ADVERTISEMENT

ന്യൂഡൽഹി ∙ 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ടൈയിൽ അവസാനിച്ചതോടെ, വിജയികളെ കണ്ടെത്താൻ പരീക്ഷിച്ച ബോൾ ഔട്ട് നിയമത്തെക്കുറിച്ച് പാക്കിസ്ഥാൻ താരങ്ങൾക്ക് ധാരണയുണ്ടായിരുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. അന്ന് ഇന്ത്യൻ ടീമിൽ അംഗമായിരുന്ന താരമാണ് പഠാൻ. ടൈ വന്നാൽ വിജയികളെ കണ്ടെത്താൻ പ്രയോഗിക്കുന്ന ബോൾ ഔട്ട് നിയമത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് അന്നത്തെ പാക്കിസ്ഥാൻ നായകൻ വാർത്താ സമ്മേളനത്തിൽ സമ്മതിച്ചിരുന്നതായും പഠാൻ ചൂണ്ടിക്കാട്ടി. സ്റ്റാർ സ്പോർട്സിന്റെ ‘ക്രിക്കറ്റ് കണക്ടഡ് ഷോ’യിലാണ് ഇതേക്കുറിച്ച് പഠാൻ മനസ്സു തുറന്നത്.

മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. റോബിൻ ഉത്തപ്പയുടെ അർധസെഞ്ചുറിക്കരുത്തിൽ ഇന്ത്യ നേടിയത് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 141 റൺസ്. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് കരുത്തായത് മിസ്ബ ഉൾ ഹഖിന്റെ അർധസെഞ്ചുറി. പക്ഷേ, അവർക്കും നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 141 റൺസ്. ഇതോടെയാണ് നിയമമനുസരിച്ച് വിജയികളെ കണ്ടെത്താൻ ബോൾ ഔട്ട് വേണ്ടിവന്നത്.

പതിവു ബോളർമാരെ മാറ്റിനിർത്തി ഇന്ത്യയ്ക്കായി ആദ്യം ബോൾ ചെയ്യാനെത്തിയത് വീരേന്ദർ സേവാഗ്. പിന്നാലെ റോബിൻ ഉത്തപ്പയും ഹർഭജൻ സിങ്ങും. മറുവശത്ത് യാസിർ അരാഫത്ത്, ഉമർ ഗുൽ, ഷാഹിദ് അഫ്രീദി എന്നിവർ പാക്കിസ്ഥാനായും ബോൾ ഔട്ടിൽ ഭാഗ്യം പരീക്ഷിച്ചു. ഇന്ത്യൻ താരങ്ങൾ മൂവരും സ്റ്റംപ് തെറിപ്പിച്ചപ്പോൾ, പാക്കിസ്ഥാൻ താരങ്ങളിൽ ആർക്കും സ്റ്റംപിൽ തൊടാന്‍ പോലുമായില്ല. ഫലത്തിൽ ഇന്ത്യ ബോൾ ഔട്ടിൽ മത്സരം 3–0ന് സ്വന്തമാക്കി.

പാക്ക് ബോളർമാർ ബോൾ ഔട്ടിൽ തീർത്തും നിരാശപ്പെടുത്തിയതിനു പിന്നാലെയാണ്, ഈ നിയമത്തെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ലെന്ന് പാക്ക് ക്യാപ്റ്റൻ അംഗീകരിച്ചത്.

‘ബോൾ ഔട്ടിനെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ലെന്ന് അക്കാലത്തുതന്നെ വാർത്താ സമ്മേളനങ്ങളിൽ പാക്ക് ക്യാപ്റ്റൻ പറഞ്ഞിരുന്നു. ബോൾ ഔട്ടിനുള്ള സമയം വന്നപ്പോൾ പാക്കിസ്ഥാൻ ടീം ആകെ ആശയക്കുഴപ്പത്തിലായിരുന്നു. മുഴുനീളെ റണ്ണപ്പ് എടുത്ത് പന്തെറിയണോ, പകുതി റണ്ണപ്പിനുശേഷം പന്തെറിയണോ എന്ന സംശയത്തിലായിരുന്നു അവർ. നമ്മളാകട്ടെ, പരിശീലന സമയത്തുതന്നെ ബോൾ ഔട്ടിനു ശരിക്ക് ഒരുങ്ങിയിരുന്നു. അതിന്റെ ഫലം ബോൾ ഔട്ടിൽ കാണുകയും ചെയ്തു’ – പഠാൻ വിവരിച്ചു.

മത്സരം ടൈയിൽ അവസാനിച്ചാൽ വിജയികളെ കണ്ടെത്താൻ ‘ബോൾ ഔട്ട്’ നിയമം ഉപയോഗിക്കുന്നത് അന്ന് അത്ര പരിചിതമായിരുന്നില്ല എന്നതാണ് സത്യം. ട്വന്റി20 ക്രിക്കറ്റിന്റെ ആരംഭ കാലമെന്ന നിലയിൽ ഇത്തരം നിയമങ്ങളേക്കുറിച്ച് ടീമുകൾക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. ഫുട്ബോളിലെയും ഹോക്കിയിലെയും ഷൂട്ടൗട്ടിനെ അടിസ്ഥാനമാക്കിയാണ് ടൈ ‘പൊളിക്കാൻ’ ബോൾ ഔട്ട് നിയമം കൊണ്ടുവന്നതുതന്നെ. ബാറ്റ്സ്മാനില്ലാതെ ബോൾ ചെയ്ത് സ്റ്റംപിൽ കൊള്ളിക്കുന്നതായിരുന്നു ഈ രീതി. കൂടുതൽ തവണ സ്റ്റംപിൽ പന്ത് കൊള്ളിക്കുന്നവർ വിജയിയാകും. അങ്ങനെയിരിക്കെയാണ് 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ ഗ്രൂപ്പ് മത്സരത്തിലും ബോൾ ഔട്ട് നിയമം പ്രയോഗിക്കേണ്ടി വന്നത്.

English Summary: ‘Pakistan captain accepted they didn’t know about bowl-out’: Irfan Pathan recalls 2007 T20 World Cup match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com