ADVERTISEMENT

കറാച്ചി∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അവരുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിനിടെ നടന്ന നാടകീയ സംഭവങ്ങൾ ഓർത്തെടുത്ത് പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മികച്ച സ്കോർ നേടിയതോടെ വിജയമുറപ്പിച്ച സംഘാടകർ, ട്രോഫിയിൽ വിജയികളുടെ സ്ഥാനത്ത് ഇന്ത്യ എന്നെഴുതിയിരുന്നതായി ഇൻസമാം വെളിപ്പെടുത്തി. എന്നാൽ, ഓപ്പണർ സൽമാൻ ബട്ട് തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞതോടെ മത്സരം പാക്കിസ്ഥാൻ ജയിച്ചു. തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ എപ്പിസോഡിലാണ് ബിസിസിഐ ആവേശം കാട്ടി നാണംകെട്ടതായി ഇൻസമാം വിവരിച്ചത്.

2004 നവംബർ 13ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബിസിസിഐ ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയ നേതാക്കളെയും മുൻ ക്യാപ്റ്റൻമാരെയും ബിസിസിഐ ക്ഷണിച്ചിരുന്നു. ഇമ്രാൻ ഖാൻ ഉള്‍പ്പെടെയുള്ള മുൻ ക്യാപ്റ്റൻമാർ പാക്കിസ്ഥാനിൽനിന്ന് കളി കാണാനെത്തി.

‘ബിസിസിഐയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നതിന് ഏകദിന മത്സരം കളിക്കാനായി ഇന്ത്യ പാക്കിസ്ഥാനെ ക്ഷണിച്ചു. വളരെ ആർഭാടത്തോടെ സംഘടിപ്പിച്ചൊരു മത്സരമായിരുന്നു അത്. പാക്കിസ്ഥാനിൽനിന്ന് പ്രമുഖ രാഷ്ട്രീയ നേതാക്കളും മുൻ താരങ്ങളുമെല്ലാം മത്സരം കാണാൻ ക്ഷണിക്കപ്പെട്ടു. ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ള ക്യാപ്റ്റൻമാരെയെല്ലാം ബിസിസിഐ കൊൽക്കത്തയിലെത്തിച്ചു. ആദ്യ ടീമിന്റെ ബാറ്റിങ് കഴിഞ്ഞപ്പോൾ ഇവരെ ചെറിയ ബാച്ചുകളാക്കി തിരിച്ച് സ്റ്റേഡിയം ചുറ്റിച്ചു’ – ഇൻസമാം വിശദീകരിച്ചു.

ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയാണ് മത്സരത്തിൽ ടോസ് നേടിയത്. ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഓപ്പണർ വീരേന്ദർ സേവാഗ് (53), വി.വി.എസ്. ലക്ഷ്മൺ (43), ക്യാപ്റ്റൻ സൗരവ് ഗാംഗുലി (48) എന്നിവർക്കൊപ്പം അവസാന ഓവറുകളിൽ തകർത്തടിച്ച യുവരാജ് സിങ്ങിന്റെ അർധസെഞ്ചുറി കൂടി (62 പന്തിൽ 78) ചേർന്നതോടെ ഇന്ത്യ നേടിയത് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 292 റൺസ്.

കൊൽക്കത്തയിൽ അത്രയും വലിയ സ്കോർ മുൻപ് ഒരു ടീമും വിജയകരമായി പിന്തുടർന്നിരുന്നില്ലെന്ന് ഇൻസമാം ചൂണ്ടിക്കാട്ടി. ഇന്ത്യ ജയിക്കുമെന്ന് ഉറപ്പിച്ച സംഘാടകർ കൂടിയായ ബിസിസിഐ, ഇന്നിങ്സിന്റെ ഇടവേളയിൽ വിജയികൾക്കുള്ള ട്രോഫിയിൽ ഇന്ത്യ എന്നെഴുതുകയും ചെയ്തുവെന്ന് ഇൻസമാം വെളിപ്പെടുത്തി.

‘വളരെയധികം സമ്മർദ്ദം നിറഞ്ഞുനിന്ന മത്സരമായിരുന്നു അത്. വിജയികൾക്കായി വളരെ വലിയൊരു ട്രോഫിയാണ് ബിസിസിഐ തയാറാക്കിയിരുന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 292 റൺസാണ് നേടിയത്. 293 റൺസ് വിജയലക്ഷ്യം ഈഡൻ ഗാർഡൻസിൽ മുൻപ് ആരും പിന്തുടർന്ന് ജയിച്ച ചരിത്രമില്ലായിരുന്നു. അതോടെ ആത്മവിശ്വാസം വർധിച്ച സംഘാടകർ വിജയികൾക്കുള്ള ട്രോഫിയിൽ ഇന്ത്യ എന്നെഴുതിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. കാരണം എക്കാലത്തേയും പോലെ അന്നും ഇന്ത്യയ്ക്ക് വളരെ ശക്തമായ ടീമാണ് ഉണ്ടായിരുന്നത്. അത്ര വലിയ സ്കോർ കൂടി നേടിയതോടെ ബിസിസിഐയ്ക്ക് ആത്മവിശ്വാസമേറി. ഉച്ചഭക്ഷണ സമയത്തുതന്നെ ആഘോഷം തുടങ്ങിയിരുന്നു’ – ഇൻസമാം വിവരിച്ചു.

എന്നാൽ, ഓപ്പണർ സൽമാൻ ബട്ടിന്റെ സെഞ്ചുറിക്കരുത്തിൽ തിരിച്ചടിച്ച പാക്കിസ്ഥാൻ ഈഡനിലെ ഇന്ത്യൻ ആഘോഷങ്ങളുടെ നിറംകെടുത്തി ജയിച്ചു കയറുന്ന കാഴ്ചയായിരുന്നു കളത്തിൽ. 130 പന്തിൽ 13 ഫോറുകൾ സഹിതം 108 റൺസെടുത്ത സൽമാൻ ബട്ട് പുറത്താകാതെ നിന്നു. ശുഐബ് മാലിക്ക് (55 പന്തിൽ 61), ഇൻസമാം ഉൾ ഹഖ് (75 പന്തിൽ 75) എന്നിവരും അർധസെഞ്ചുറി നേടിയതോടെയാണ് പാക്കിസ്ഥാൻ അനായാസം വിജയത്തിലെത്തിയത്. ഒരു ഓവർ ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ട പാക്കിസ്ഥാൻ, ആറു വിക്കറ്റിനാണ് മത്സരം ജയിച്ചത്.

‘പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആ പരമ്പരയിൽ ഒരേയൊരു മത്സരം മാത്രമാണുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സമ്മർദ്ദം വളരെയധികമായിരുന്നു. ഡ്രസിങ് റൂമിലിരുന്ന് കളി കാണാനെത്തിയ ഇമ്രാൻ ഖാന്റെ സാന്നിധ്യമായിരുന്നു മറ്റൊരു സമ്മർദ്ദം. ഇമ്രാൻ ഭായിക്കു കീഴിൽ കളിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. അദ്ദേഹം ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം സ്വയം ഏറ്റെടുത്തതുപോലെയായിരുന്നു’ – ഇൻസമാം പറഞ്ഞു.

‘ഞാൻ ക്രീസിലെത്തുമ്പോൾ സൽമാൻ ബട്ടായിരുന്നു ഒപ്പം. ബാറ്റിങ്ങിനിടെ അദ്ദേഹത്തെ ചെറിയ തോതിൽ പരുക്ക് അലട്ടുന്നുണ്ടായിരുന്നു. ബാറ്റിങ്ങിനിടെ ടീമംഗങ്ങളിൽ ഒരാൾ ഡ്രസിങ് റൂമിൽനിന്ന് ഒരു സന്ദേശവുമായി ഗ്രൗണ്ടിലെത്തി. ഞാനാണ് ക്യാപ്റ്റനെന്നിരിക്കെ, ആരാണ് ഡ്രസിങ് റൂമിൽനിന്ന് സന്ദേശം അയയ്ക്കുന്നത് എന്ന ചിന്തയിലായിരുന്നു ഞാൻ. സൽമാൻ ബട്ടിനെ പരുക്ക് അലട്ടുന്നുണ്ടെന്നും അദ്ദേഹത്തോട് ഇന്നിങ്സ് അവസാനിപ്പിച്ച് തിരികെ വന്ന് ചികിത്സ തേടാനും നിർദ്ദേശിച്ച് ഇമ്രാൻ ഭായിയാണ് താരത്തെ ഗ്രൗണ്ടിലേക്ക് വിട്ടത്. ഇതോടെ തിരികെ പോയ സൽമാൻ ബട്ട് ചികിത്സ തേടി തിരിച്ചെത്തി സെഞ്ചുറിയും പൂർത്തിയാക്കി’ – ഇൻസമാം വിവരിച്ചു.

‘ആ സമയത്ത് പാക്ക് ബാറ്റിങ് നിരയിലെ ഏറ്റവും കരുത്തൻ യൂനിസ് ഖാനായിരുന്നു. അദ്ദേഹം മറുപടി ബാറ്റിങ് ആരംഭിച്ച് അധികം വൈകാതെ പൂജ്യത്തിന് പുറത്തായി. പിന്നീട് സൽമാൻ ബട്ടും ശുഐബ് മാലിക്കും ചേർന്നാണ് ഇന്നിങ്സ് കരകയറ്റിയത്. മാലിക്ക് പുറത്തായശേഷം ഞാൻ ക്രീസിലെത്തി. ആദ്യത്തെ 30–40 പന്തു വരെ ക്രീസിൽ തുടരാൻ വളരെ പ്രയാസം നേരിട്ടു. പിന്നീട് നിലയുറപ്പിച്ചതോടെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു. മറുവശത്ത് സൽമാൻ ബട്ട് മികച്ച ഫോമിലായിരുന്നു. അദ്ദേഹം സെഞ്ചുറിയും നേടി’ – ഇൻസമാം പറഞ്ഞു.

മത്സരം നേരിട്ട് വീക്ഷിക്കാൻ ഗാലറിയിലെത്തിയ ഒരു ലക്ഷത്തിലധികം വരുന്ന ആരാധകരെയും ഇൻസമാം പുകഴ്ത്തി.

‘ആ മത്സരം കാണാൻ കൊൽക്കത്തയിൽ ഒരു ലക്ഷം പേരാണ് വന്നത്. സ്വന്തം ടീമിനായി അവർ വളരെയധികം ഒച്ചപ്പാടുണ്ടാക്കി. മത്സരത്തിനു മുൻപ് പാക്കിസ്ഥാൻ ടീമിന്റെ പരിശീലനം കാണാൻ മാത്രം 20,000ത്തോളം പേർ വന്നിരുന്നു’ – ഇൻസാം പറഞ്ഞു.

English Summary:They had written India’s name as winners at innings break: Inzamam-Ul-Haq narrates how Pakistan overcame the odds in BCCI’s Platinum Jubilee match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com