ADVERTISEMENT

ദുബായ് ∙ ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) ഇന്ത്യ – പാക്കിസ്ഥാൻ നിശ്ശബ്ദ പോര്. സ്ഥാനമൊഴിഞ്ഞ ഇന്ത്യക്കാരൻ ശശാങ്ക് മനോഹർക്കു പകരം തിരഞ്ഞെടുക്കേണ്ടയാളുടെ ഭൂരിപക്ഷമാണു തർക്കത്തിന് ആധാരം. ചെയർമാൻ തിരഞ്ഞെടുപ്പു ചർച്ച ചെയ്യാൻ ചേർന്ന കഴിഞ്ഞ ദിവസം ചേർന്ന ഓൺലൈൻ യോഗം തർക്കംമൂലം തീരുമാനമാകാതെ പിരിഞ്ഞു.

പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെടണമെങ്കിൽ ബോർഡ് അംഗങ്ങളിൽ മൂന്നിൽ രണ്ടുപേരുടെ പിന്തുണ വേണമെന്നാണു പാക്കിസ്ഥാൻ ഉൾപ്പെടുന്ന വിഭാഗം പറയുന്നത്. എന്നാൽ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരുൾപ്പെടുന്ന പ്രബല വിഭാഗം പറയുന്നതു ചെയർമാനായി തിരഞ്ഞെടുക്കപ്പെടാൻ സാധാരണ ഭൂരിപക്ഷം മതിയെന്നും അതിനു പരിധി നിശ്ചയിക്കേണ്ടെന്നുമാണ്.

ഐസിസി ബോർഡിൽ അംഗ രാജ്യങ്ങൾക്കും അസോഷ്യേറ്റ് അംഗങ്ങൾക്കും സ്വതന്ത്ര പ്രതിനിധികൾക്കുമായി ആകെ 17 വോട്ടാണുള്ളത്. ഇതിൽ 12 പേരുടെ വോട്ട് ചെയർമാൻ സ്ഥാനത്തേക്കു മത്സരിക്കുന്നയാൾക്കു നിർബന്ധമാണെന്നാണു പാക്കിസ്ഥാൻ ഉൾപ്പെടുന്ന വിഭാഗത്തിന്റെ വാദം. എന്നാൽ, 9 വോട്ട് നേടുന്നയാളെ വിജയിയായി പ്രഖ്യാപിക്കാമെന്നാണ് ഇന്ത്യ ഉൾപ്പെടുന്ന മറുവിഭാഗത്തിന്റെ വാദം.

∙ ഐസിസി നിയമം

ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഐസിസിക്കു പ്രത്യേക നിയമമില്ലാത്തതാണു തർക്കത്തിനു കാരണം. തർക്കമുയർന്ന സാഹചര്യത്തിൽ ചെയർമാൻ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട പ്രമേയം അടുത്ത യോഗത്തിൽ ചർച്ചയായേക്കും. ചെയർമാനാകാൻ സാധാരണ ഭൂരിപക്ഷം മതിയെന്ന പ്രമേയം പാസായിക്കഴിഞ്ഞാൽ പിന്നെ, പാക്കിസ്ഥാൻ ഉൾപ്പെടുന്ന ചേരിയുടെ വാദം വിലപ്പോവില്ല.

∙ പുതിയ ചെയർമാൻ

ആരാകണം പുതിയ ചെയർമാൻ എന്നതു സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡിലെ കോളിൻ ഗ്രേവ്സിനായിരുന്നു സാധ്യത. പക്ഷേ, ഇപ്പോൾ പല രാജ്യങ്ങളുടെയും പിന്തുണ ഗ്രേവ്സിനില്ല. വിൻഡീസ് ബോർഡ് മുൻ മേധാവി ഡേവിഡ് കാമറൂണിന്റെ പേര് ഉയരുന്നുണ്ടെങ്കിലും അദ്ദേഹവും പലർക്കും സ്വീകാര്യനല്ല.

ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര ഉൾപ്പെടെയുള്ളവർ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കു പരസ്യ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യൻ ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് പദവിയിൽ ഗാംഗുലിയുടെ തുടർച്ച തടയുന്ന ‘കൂളിങ് ഓഫ്’ നയത്തിൽ ഇളവു വരുത്തണമെന്നാവശ്യപ്പെട്ടു ബിസിസിഐ നൽകിയ അപേക്ഷയിൽ 17നു സുപ്രീം കോടതിയുടെ വിധി വരുന്നതോടെ കാര്യങ്ങൾക്കു വ്യക്തതയുണ്ടായേക്കും.

English Summary: ICC Chairman Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com