ADVERTISEMENT

മുംബൈ∙ ഐപിഎൽ സ്പോൺസർഷിപ്പിൽനിന്ന് ചൈനീസ് കമ്പനിയായ വിവോ പിൻമാറിയത് ബിസിസിഐയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമെന്ന പ്രചാരണം തള്ളി പ്രസിഡന്റ് സൗരവ് ഗാംഗുലി. സ്ഥിരം പാതയിൽനിന്നുള്ള നേരിയ വ്യതിയാനം മാത്രമാണ് വിവോയുടെ പിൻമാറ്റമെന്നും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാനുള്ള കരുത്ത് ബിസിസിഐയ്ക്കുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഉടലെടുത്ത പ്രതിഷേധങ്ങളെ തുടർന്നാണ് ഈ വർഷത്തെ ഐപിഎൽ സ്പോർണ്‍സർഷിപ്പിൽനിന്ന് വിവോ പിൻമാറിയത്.

ഐപിഎൽ വരുമാനത്തിന്റെ മുഖ്യ പങ്ക് ടൈറ്റിൽ സ്പോൺസർഷിപ്പിൽനിന്നും ആയതിനാൽ വിവോയുടെ പിൻമാറ്റം ബിസിസിഐയുടെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. 2018 മുതൽ 2022 വരെയുള്ള ഐപിഎൽ ടൈറ്റിൽ സ്പോർൺസർഷിപ്പ് 2190 കോടി രൂപയ്ക്കാണ് വിവോ സ്വന്തമാക്കിയത്. അതായത് പ്രതിവർഷം 440 കോടി രൂപയാണ് വിവോയിൽനിന്ന് മാത്രം ബിസിസിഐയ്ക്ക് ലഭിക്കുന്നത്. ഇത്തവണ അവർ കരാറിൽനിന്ന് പിൻമാറിയതോടെ ഈ തുക നഷ്ടമാകും. പകരം സ്പോൺസറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ എങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

‘ഇതിനെ സാമ്പത്തിക പ്രതിസന്ധി എന്നൊന്നും വിളിക്കാൻ പറ്റില്ല. സ്ഥിരം പാതയിൽനിന്നുള്ള നേരിയ വ്യതിയാനം മാത്രമാണിത്. ബിസിസിഐ വളരെ കെട്ടുറപ്പുള്ളൊരു പ്രസ്ഥാനമാണ്. ക്രിക്കറ്റും താരങ്ങളും മുൻ ഭരണാധികാരികളും ഇതിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി വളർത്തിയെടുത്തിട്ടുണ്ട്. ഇത്തരം ചെറിയ പ്രശ്നങ്ങൾ അനായാസം മറികടക്കാൻ ബിസിസിഐയ്ക്ക് കഴിയും’ – ഗാംഗുലി പറഞ്ഞു. ഇത്തരം ഘട്ടങ്ങളിൽ മുന്നോട്ടു പോകാൻ ബിസിസിഐയ്ക്ക് ‘പ്ലാൻ ബി’ ഉണ്ടെന്നും ഗാംഗുലി പറഞ്ഞു.

‘ഒരു വഴി അടഞ്ഞാൽ മറ്റു വഴികൾ തുറക്കുക എന്നതാണ് പ്രധാനം. അതായത് പ്ലാൻ എ പാളിയാൽ പ്ലാൻ ബി ഉള്ളതുപോലെ. വിവരമുള്ളവർ ഈ രീതിയിലാണ് കാര്യങ്ങൾ ചെയ്യുക. വിവരമുള്ള ബ്രാൻഡുകളും കോർപ്പറേറ്റുകളും പ്രവർത്തിക്കുന്നതും ഈ വിധത്തിൽത്തന്നെ’ – ഗാംഗുലി ചൂണ്ടിക്കാട്ടി.

‘നീണ്ട കാലം തികച്ചും പ്രഫഷനലായി കാര്യങ്ങൾ കൈകാര്യം ചെയ്താൽ മാത്രമേ ആര്‍ക്കായാലും ഇത്തരത്തിൽ പ്രവർത്തിക്കാനാകൂ. വലിയ നേട്ടങ്ങൾ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൈവരുന്നതല്ല. വലിയ നേട്ടങ്ങൾ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേയ്ക്കും കൈവിട്ടു പോവുകയുമില്ല. നീണ്ട കാലത്തെ തയാറെടുപ്പുകൾ ചെറിയ നഷ്ടങ്ങൾ സഹിക്കാനും നമ്മെ പ്രാപ്തരാക്കും. അതുവഴി കൂടുതൽ വലിയ വിജയങ്ങളിലേക്ക് മുന്നേറാനും’ – ഗാംഗുലി പറഞ്ഞു.

English Summary: Vivo exit a 'blip' and not 'financial crisis', says BCCI president Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com