ADVERTISEMENT

ചെന്നൈ∙ ക്രിക്കറ്റ് കരിയറിൽ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയതിനെ തുടർന്ന് മുംബൈയിൽ യുവതാരം ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ. യുവതാരങ്ങൾ കരിയറിൽ ചില തിരസ്കാരങ്ങളൊക്കെ സ്വീകരിച്ച് ശീലിക്കേണ്ടതുണ്ടെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. കരിയറിലെ തിരിച്ചടികൾ അംഗീകരിക്കാൻ സാധിക്കാതെയാണ് മുംബൈയിലെ യുവതാരത്തിന്റെ ആത്മഹത്യയെന്നത് ഒരു തിരിച്ചറിവിന്റെ നിമിഷമാണെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. ക്രിക്കറ്റോ മറ്റേതെങ്കിലും മേഖലയോ തിരഞ്ഞെടുത്ത വ്യക്തികളാണെങ്കിൽപ്പോലും അവർക്ക് സമാന്തരമായി മറ്റൊരു ജീവനോപാധി കൂടി സ്കൂളിലും കോളജിലും പഠിപ്പിച്ചുകൊടുക്കണമെന്നും അശ്വിൻ നിർദ്ദേശിച്ചു.

‘കരിയറിൽ ചില തിരിച്ചടികളും തിരസ്കാരങ്ങളും അംഗീകരിക്കാനാകാതെയാണ് മുംബൈയിലെ യുവതാരം ആത്മഹത്യ ചെയ്തതെന്നത് ഒരു തിരിച്ചറിന്റെ നിമിഷമാണ്. ഇന്നത്തെ യുവാക്കളിലാണ് ഈ രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി. ജീവിതയാത്രയിൽ ചില തിരസ്കാരങ്ങളും ശീലിക്കാൻ അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു’ – അശ്വിൻ ട്വിറ്ററിൽ കുറിച്ചു.

‘ക്രിക്കറ്റിലായാലും മറ്റേതൊരു മേഖലയിലായാലും വിജയം നേടാൻ ശ്രമിക്കുന്നവരെ, സ്കൂളിലും കോളജിലും സമാന്തരമായി മറ്റൊരു ജീവിത മാർഗം കൂടി പഠിപ്പിച്ചേ തീരൂ’ – അശ്വിൻ ചൂണ്ടിക്കാട്ടി.

∙ ജീവനൊടുക്കിയത് ‘മുംബൈയുടെ സ്റ്റെയ്ൻ’

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡെയ്ൽ സ്റ്റെയ്നിന്റേതിനു സമാനമായ ബോളിങ് ആക്ഷനിലൂടെ ശ്രദ്ധേയനായ ഇരുപത്തേഴുകാരൻ താരം കരൺ തിവാരിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. മുംബൈയിലെ വസതിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മുംബൈ രഞ്ജി ടീമിനായി രണ്ടു വർഷത്തിലധികമായി നെറ്റ്സിൽ സ്ഥിരമായി പന്തെറിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ വർഷം വിവിധ ഐപിഎൽ ടീമുകൾക്കായും മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നെറ്റ്സിൽ പന്തെറിഞ്ഞിരുന്നു.

ക്രിക്കറ്റ് കരിയറിൽ എങ്ങും എത്താനാകാതെ പോയതിന്റെ നിരാശയിൽ താരം ദുഃഖിതനായിരുന്നുവെന്ന് സുഹൃത്തുകൾ വ്യക്തമാക്കിയിരിക്കുന്നു. ഈ വർഷം ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിക്കാത്തതും വിഷാദം വർധിപ്പിച്ചു.

മുംബൈയിലെ വീട്ടിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് കരൺ തിവാരി താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി അത്താഴത്തിനുശേഷം കിടക്കാൻ പോയതാണ്. ഇതിനിടെ രാജസ്ഥാനിലുള്ള ഒരു സുഹൃത്തിനെ വിളിച്ച് ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിന്റെ സങ്കടം പങ്കുവച്ചിരുന്നു. ടീമിൽ ഇടംകിട്ടാത്തതിനാൽ മരിക്കാൻ പോവുകയാണെന്നും പറഞ്ഞു. ഈ സുഹൃത്ത് രാജസ്ഥാനിൽ താമസിക്കുന്ന തിവാരിയുടെ സഹോദരി വഴി അദ്ദേഹത്തിന്റെ അമ്മയെ വിളിച്ചെങ്കിലും വൈകിപ്പോയിരുന്നു. മുറിയുടെ വാതിൽ തകർത്ത് അകത്തു കടന്നെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു..

English Summary: Demise of Mumbai-based cricketer is such a reality check: R Ashwin on Karan Tiwari suicide

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com