ADVERTISEMENT

ഇസ്‍ലാമാബാദ്∙ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ സച്ചിൻ തെൻഡുൽക്കറിനോളം പ്രതിഭ ഇല്ലാതിരുന്നിട്ടും ചില സമയത്ത് രാഹുൽ ദ്രാവിഡ് സച്ചിനേക്കാൾ മികച്ചുനിന്നതായി പാക്കിസ്ഥാന്റെ മുൻ താരവും കമന്റേറ്ററുമായ റമീസ് രാജ. തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടും ഏറ്റവും മികച്ച താരമായി എണ്ണപ്പെടാതെ പോകുന്നത് ഒരാളുടെ ആത്മവിശ്വാസം തകർത്തേക്കാം. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടും ദീർഘകാലം സച്ചിനൊപ്പം പിടിച്ചുനിന്നതിനും ചിലപ്പോഴെല്ലാം അദ്ദേഹത്തെ അതിശയിക്കുന്ന പ്രകടനം പുറത്തെടുത്തതിനും ദ്രാവിഡിനെ അഭിനന്ദിച്ചേ തീരൂവെന്ന് റമീസ് രാജ ചൂണ്ടിക്കാട്ടി.

‘രാഹുൽ ദ്രാവിഡിന് സച്ചിൻ തെൻഡുൽക്കറിനോളം പ്രതിഭ ഉണ്ടായിരിക്കില്ല. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനൊപ്പം പിടിച്ചുനിൽക്കാനും അദ്ദേഹത്തോടു മത്സരിക്കാനും ഏറെ അധ്വാനം വേണം. തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടും ഏറ്റവും മികച്ച താരമായി എണ്ണപ്പെടാതെ പോകുന്നത് ഒരാളുടെ മനസ്സിടിക്കുമെന്ന കാര്യം തീർച്ച’ – റമീസ് രാജ ചൂണ്ടിക്കാട്ടി.

‘ഇക്കാര്യത്തിൽ രാഹുൽ ദ്രാവിഡിനെ സമ്മതിക്കണം. പിടിച്ചുനിൽക്കുക മാത്രമല്ല, ചിലപ്പോഴെങ്കിലും സച്ചിനെപ്പോലും അതിശയിക്കുന്ന പ്രകടനം കാഴ്ചവയ്ക്കാനും ദ്രാവിഡിന് സാധിച്ചിട്ടുണ്ട്. ഏറ്റവും വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽപ്പോലും ദ്രാവിഡ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. കാരണം, അദ്ദേഹത്തിന്റെ പ്രതിരോധം പാറപോലെ ഉറച്ചതായിരുന്നു. മൂന്നാം നമ്പറിൽ ബാറ്റു ചെയ്യാനും വിക്കറ്റ് കീപ്പറുടെ റോൾ ഏറ്റെടുക്കാനും അദ്ദേഹം കാട്ടിയ മനസ്സും അഭിനന്ദനീയമാണ്’ – റമീസ് രാജ ചൂണ്ടിക്കാട്ടി.

‘ഏറ്റവും ബഹുമാനിക്കപ്പെടേണ്ട താരങ്ങളിലൊരാളാണ് ദ്രാവിഡ് എന്ന കാര്യത്തിൽ തർക്കമില്ല. ഡ്രസിങ് റൂമിലെ പെരുമാറ്റമാണ് ഒരു താരത്തിന്റെ മഹത്വം നിർവചിക്കുന്നത്. ഏറ്റവും ദുർഘടമായ ഘട്ടത്തിൽപ്പോലും രക്ഷകനാകാൻ അയാൾക്കു കഴിയുമെന്ന ടീമിന്റെയും ആരാധകരുടെയും വിശ്വാസത്തോളം പോന്ന അംഗീകാരം വേറെന്തുണ്ട്?’ – റമീസ് രാജ ചോദിച്ചു.

ഇന്ത്യയ്ക്കായി 164 ടെസ്റ്റുകളിൽനിന്ന് 52.31 ശരാശരിയിൽ 13,288 റൺസ് അടിച്ചുകൂട്ടിയ താരമാണ് ദ്രാവിഡ്. 344 ഏകദിനങ്ങളിൽനിന്ന് 39.16 ശരാശരിയിൽ 10,889 റൺസും നേടിയിട്ടുണ്ട്.

English Summary: Rahul Dravid wasn’t as gifted as Sachin Tendulkar but at times outdid him: Former Pakistan batsman Ramiz Raja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com