ADVERTISEMENT

1997 സെപ്റ്റംബർ – വിവിധ പരമ്പരകളിലെ തുടർച്ചയായ പരാജയങ്ങളിൽ പതറിയ ഇന്ത്യ, അഞ്ച് മൽസരങ്ങളടങ്ങിയ സഹാറ കപ്പിനായി കാനഡയിലെ ടൊറന്റോയിലേക്ക് വിമാനം കയറിയത് കാര്യമായ പ്രതീക്ഷകളില്ലാതെയാണ്. എതിരാളികൾ ബദ്ധവൈരികളായ പാക്കിസ്ഥാൻ. ജവഗൽ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ്, അനിൽ കുംബ്ലെ തുടങ്ങിയ ഒന്നാം നിര ബോളർമാരില്ലാതെയായിരുന്നു ഇന്ത്യൻ ടീമിന്റെ പര്യടനം. അബി കുരുവിള, ദേബാശിഷ് മൊഹന്തി, രാജേഷ് ചൗഹാൻ, റോബിൻ സിങ്, ഹർവീന്ദർ സിങ് എന്നിവരിലായിരുന്നു ഇന്ത്യയുടെ ബോളിങ് പ്രതീക്ഷ. നേരിടാൻ സലിം മാലിക്, റമീസ് രാജ, ഇജാസ് അഹമ്മദ് തുടങ്ങിയ പേരുകേട്ട പാക്ക് താരങ്ങളും.

എന്നാൽ ഏവരെയും അമ്പരപ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. അതും 4–1 എന്ന നിലയിൽ ആധികാരികമായിത്തന്നെ. ആ വിജയം നേടിത്തന്ന താരത്തെക്കുറിച്ചാണ് ഈ കുറിപ്പ്. അദ്ദേഹത്തിന്റെ പേര് സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റ് ഒരിക്കൽ തള്ളിക്കളഞ്ഞ പോരാളി! പരമ്പരയിൽ ഇന്ത്യയെ നയിച്ച സച്ചിൻ തെൻഡുൽക്കറിന്റെ വജ്രായുധമായി മാറുകയായിരുന്നു അക്ഷരാർഥത്തിൽ ഗാംഗുലി. ഏകദിനത്തിലെ ഗാംഗുലിയുടെ മുൻ പ്രകടനങ്ങൾ വിലയിരുത്തുമ്പോഴാണ് ഈ പരമ്പര അദ്ദേഹത്തിനും ഇന്ത്യയ്ക്കും എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു എന്ന് വ്യക്തമാകുക.

∙ ഗതിമാറ്റിയ പരമ്പര

സഹാറാ കപ്പിനു മുൻപ് ഗാംഗുലി കളിച്ചത് 34 ഏകദിന മൽസരങ്ങൾ. ഒരു സെഞ്ചുറിയും ആറ് അർധ സെഞ്ചുറിയും സഹിതം സമ്പാദ്യം 1011 റൺസ്. ഇതിനു പുറമെ ഒരേയൊരു വിക്കറ്റും. സഹാറാ കപ്പ് ഗാംഗുലിയുടെ കരിയർ തന്നെ മാറ്റിമറിച്ചു. ആ പരമ്പരയിൽ കളിച്ച നാല് ഇന്നിങ്സുകളിൽ നിന്ന് രണ്ട് അർധ സെഞ്ചുറികൾ സഹിതം അദ്ദേഹം അടിച്ചുകൂട്ടിയത് 222 റൺസ്!

ബാറ്റിങ്ങിനെക്കാളേറെ ബോളിങ്ങിലാണ് ഗാംഗുലി മിന്നിത്തിളങ്ങിയത് എന്നതാണ് കൗതുകം. മുൻപ് 34 മത്സരങ്ങളിൽനിന്ന് ഒരേയൊരു വിക്കറ്റ് മാത്രം നേടിയി ഗാംഗുലി, ഈ പരമ്പരയിൽനിന്നു മാത്രം വീഴ്ത്തിയത് 15 വിക്കറ്റുകൾ. മുൻപ് ഏകദിനത്തിൽ രണ്ട് മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ മാത്രം നേടിയിട്ടുള്ള ഗാംഗുലി ഈ പരമ്പരയിലെ അഞ്ച് മൽസരങ്ങളിൽ നാലിലും മാൻ ഓഫ് ദ് മാച്ചായി; ഒപ്പം മാൻ ഓഫ് ദ് സീരീസ് പുരസ്കാരവും‌ം അദ്ദേഹത്തെ തേടിയെത്തി.

∙ പാക്കിസ്ഥാനെ വിറപ്പിച്ച ദാദ

സൗരവ് ഗാംഗുലി എന്ന ഇടങ്കയ്യൻ ബാറ്റ്സ്മാൻ മീഡിയം പേസറിന്റെ റോളിൽ അവതരിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രഹരശേഷി പാക്കിസ്ഥാൻ താരങ്ങൾ മനസ്സിലാക്കിയിരുന്നില്ല എന്നതാണ് വാസ്തവം. മികച്ച ബോളറെന്ന് 1996ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഗാംഗുലിയേക്കുറിച്ച് ജെഫ് ബോയ്ക്കോട്ട് നടത്തിയ നിരീക്ഷണം അക്ഷരാർഥത്തിൽ ശരിയായി. ബാറ്റ്സ്മാനായി അറിയപ്പെട്ടിരുന്ന ഗാംഗുലിയുടെ സ്പെല്ലുകൾ സലിം മാലിക് ഉൾപ്പെടെയുള്ള പാക്ക് താരങ്ങള്‍ക്ക് പേടിസ്വപ്നമായി.

മഴയിൽ കുതിർന്ന പരമ്പരയിൽ പതിയെ തുടങ്ങിയ ഗാംഗുലി പിന്നീട് സംഹാരരൂപം പ്രാപിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ 17 റൺസ് മാത്രം നേടിയ ഗാംഗുലി, ഏഴ് ഓവറിൽ 27 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും സ്വന്തമാക്കി. തകർപ്പൻ പ്രകടനവുമായി അജയ് ജഡേജയാണ് കളിയിലെ കേമനായത്.

രണ്ടാം മൽസരത്തിൽ ആദ്യം ബാറ്റു ചെയ്തത് പാക്കിസ്ഥാൻ. വെറും 116 റൺസിന് അവർ തകർന്നടിയുമ്പോൾ 9 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഗാംഗുലിയുടെ പ്രകടനം ശ്രദ്ധേയമായി. പിന്നീട് ഓപ്പണറായിറങ്ങി 86 പന്തിൽ 32 റൺസെടുത്ത ഗാംഗുലി ഇന്ത്യയുടെ ടോപ് സ്കോററായി. കളിയിലെ കേമനും! 

മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 31.5 ഓവറിൽ മൂന്നിന് 169 റണ്‍സ് എന്ന നിൽക്കെ മത്സരം മഴമൂലം ഉപേക്ഷിച്ചു. 7.5 ഓവറിൽ 39 റൺസ് വഴങ്ങിയ ഗാംഗുലിയാണ് ഇതിൽ രണ്ടു വിക്കറ്റും പോക്കറ്റിലാക്കിയത്. പിറ്റേന്ന് മത്സരം വീണ്ടും നടന്നു. ഇക്കുറി ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി ഗാംഗുലിക്ക് നേടാനായത് 2 റൺസ് മാത്രം. ഇന്ത്യ നേടിയത് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 182 റണ്‍സ്. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ വെറും 148 റൺസിന് തകർന്നടിയുമ്പോൾ ഇന്ത്യൻ ബോളിങ്ങിന് നേതൃത്വം നൽകിയത് ഗാംഗുലി തന്നെ. 10 ഓവർ ബോൾ ചെയ്ത് 3 മെയ്ഡ് ഇൻ ഓവറുകൾ ഉൾപ്പടെ 16 റൺസ് മാത്രം വഴങ്ങിയ ഗാംഗുലി 5 വിക്കറ്റുകൾ വീഴ്ത്തി. ഗാംഗുലിയുടെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം. കരിയറിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനവും ഇതുതന്നെ. വീണ്ടും മാൻ ഓഫ് ദ് മാച്ച് പുരസ്കാരം!

ഇന്ത്യ ജയിച്ച നാലാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്തത് പാക്കിസ്ഥാൻ. ആറ് ഓവർ ബോൾ ചെയ്ത ഗാംഗുലി 29 റൺസ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. 28 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ പാക്കിസ്ഥാൻ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ്. മഴമൂലം ഇന്ത്യയുടെ വിജയലക്ഷ്യം 26 ഓവറിൽ 160 റൺസായി പുനർനിർണയിച്ചു. 25.3 ഓവറിൽ ഇന്ത്യ ലക്ഷ്യത്തിലെത്തുമ്പോൾ പരമ്പരയിലെ ആദ്യ അർധസെഞ്ചുറിയുമായി വഴികാട്ടിയത് ഗാംഗുലി തന്നെ. 75 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 75 റൺസെടുത്ത് പുറത്താകാതെ നിന്ന ഗാംഗുലി, തുടർച്ചയായ മൂന്നാം മത്സരത്തിലും മാൻ ഓഫ് ദ് മാച്ചായി.

അഞ്ചാം ഏകദിനത്തിലും ഗാംഗുലി അർധ സെഞ്ചുറി പ്രകടനം ആവർത്തിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഗാംഗുലി സെഞ്ചുറിക്ക് നാലു റൺസ് അകലെ പുറത്തായി. 136 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതമാണ് 96 റൺസെടുത്തത്. ഇന്ത്യ ഉയർത്തിയ 251 റണ്‍സ് വിജയലക്ഷ്യം ഒൻപത് ഓവറിലധികം ബാക്കിനിൽക്കെ മറികടന്ന് പാക്കിസ്ഥാൻ പരമ്പരയിലെ ആദ്യ ജയം കുറിച്ചെങ്കിലും കളിയിലെ കേമനായത് ഗാംഗുലി! 96 റൺസെടുത്തതിനു പുറമെ 9 ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് കൂടി വീഴ്ത്തിയ പ്രകടനമാണ് ഗാംഗുലിയെ മാൻ ഓഫ് ദ് മാച്ച് ആക്കിയത്. എതിരില്ലാതെ മാൻ ഓഫ് ദ് സീരീസ് പുരസ്കാരവും ഗാംഗുലിക്ക്.

∙ തിളങ്ങി ‘ബോളർ’ ഗാംഗുലി

പരമ്പരയിൽ നാലു തവണയാണ് ഗാംഗുലി സലിം മാലിക്കിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. ഇജാസ് അഹമ്മദ്, റമീസ് രാജ എന്നിവരെ രണ്ടു തവണ വീതവും അദ്ദേഹം പുറത്താക്കി. ആ പരമ്പരയിൽ ഓരോ 20 പന്തിലും ഗാംഗുലി ഓരോ വിക്കറ്റ് വീഴ്ത്തിയെന്നാണ് കണക്ക്. ഗാംഗുലിയ്ക്കെതിരെ ഓരോ തവണ 10 റൺസ് നേടുമ്പോഴും പാക്കിസ്ഥാന്റെ ഓരോ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. 

കാണികളിലൊരാളെ ബാറ്റുമായി ആക്രമിക്കാൻ ശ്രമിച്ച് ഇൻസമാം ഉൾ ഹഖ് രണ്ടു മൽസരങ്ങളിൽനിന്ന് വിലക്ക് ഏറ്റുവാങ്ങിയതും ഈ പരമ്പരയിലാണ്. രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എന്ന നിലയിൽ ബാറ്റ് ചെയ്യുമ്പോഴായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. ഗാലറിയിൽനിന്ന് മെഗാഫോണിലൂടെ, ഉരുളക്കിഴങ് എന്നർഥം വരുന്ന ഹിന്ദി വാക്കായ ‘ആലു’ എന്ന് വിളിച്ച് അധിക്ഷേപിച്ച കാണിക്കു നേരെ ബൗണ്ടറി ലൈനിൽ നിന്നു ലഭിച്ച ബാറ്റുമായി ഇൻസമാം പാഞ്ഞടുക്കുകയായിരുന്നു.

English Summary: Times When Saurav Ganguly Won Matches Single-Handedly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com