ADVERTISEMENT

മുംബൈ∙ ടീം അടിമുടി ഉടച്ചുവാർക്കാൻ ഐപിഎൽ ക്ലബ്ബുകൾക്ക് അവസരം നൽകുന്ന ഐപിഎൽ മെഗാ ലേലം ഈ വർഷം നടക്കില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരലേലമാണ് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഒരുങ്ങുന്നത്. നിലവിലെ ടീമിനെ അടിമുടി അഴിച്ചുപണിയാനും ഉടച്ചുവാർക്കാനും തയാറെടുത്തിരുന്ന ക്ലബുകൾ കുറഞ്ഞത് ഒരു വർഷം കൂടിയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം. 2021 ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലം നീട്ടിവയ്ക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നതായി ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് റിപ്പോർട്ട് ചെയ്തത്. 2018ലെ ഐപിഎല്ലിനു മുന്നോടിയായി നടന്ന താരലേലമാണ് ഇതുവരെയുള്ള മെഗാ ലേലം.

ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിലായി നടക്കേണ്ടിയിരുന്ന ഐപിഎൽ 13–ാം എഡിഷൻ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ–ഒക്ടോബർ–നവംബർ മാസങ്ങളിലേക്ക് മാറ്റിയതാണ് മെഗാ ലേലം നീളാൻ ഇടയാക്കുന്നത്. നവംബർ പത്തോടെ ഈ വർഷത്തെ ടൂർണമെന്റ് അവസാനിച്ചുകഴിഞ്ഞാൽ മെഗാ ലേലത്തിനായി തയാറെടുക്കാനും പുതിയ ടീമിനെ കെട്ടിപ്പടുക്കാനും ടീമുകൾക്ക് തീരെ കുറഞ്ഞ സമയം മാത്രമേ ലഭിക്കൂ. കാരണം, അടുത്ത വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽത്തന്നെയാണ് ഐപിഎൽ നടക്കുക. ഈ സാഹചര്യത്തിലാണ് ടീമുകളുടെ കൂടി അനുമതിയോടെ ലേലം നീട്ടുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നത്.

അതേസമയം, ഈ വർഷത്തെ മെഗാ ലേലം മുന്നിൽക്കണ്ട് കഴിഞ്ഞ തവണ ലേലത്തിൽ പണമിറക്കാൻ മടിച്ചവർക്ക് ഇത് തിരിച്ചടിയാകാനും സാധ്യതയുണ്ട്. എങ്കിലും മെഗാ ലേലം നീട്ടിവയ്ക്കുന്നതിനെ ടീമുകൾ അനുകൂലിക്കാൻ കാരണമുണ്ട്. നിലവിലെ ലേലത്തുകയിൽ വന്നേക്കാവുന്ന ഭീമമായ വർധനവാണ് ടീമുകളെ പിന്നോട്ടടിക്കുന്ന ഒന്നാമത്തെ കാരണം. നിലവിൽ പ്രതിവർഷം 85 കോടി രൂപയാണ് താരങ്ങൾക്കായി മുടക്കാൻ ടീമുകൾക്ക് അനുവാദമുള്ളത്. ഈ തുകയിലുണ്ടാകുന്ന ഗണ്യമായ മാറ്റം സൃഷ്ടിച്ചേക്കാവുന്ന സാമ്പത്തിക ഭാരം കോവിഡിന്റെ പശ്ചാത്തലത്തിൽ ടീമുകൾക്ക് താങ്ങാൻ കഴിയില്ല.

ഇന്ത്യൻ താരങ്ങളെയും വിദേശ താരങ്ങളെയും തേടിപ്പിടിച്ച് ചർച്ച നടത്തി ലേലത്തിനായുള്ള പട്ടിക കൈമാറുന്നത് ഏറെ ശ്രമകരവും സമയമെടുക്കുന്നതുമായ പരിപാടിയാണ്. ഈ വർഷത്തെ ഐപിഎൽ നവംബറിൽ അവസാനിച്ചാലും ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ സീസണിലേക്ക് ഇത്തരം തയാറെടുപ്പുകൾക്ക് സമയം കിട്ടില്ലെന്ന് ഉറപ്പ്. സാധാരണ ഗതിയിൽ നാലു മുതല് ‍ആറു മാസം വരെയെടുത്താണ് ടീമുകൾ ലേലത്തിന് തയാറെടുക്കുന്നത്. മെഗാ ലേലമെന്ന നിലയിൽ വലിയ തയാറെടുപ്പു തന്നെ വേണ്ടതിനാൽ ഇത്തവണ ലേലത്തിന് ഒരുങ്ങാൻ സമയം തികയില്ല.

പുതിയ ടീമിനെ കെട്ടിപ്പടുക്കാനും അതിനെ ബ്രാൻഡ് ചെയ്യാനും ഏറെ സമയം ആവശ്യമാണ്. ഇതിന്റെ സാമ്പത്തിക വശം കൂടി പരിഗണിച്ചാൽ കുറഞ്ഞ സമയത്തേക്കൊരു ചൂതാട്ടത്തിന് ടീമുകൾ തയാറാകില്ല.

∙ 2018ലെ മെഗാ ലേലം

ഇന്ത്യൻ പ്രീമിയർ ലീഗ് ഇതുവരെ സാക്ഷ്യം വഹിച്ചിട്ടുള്ളതിൽ വച്ചേറ്റവും വിപുലമായ ലേലം നടന്നത് പതിനൊന്നാം എഡിഷനിലാണ്. 2018 ജനുവരി 27, 28 തീയതികളിലായി ബെംഗളൂരുവിലായിരുന്നു ആ വർഷത്തെ താരലേലം. എട്ടു ടീമുകളുടെ വിളി കാത്ത് ഐപിഎല്ലിന്റെ പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചത് 1122 താരങ്ങൾ. ഇതിൽ 281 രാജ്യാന്തര താരങ്ങളുണ്ടായിരുന്നു. രാജ്യാന്തര ക്രിക്കറ്റിന്റെ ഭാഗമായിട്ടില്ലാത്ത 778 ഇന്ത്യൻ കളിക്കാരുൾപ്പെടെ 838 അൺ ക്യാപ്ഡ് താരങ്ങളുമുണ്ടായിരുന്നു. ഈ താരങ്ങളിൽനിന്ന് അന്തിമപട്ടിക തയാറാക്കിയാണ് മെഗാ ലേലം നടന്നത്.

English Summary:Mega-auction for Next Year's IPL Postponed Indefinitely: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com