തിടെ പ്രതികരിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ രോഹിത് അടുത്ത ധോണിയാകും. അദ്ദേഹം ശാന്തനായിരിക്കും, ശ്രദ്ധിക്കും, താരങ്ങൾക്ക് ആത്മവിശ്വാസം നൽകും, ഇതെല്ലാം ഞാൻ കണ്ടിട്ടുണ്ട്. ടീമിനെ മുന്നിൽനിന്നു നയിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു– ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം ജെ.പി. ഡുമിനിക്കൊപ്പമുള്ള പോഡ്കാസ്റ്റിൽ സുരേഷ് റെയ്ന പറഞ്ഞു.

എന്നാൽ ധോണിയുമായുള്ള താരതമ്യങ്ങൾ വേണ്ടായിരുന്നെന്നാണ് രോഹിത് ഇതിനെക്കുറിച്ചു പ്രതികരിച്ചത്. ട്വിറ്ററിലെ ഒരു ചോദ്യോത്തര പരിപാടിയിലാണ് രോഹിത് സുരേഷ് റെയ്നയുടെ വാക്കുകളോടുള്ള നിലപാട് വ്യക്തമാക്കിയത്. സുരേഷ് റെയ്നയുടെ പ്രതികരണത്തെക്കുറിച്ചു ഞാൻ കേട്ടിരുന്നു. എന്നാൽ എം.എസ്. ധോണി ആരെപ്പോലെയുമല്ല. അദ്ദേഹത്തെ പോലെ ആകാൻ ആർക്കും സാധിക്കില്ല. ഇങ്ങനെയുള്ള താരതമ്യങ്ങൾ ആവശ്യമില്ലെന്നാണു ഞാൻ വിശ്വസിക്കുന്നത്. എല്ലാ വ്യക്തികളും വ്യത്യസ്തരാണ്. എല്ലാവർക്കും കരുത്തും ദൗർബല്യങ്ങളുമുണ്ടാകാം– രോഹിത് ശർമ വ്യക്തമാക്കി.

ഐപിഎല്ലിലെയും രാജ്യാന്തര ക്രിക്കറ്റിലെയും മികവുകളെ ചൂണ്ടിക്കാട്ടിയാണ് ആരാധകർ രോഹിത് ശർമയെ ധോണിയുമായി താരതമ്യം ചെയ്യുന്നത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് രോഹിത് ശർമ. രോഹിതിന് കീഴിൽ നാലു തവണ മുംബൈ ഐപിഎൽ കിരീടം നേടി. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ധോണി മൂന്ന് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ– നവംബർ മാസങ്ങളിൽ യുഎഇയിൽ നടക്കുന്ന ഐപിഎൽ പതിമൂന്നാം സീസണിൽ ഇരുവരുടെയും പ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ 19 മുതൽ നവംബർ 10വരെ ദുബായ്, അബുദബി, ഷാർജ എന്നിവിടങ്ങളിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുക.

English Summary: Rohit Sharma responds after Suresh Raina tags him as the ‘next MS Dhoni’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com