ADVERTISEMENT

രാജ്കോട്ട്∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖാവരണം ധരിക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരിൽ വനിതാ പൊലീസ് കോൺസ്റ്റബിളുമായി നടുറോഡിൽ വാഗ്വാദത്തിൽ ഏർപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഗുജറാത്തിലെ രാജ്കോട്ടിൽ തിങ്കളാഴ്ചയാണ് സംഭവം. രാജ്കോട്ടിലെ വനിതാ പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായ സൊനാൽ ഗോസായിയാണ് വഴിമധ്യേ ജഡേജയുടെ വാഹനം തടഞ്ഞത്.

നഗരത്തിലെ കിസാൻപര ചൗക്കിലൂടെ ഭാര്യ റീവ സോളങ്കിയ്ക്കും മറ്റു ചിലർക്കുമൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ജഡേജയെ വനിതാ കോൺസ്റ്റബിൾ തടഞ്ഞത്. മാസ്ക് ധരിക്കാത്തതിന് പിഴയൊടുക്കാൻ പൊലീസുകാരി നിർദ്ദേശിച്ചതാണ് ജഡേജയെയും ഭാര്യയെയും ചൊടിപ്പിച്ചത്. താരത്തിൽനിന്ന് ലൈസൻസ് ആവശ്യപ്പെട്ടതും രംഗം വഷളാക്കി.

വനിതാ വനിതാ കോൺസ്റ്റബിൾ മോശമായി പെരുമാറിയെന്ന് കാട്ടി ജഡേജയും ഭാര്യയും പിന്നീട് മേലുദ്യോഗസ്ഥരെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. ജഡേജയുമായി വാഗ്വാദത്തിൽ ഏർപ്പെട്ട കോൺസ്റ്റബിൾ സൊനാൽ ഗോസായി രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് രാജ്കോട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, ജഡേജയുടെ ഭാര്യ റീവയാണ് വനിതാ കോൺസ്റ്റബിളിനോട് ദേഷ്യപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.

‘ജഡേജയും കോൺസ്റ്റബിളും പറയുന്നത് എതിർകക്ഷി മോശമായി പെരുമാറിയെന്നാണ്. ഇരു കൂട്ടരും ഔദ്യോഗികമായി പരാതിയൊന്നും നൽകിയിട്ടില്ല. ജഡേജ മാസ്ക് ധരിച്ചിരുന്നതായാണ് എനിക്ക് ലഭിച്ച പ്രാഥമിക വിവരം. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ മാസ്ക് ധരിച്ചിരുന്നോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. അതേക്കുറിച്ച് അന്വേഷിക്കും’ – രാജ്കോട്ട് ഡപ്യൂട്ടി കമ്മിഷണർ മനോഹർസിങ് ജഡേജ വ്യക്തമാക്കി.

ഐപിഎല്ലിനായി ചെന്നൈ സൂപ്പർ കിങ്സിനൊപ്പം യുഎഇയിലേക്ക് പുറപ്പെടാൻ ചെന്നൈയിലേക്ക് പോകാനിരിക്കെയാണ് ജഡേജ വിവാദത്തിൽ ചാടിയത്. ഓഗസ്റ്റ് 22ന് ടീം ചെന്നൈയിൽനിന്ന് യാത്ര തിരിക്കും മുൻപേ അവിടേക്കു പോകാനിരിക്കുകയാണ് ജഡേജ.

∙ പൊലീസുമായി കോർത്ത് മുൻപും!

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയും പൊലീസുകാരുമായി കോർത്ത് വിവാദത്തിൽ ചാടുന്നത് ഇതാദ്യമല്ല. 2018ൽ റീവയെ പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു. തുടർന്ന് ആരോപണവിധേയനായ പൊലീസ് കോൺസ്റ്റബിൾ സഞ്ജയ് ആഹിറിനെ റീവയുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ജാംനഗറിലായിരുന്നു സംഭവം. റീവ ഓടിച്ചിരുന്ന കാർ സഞ്ജയുടെ ബൈക്കിൽ ഇടിച്ചു ചെറിയ അപകടം ഉണ്ടായി. തുടർന്നു സഞ്ജയ് ബൈക്കിൽ നിന്ന് ഇറങ്ങി റീവയെ മർദിക്കുകയായിരുന്നു. റീവയുടെ തലമുടിക്കു പിടിച്ചുവലിച്ച ആഹിർ അവരുടെ കരണത്തടിച്ചെന്നും ദൃക്സാക്ഷികൾ മൊഴി നൽകി.

English Summary:Chennai Super Kings star allrounder Ravinder Jadeja gets into a altercation with a woman cop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com