ADVERTISEMENT

തിരുവനന്തപുരം ∙ മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ കെ.എൻ അനന്തപത്മനാഭൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) രാജ്യാന്തര അംപയർമാരുടെ പാനലിൽ. നിലവിൽ ഐസിസിയുടെ രാജ്യാന്തര പാനലിലുള്ള നാലാമത്തെ ഇന്ത്യാക്കാരനാകും ഇതോടെ അൻപതുകാരനായ അനന്തൻ. സി.ശംസുദ്ദീൻ, അനിൽ ചൗധരി, വീരേന്ദർ ശർമ എന്നിവരാണ് മറ്റുള്ളവർ. പാതി മലയാളിയായി നിതിൻ മേനോൻ ഐസിസിയുടെ എലീറ്റ് അംപയർ പാനലിലുമുണ്ട്.

എലീറ്റ് പാനലിനു തൊട്ടു താഴെയുള്ളതാണ് രാജ്യാന്തര പാനൽ. ഇതിൽ രണ്ടിലേതെങ്കിലും ഉള്ളവർക്കു മാത്രമേ രാജ്യാന്തര മൽസരങ്ങൾ നിയന്ത്രിക്കാനാവൂ.തിരുവനന്തപുരം സ്വദേശിയായ അനന്തൻ ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും അംപയറായിട്ടുണ്ട്. ഇതുവരെ 61 ട്വന്റി20 മത്സങ്ങൾ നിയന്ത്രിച്ചു. 58 ഫസ്റ്റ് ക്ലാസ്, 27 ലിസ്റ്റ് എ മത്സരങ്ങളിലും അംപയറായി. 2005–06 സീസണിൽ ദേശീയ ജൂനിയർ സെലക്ഷൻ സമിതി അംഗവുമായി. 2007ൽ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ലെവൽ–2 കോച്ചിങ് പരീക്ഷയും പാസായി.

∙ കളിയിലെ നിർഭാഗ്യം

ഒന്നര പതിറ്റാണ്ടോളം കേരള രഞ്ജി ടീമിലെ പ്രധാന താരങ്ങളിലൊരാളായ അനന്തപത്മനാഭൻ മികച്ച ലെഗ്സ്പിന്നറും ബാറ്റ്സ്മാനുമായിരുന്നു. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച വച്ചിട്ടും അനന്തന് ഇന്ത്യൻ സീനിയർ ടീമിൽ ഒരിക്കൽ പോലും ഇടം കിട്ടിയില്ല. ദേശീയ ടീമിൽ അനിൽ കുംബ്ലയുടെ സാന്നിധ്യമാണ് അനന്തന്റെ വഴിയടച്ചത്.

105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 344 വിക്കറ്റും 2891 റൺസുമാണ് അനന്തന്റെ സമ്പാദ്യം. 54 ലിസ്റ്റ് എ മത്സരങ്ങളിലായി 87 വിക്കറ്റും 493 റൺസും നേടി. ഒരു ഇരട്ട സെഞ്ചുറിയും 2 സെഞ്ചുറികളും നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ 200 വിക്കറ്റ്, 2000 റൺസ് നേട്ടം പിന്നിട്ട ആദ്യ കേരള താരമാണ്.  കരുമനശ്ശേശി നാരായണയ്യർ അനന്തപത്മനാഭൻ എന്നാണ് മുഴുവൻ പേര്. 

∙ ഓസീസിനെ വീഴ്ത്തിയ അനന്തൻ

1998ൽ ഇന്ത്യൻ പര്യടനത്തിനെത്തിയ ഓസ്ട്രേലിയൻ ടീമിനെതിരെ ഇന്ത്യ എ ടീമിനു വേണ്ടി കളിച്ചപ്പോൾ സ്റ്റീവ് വോ, റിക്കി പോണ്ടിങ്, ഡാരെൻ ലേമാൻ എന്നിവരുടെ വിക്കറ്റെടുത്തതാണ് അനന്തന്റെ ആരാധകർ ഓർക്കുന്ന പ്രകടനങ്ങളിലൊന്ന്. അടുത്ത വർഷം കൊച്ചിയിൽ പാക്കിസ്ഥാൻ ടീമിനെതിരെ അഞ്ചു വിക്കറ്റും നേടി.

എന്നാൽ ന്യൂഡൽഹി ഫിറോസ് ഷാ കോട്‌ലയിലെ ടെസ്റ്റിൽ പാക്ക് ഇന്നിങ്സിലെ പത്തു വിക്കറ്റും വീഴ്ത്തി ചരിത്രം സൃഷ്ടിച്ച് അനിൽ കുംബ്ലെ ഇന്ത്യൻ ടീമിൽ സ്ഥിരാംഗമായതോടെ അനന്തന്റെ സഫലമാവാത്ത കാത്തിരിപ്പ് തുടങ്ങി. എന്നാൽ അംപയർ കരിയറിൽ ആ നിർഭാഗ്യം അനന്തനുണ്ടായില്ല. അർഹിച്ച അംഗീകാരം ഇപ്പോൾ അനന്തനെ തേടിയെത്തിയത് കേരള ക്രിക്കറ്റ് ആരാധകർക്കും അഭിമാന നിമിഷമായി.

∙ ‘വലിയ അംഗീകാരം, സ്വപ്നനേട്ടം’

‘കാത്തിരുന്നു കിട്ടിയ വലിയ അംഗീകാരമാണിത്. ബിസിസിഐ പാനലിലെത്തിയിട്ട് 14 വർഷമായി. രാജ്യാന്തര അംപയറാവുക എന്നത് ആദ്യം മുതലുള്ള ആഗ്രഹമായിരുന്നു. വലിയ ഉത്തരവാദിത്തം കൂടിയാണിത്. ഇന്ത്യയിൽ നടക്കുന്ന രാജ്യാന്തര മത്സരങ്ങളിലാവും അവസരം ലഭിക്കുക. കഴിഞ്ഞ 4 വർഷവും ഐപിഎൽ അംപയർ ആയിരുന്നു. ഇത്തവണയും ഐപിഎല്ലിനു വിളിക്കും എന്നാണ് കരുതുന്നത്. ഫീൽഡ് അംപയർ അല്ലെങ്കിൽ തേർഡ്, ഫോർത്ത് അംപയറിങ്ങിനാവും അവസരം. വലിയ സ്വപ്നം ടെസ്റ്റ് മത്സരം നിയന്ത്രിക്കാൻ അവസരം ലഭിക്കുക എന്നതാണ്. ക്രിക്കറ്റ് കളിക്കാരനായിരുന്നെങ്കിലും അംപയറിങ് തികച്ചും വ്യത്യസ്തമായ അനുഭവമാണ്. പക്ഷേ കളിക്കാരനായിരുന്നതിനാൽ ഫീൽഡിൽ താരങ്ങളുടെ മാനസികാവസ്ഥ നന്നായി മനസ്സിലാക്കാനാവും.’- കെ. എൻ. അനന്തപത്മനാഭൻ 

English Summary: Indian umpire KN Ananthapadmanabhan included in ICC’s panel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com