ADVERTISEMENT

മാഞ്ചസ്റ്റർ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാൻ ടീമിൽ ഇടം ലഭിക്കാതിരുന്ന മുൻ നായകൻ സർഫറാസ് അഹമ്മദിനെ താരങ്ങൾക്ക് വെള്ളവും ഷൂവും ചുമക്കാൻ നിയോഗിച്ചതിനെച്ചൊല്ലി വിവാദം. കോവിഡിനുശേഷമുള്ള ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിക്കുന്നതിനിടെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റിൽ പുതിയ വിവാദം ഉടലെടുത്തത്. മാഞ്ചസ്റ്ററിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സർഫറാസിന് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. സർഫറാസിനു പകരം മുഹമ്മദ് റിസ്‌വാനാണ് കളത്തിലിറങ്ങിയത്. ഇതോടെ ഈ മുൻ നായകൻ ടീമിലെ പന്ത്രണ്ടാമനായി.

പാക്കിസ്ഥാന് ചാംപ്യൻസ് ട്രോഫി നേടിക്കൊടുത്ത ക്യാപ്റ്റന് ഇതോടെ ഗ്രൗണ്ടിലുള്ള താരങ്ങൾക്ക് വെള്ളമെത്തിക്കേണ്ട ചുമതലയും ലഭിച്ചു. മത്സരത്തിനിടെ ക്രീസിലുള്ള താരത്തിന്റെ ഷൂ കേടായപ്പോൾ പകരം ഷൂവുമായി എത്തിയതും മുൻ ക്യാപ്റ്റൻ തന്നെ. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ മുൻ നായകനെന്ന നിലയിൽ സർഫറാസ് അഹമ്മദ് കുറച്ചുകൂടി ആദരവ് അർഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ആരാധകരും മുൻ താരങ്ങളും രംഗത്തെത്തി.

സർഫറാസ് അഹമ്മദിനെ പരിഹസിക്കാനുള്ള ശ്രമമാണ് നടന്നതെങ്കിൽ ഒരിക്കലും യോജിക്കാനാവില്ലെന്ന് വ്യക്തമാക്കി മുൻ താരം ശുഐബ് അക്തറാണ് ആദ്യ വെടി പൊട്ടിച്ചത്. കളിക്കാർക്കുള്ള വെള്ളം ചുമക്കാനും കേടായ ഷൂവിനു പകരം ഷൂ എത്തിക്കാനും മുൻ ക്യാപ്റ്റനെയല്ലാതെ മറ്റാരെയും ലഭിച്ചില്ലേയെന്നും അക്തർ ചോദിച്ചു.

‘ആ ദൃശ്യങ്ങൾ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. കറാച്ചിയിൽനിന്നുള്ള ആ വ്യക്തിയെ വച്ച് പുതിയൊരു ശൈലി രൂപപ്പെടുത്താനാണ് ശ്രമിച്ചതെങ്കിൽ അത് ശരിയല്ലെന്ന് പറയേണ്ടിവരും. നാലു വർഷം പാക്കിസ്ഥാനെ നയിക്കുകയും ചാംപ്യൻസ് ട്രോഫിയിൽ കിരീടം സമ്മാനിക്കുകയും ചെയ്ത ക്യാപ്റ്റനോടു പെരുമാറേണ്ട രീതി ഇതല്ല. കളിക്കാരുടെ ഷൂ ചുമക്കാൻ പോലും നിങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചു. അദ്ദേഹം അതു സ്വയം ഏറ്റെടുത്തതാണെങ്കിൽപ്പോലും അനുവദിക്കാൻ പാടില്ലായിരുന്നു. വസിം അക്രം എനിക്കായി ഒരിക്കലും ഷൂ ചുമന്നിട്ടില്ല’ – അക്തർ ചൂണ്ടിക്കാട്ടി.

‘ഏറ്റവും ദുർബലനും വിധേയനുമായ വ്യക്തിയാണ് സർഫറാസെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ന് കളിക്കാർക്കുവേണ്ടി ഷൂ ചുമന്ന അതേ മനഃസ്ഥിതിയിലാവണം അദ്ദേഹം പാക്കിസ്ഥാനെ നയിച്ചിരുന്നതും. അതുകൊണ്ടാണ് അന്നത്തെ പരിശീലകൻ മിക്കി ആർതർ ഇത്രമാത്രം ആധിപത്യം സ്ഥാപിച്ചത്. ഷൂ ചുമക്കുന്നത് വലിയൊരു പ്രശ്നമാണെന്നല്ല ഞാൻ പറയുന്നത്. പക്ഷേ, മുൻ ക്യാപ്റ്റൻ അതു ചെയ്യുന്നതിൽ അനൗചിത്യമുണ്ട്’ – അക്തർ പറഞ്ഞു.

പാക്കിസ്ഥാന്റെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്ന റഷീദ് ലത്തീഫും പാക്കിസ്ഥാൻ മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കളിക്കാർക്ക് വെള്ളവുമായി ഗ്രൗണ്ടിലെത്തിയത് സർഫറാസിന്റെ മഹത്വമാണ് വെളിവാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാൻ താരങ്ങളുടെ ടീം സ്പിരിറ്റിനെയും ലത്തീഫ് ചോദ്യം ചെയ്തു. മുഹമ്മദ് ആമിറും വഹാബ് റിയാസും ദേശീയ ടീം ജഴ്സി അണിയാതെ ട്രാക്ക് സ്യൂട്ട് ധരിച്ച് പവലിയനിലിരുന്നതിനെ അദ്ദേഹം വിമർശിച്ചു.

‘ടീമിൽ ഇടം ലഭിക്കാതെ പോയ മുതിർന്ന താരങ്ങളായ മുഹമ്മദ് ആമിറും വഹാബ് റിയാസും പാക്ക് ജഴ്സി പോലും ധരിച്ചിരുന്നില്ല. ട്രാക് സ്യൂട്ടിലാണ് ഇരുവരും ഇരുന്നത്. ഇത് ടീം സ്പിരിറ്റിന് വിരുദ്ധമാണ്. പക്ഷേ, സർഫറാസിന്റെ ലാളിത്യം നാം സമ്മതിച്ചേ മതിയാകൂ. പക്ഷേ, അദ്ദേഹത്തെ വെള്ളം ചുമക്കാനും ഷൂ കൊണ്ടുപോകാനും നിയോഗിച്ചത് ശരിയായില്ല’ – റഷീദ് ലത്തീഫ് പറഞ്ഞു.

അതേസമയം, സർഫറാസ് അഹമ്മദ് സഹതാരങ്ങൾക്ക് വെള്ളവും ഷൂവുമായി പോയതിൽ ലജ്ജിക്കാനൊന്നുമില്ലെന്ന് പാക്ക് ടീമിന്റെ മുഖ്യ പരിശീലകൻ മിസ്ബ ഉൾ ഹഖ് അഭിപ്രായപ്പെട്ടു. സർഫറാസ് അഹമ്മദ് നല്ലൊരു മനുഷ്യനാണ്. ടീമിൽ ഇടം ലഭിക്കാതെ പോയ നാലു പേരിൽ മൂന്നു പേർ ആ സമയത്ത് നെറ്റ്സിൽ പരിശീലിരിക്കുകയായിരുന്നുവെന്നും അവിടെയുണ്ടായിരുന്ന ഏക താരമെന്ന നിലയിലാണ് സർഫറാസിനെ വെള്ളവും ഷൂവുമായി ഗ്രൗണ്ടിലേക്ക് അയച്ചതെന്നും മിസ്ബ വ്യക്തമാക്കി. ഇത്തരം അനാവശ്യ ചർച്ചകൾ പാക്കിസ്ഥാനിൽ മാത്രമേ നടക്കൂവെന്നും മിസ്ബ വിമർശിച്ചു.

‘ഇത്തരം ചർച്ചകൾ പാക്കിസ്ഥാനിൽ മാത്രമേ നടക്കൂ. പാക്ക് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഞാൻ ഓസ്ട്രേലിയയിൽവച്ച് സഹതാരങ്ങൾക്ക് വെള്ളവുമായി ഗ്രൗണ്ടിലേക്ക് പോയിട്ടുണ്ട്. അതിൽ ഇത്ര നാണക്കേട് എന്തിരിക്കുന്നു? സർഫറാസ് നല്ലൊരു മനുഷ്യനാണ്. ഇതൊരു ടീം ഗെയിമാണെന്ന് അദ്ദേഹത്തിനറിയാം. മറ്റു താരങ്ങൾ പുറത്ത് പരിശീലിക്കുകയാണെങ്കിൽ അവിടെയുള്ള താരം വെള്ളം കൊടുക്കാൻ പോകേണ്ടിവരും. അതിൽ അനാദരവിന്റെ പ്രശ്നമൊന്നുമില്ല. ഇത്തരം കാര്യങ്ങളൊന്നും ഗൗനിക്കാതെ സർഫറാസ് വെള്ളവുമായി പോയത് വലിയ കാര്യമല്ലേ? അതിലുപരി പാക്ക് ടീമിന്റെ മഹത്വമാണ് ഇതിലൂടെ ദൃശ്യമാകുന്നത്’ – മിസ്ബ പറഞ്ഞു.

English Summary: You made him carry shoes: Shoaib Akhtar unhappy with former Pakistan captain Sarfaraz Ahmed carrying drinks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com