ADVERTISEMENT

ന്യൂഡൽഹി∙ ഐപിഎൽ കരാറിൽനിന്ന് ചൈനീസ് മൊബൈൽ ഫോൺ കമ്പനിയായ വിവോ നടത്തിയ അപ്രതീക്ഷിത പിൻവാങ്ങലിനു പിന്നാലെ പുതിയ ടൈറ്റിൽ സ്പോൺറെ തേടിയുള്ള ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ അന്വേഷണ പരിധിയിലേക്ക് ഏറ്റവും ഒടുവിൽ എത്തുന്ന കമ്പനിയാണ് യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി. ഇന്ത്യൻ വ്യവസായ ഭൂപടത്തിൽ സ്വാധീനമുറപ്പിക്കുന്ന പതഞ്ജലി, ആഗോള വിപണി കൂടി ലക്ഷ്യമിട്ടാണ് ഐപിഎൽ സ്പോൺസർഷിപ്പിന് ശ്രമിക്കുന്നതെന്നാണ് അവർ നൽകുന്ന സൂചന. ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഇത്തവണ ‘പതഞ്ജലി ഐപിഎൽ 2020’ സംഭവിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

ചൈനീസ് ഉൽപ്പന്നങ്ങൾക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം നിലനിൽക്കുമ്പോഴാണ് ഐപിഎൽ സ്പോൺസർ ചെയ്യാൻ ഹരിദ്വാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സ്വദേശി’ കമ്പനി പതഞ്ജലിയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്. വിദേശ കുത്തക കമ്പനികൾ രാജ്യത്തെ സമ്പത്തു കൊള്ളയടിക്കുകയാണെന്നും അവയെ ഒഴിവാക്കി സ്വദേശി ഉൽപന്നങ്ങൾ പ്രചരിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത് രംഗപ്രവേശം ചെയ്തയാളാണ് ബാബാ രാംദേവും അദ്ദേഹത്തിന്റെ പതഞ്ജലിയും. വളർച്ചാവഴിയിൽ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള സാധ്യതകൾ തേടുമ്പോഴും ‘സ്വദേശി’ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന ‘ഇന്ത്യൻ’ കമ്പനി എന്ന ആശയത്തിൽ വെള്ളം ചേർക്കില്ലെന്ന് അവർ ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു.

∙ പലവഴി തേടി ബിസിസിഐ

വിവോ പിൻവലിഞ്ഞതിനു പിന്നാലെ മുംൈബ ഇന്ത്യൻസ് ടീം മാനേജ്മെന്റ് വഴി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനെ സ്പോൺസർഷിപ്പിനായി ബിസിസിഐ ബന്ധപ്പെട്ടിരുന്നുവെന്നാണ് സൂചന. എന്നാൽ, ഇപ്പോൾ താൽപര്യമില്ലെന്ന മറുപടിയാണു ലഭിച്ചതെന്നു ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആമസോൺ, ബൈജൂസ് ആപ്, ഡ്രീം11 എന്നിവയ്ക്കു പുറമേ പേയ് ടിഎം, ടാറ്റാ മോട്ടോഴ്സ് എന്നിവയെയും സ്പോൺസർഷിപ്പിനായി സമീപിച്ചിരുന്നു. ഇതും ഫലം കാണാതെ വന്നതോടെയാണ് പതഞ്ജലിയിലേക്ക് എത്തിയതെന്നാണ് സൂചന.

പതഞ്ജലിയിലുള്ള താൽപര്യം അറിയിച്ച് തിങ്കളാഴ്ചയാണ് ബിസിസിഐ സമീപിച്ചതെന്നാണ് അവരുടെ വക്താവ് എസ്.കെ. തിജാരാവാല പിടിഐയോടു വെളിപ്പെടുത്തിയത്. ഐപിഎൽ സ്പോൺസർ ചെയ്യുന്ന കാര്യം കമ്പനിയുടെ പരിഗണനയിലാണെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.

∙ ചൈനീസ് സംഘർഷവും വിവോയും

അടുത്തിടെ ഇന്ത്യയും ചൈനയും അതിർത്തിയിൽ നേർക്കുനേരെത്തുകയും സംഘർഷത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചൈനീസ് ഉൽപ്പന്നങ്ങൾക്കെതിരെ ഇന്ത്യയിൽ വ്യാപക പ്രചാരണം ആരംഭിച്ചത്. അതിർത്തിസംഘർഷത്തിനിടയിലും ചൈനീസ് കമ്പനിയുമായുള്ള കൂട്ടുകെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തുടരുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം രൂക്ഷമായതോടെയാണ് കരാറിൽനിന്ന് പിൻമാറാനുള്ള വിവോയുടെ പെട്ടെന്നുള്ള തീരുമാനം എത്തിയത്.

ഐപിഎൽ നടത്താൻ ബിസിസിഐ എല്ലാ ഒരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണു ഇത്. 2022 വരെ ബിസിസിഐയുമായി വിവോയ്ക്കു കരാറുണ്ട്. ഈ വർഷത്തേക്കു മാത്രമാണു പിൻമാറ്റമെന്നായിരുന്നു വിശദീകരണം. സാഹചര്യം ഒത്തുവന്നാൽ അടുത്ത വർഷം വീണ്ടും കരാറിലെത്താമെന്നും വിവോ പറയുന്നു. അതേസമയം, വിവോ ഉൾപ്പെടെ എല്ലാ സ്പോൺസർമ‍ാരെയും ഈ സീസണിലും നിലനിർത്തുമെന്നായിരുന്നു അതിനു മുൻപു ചേർന്ന ഐപിഎൽ ഭരണസമിതി യോഗത്തിലെ പ്രഖ്യാപനം.

∙ നഷ്ടം 440 കോടി

ഐപിഎൽ സ്പോൺസർ ചെയ്യാൻ 2199 കോടി രൂപയുടെ 5 വർഷത്തെ കരാറാണു 2017ൽ ബിസിസിഐയും വിവോയും ഒപ്പിട്ടത്. 440 കോടി രൂപ ഓരോ സീസണിലും വിവോ ബിസിസിഐക്കു നൽകണം. കോവിഡ് പ്രതിസന്ധിഘട്ടത്തിൽ ഇത്രയും വലിയ തുക നഷ്ടപ്പെടുന്നതു ബിസിസിഐക്കു താങ്ങാനാവില്ല എന്നതാണ് വാസ്തവം. പുതിയ സ്പോൺസറെ കണ്ടെത്തലും വെല്ലുവിളിയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും വലിയ തുകയ്ക്ക് ആരെങ്കിലും മുന്നോട്ടു വരാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് തുക കുറച്ചിട്ടാണെങ്കിലും സ്പോണ്‍സറെ കണ്ടെത്താനുള്ള നീക്കം.

∙ പതഞ്ജലിയും കോടികളും

ഏതാണ്ട് 10,500 കോടിയോളം രൂപയാണ് പതഞ്ജലിയുടെ വിറ്റുവരവെന്നാണ് പിടിഐ റിപ്പോർട്ട് വ്യക്തമാക്കുന്നത്. പതഞ്ജലി ആയുർവേദ് മാത്രം 2018–19 സാമ്പത്തിക വർഷത്തിൽ 8,329 കോടി രൂപ വരുമാനം നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, വിവിധ വ്യവസായ ഗ്രൂപ്പുകളുള്ള പതഞ്ജലിയുടെ ആകെ വിറ്റുവരവ് ഇതിലും എത്രയോ ഉയർന്ന തുകയായിരിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

English Summary: Patanjali considering bidding for IPL title sponsorship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com