ADVERTISEMENT

ലണ്ടൻ∙ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽനിന്ന് മാറ്റിനിർത്തപ്പെട്ട മുഹമ്മദ് ഹഫീസിനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തി. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ പശ്ചാത്തലത്തിലാണ് ഹഫീസിനെ വീണ്ടും ടീമിനൊപ്പം ഉൾപ്പെടുത്തിയത്. നേരത്തെ, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഒഴിവാക്കി കർശന ആരോഗ്യ, സുരക്ഷാ നിയന്ത്രണങ്ങളോടെ ജീവിക്കുന്നതിന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ക്രമീകരിച്ച ബയോ സെക്യുർ ബബ്ൾ സംവിധാനം ലംഘിച്ചതിനാണ് ഹഫീസിനെതിരെ നടപടിയെടുത്തത്.

പാക്ക് ടീം താമസിക്കുന്ന  ഹോട്ടലിൽനിന്നു പുറത്തുപോയ ഹഫീസ്, സമീപത്തെ ഗോൾഫ് കോഴ്സിൽ നിന്ന് വൃദ്ധയായ സ്ത്രീക്കൊപ്പം ചിത്രമെടുത്ത് പ്രചോദനാത്മകമായ കുറിപ്പു സഹിതം ട്വീറ്റ് ചെയ്തിരുന്നു. പാക്ക് ടീം താമസിക്കുന്ന ഹോട്ടലിനോടു തൊട്ടുചേർന്നുള്ള ഗോൾഫ് കോഴ്സും ബയോ സെക്യുർ ബബ്ളിന്റെ ഭാഗം തന്നെയാണ്. എന്നാൽ, ഗോൾഫ് കോഴ്സിൽവച്ച് പുറത്തുനിന്നുള്ള വ്യക്തിക്കൊപ്പം രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കാതെ ചിത്രമെടുത്തതാണ് ഹഫീസിന് വിനയായത്.

ഈ ട്വീറ്റ് വൈറലായതോടെയാണ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ കാര്യം പുറംലോകം അറിഞ്ഞത്. ഇതേ തുടർന്ന് ടീമിൽനിന്ന് മാറ്റിനിർത്തിയ ഹഫീസിനോട് ഐസലേഷനിൽ പോകാൻ പാക്ക് ടീം മാനേജ്മെന്റ് നിർദ്ദേശിക്കുകയായിരുന്നു. ഹഫീസിന്റെയും മറ്റ് ടീമംഗങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നും അവർ വിശദീകരിച്ചിരുന്നു. തുടർന്ന് ചട്ടപ്രകാരം നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായതോടെയാണ് താരത്തെ വീണ്ടും ടീമിനൊപ്പം ചേരാൻ അനുവദിച്ചത്.

English Summary: Mohammad Hafeez tests negative for Covid-19 after bio-security breach, rejoins Pakistan squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com