sections
MORE

ഇതിഹാസങ്ങളോടും മല്ലിട്ട ധോണി സ്വന്തം കരിയർ വലിച്ചുനീട്ടിയോ? ഒരു ‘ധോണി യാത്ര’!

dhoni-kohli
ധോണിക്കു മുന്നിൽ നമിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി (ഫയൽ ചിത്രം)
SHARE

ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോപ് ഓർഡർ ബാറ്റ്സ്മാൻമാർക്കൊപ്പവും അവർക്ക് മുകളിലും പരിഗണിക്കപ്പെടുന്ന കാഴ്ച ക്രിക്കറ്റിൽ ഒരപൂർവതയായിരുന്ന സമയമുണ്ടായിരുന്നു. ബാറ്റിങ് നിരയിൽ ലോവർ മിഡിൽ ഓർഡറിനെ വാലറ്റത്തിൽനിന്നും വേർതിരിക്കുന്ന അവസാനത്തെ കണ്ണിയെന്ന വലിയ പ്രത്യേകതകളില്ലാത്ത വിശേഷണമായിരുന്നു വിക്കറ്റ് കീപ്പർമാരുടേത്. അവരെ അവിടെനിന്നും ഉയർത്തിയത് ആദം ഗിൽക്രിസ്റ്റാണ്. കുമാർ സംഗക്കാര പ്രോപ്പർ ടോപ് ഓർഡർ ബാറ്റ്സ്മാൻ തന്നെയായിരുന്നപ്പോൾ  ബ്രെണ്ടൻ മക്കല്ലം അസാധാരണമാം വിധമൊരു അറ്റാക്കിങ് ബാറ്റ്സ്മാൻ തന്നെയായിരുന്നു. പക്ഷേ, അവിടെ കൂടുതൽ ഇംപ്രൂവ്മെന്റിനു സാധ്യതയുണ്ടായിരുന്നു.

ഇവർക്കപ്പുറത്തേക്ക് സഞ്ചരിക്കാൻ കെൽപ്പുള്ള ഒരു കരിയർ ക്രിക്കറ്റ് എന്ന ഗെയിം  അർഹിച്ചിരുന്നെങ്കിൽ അത് ലഭിക്കുന്നത് ഇന്ത്യയിലൂടെയാണ്. ഇന്ത്യയാണെങ്കിൽ വിക്കറ്റു കീപ്പർ ബാറ്റ്‌സ്മാനെന്ന വിഭാഗത്തിൽ ഒരിക്കലും ശരാശരിക്കപ്പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലാത്ത രാജ്യമായിരുന്നു. പതിവ് രീതികളില്‍ നിന്നും  വ്യതിചലിച്ചു കണ്ടിട്ടില്ലാത്ത ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് പൊതുവേ ചില നടപ്പു രീതികള്‍ സെറ്റ് ചെയ്തു വച്ചിരുന്നു എന്ന് തോന്നിയിട്ടുണ്ട്. മികച്ച കീപ്പർമാരായിരിക്കുമ്പോഴും സയ്യിദ് കിര്‍മാനിയും കിരണ്‍ മോറെയും എല്ലാം ബാറ്റ്സ്മാൻമാരെന്ന നിലയിൽ എപ്പോഴോ  നിശ്ചയിക്കപ്പെട്ട ആ പരിധിക്കുള്ളിലായിരുന്നു. ഏകദിനത്തിൽ ബാറ്റിങ് നിരയും വാലറ്റവും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായി നയൻ മോംഗിയ മാറിയതിന്റെ പരിണിത  ഫലം പലവുരു ഇന്ത്യൻ ക്രിക്കറ്റ് അനുഭവിച്ചതാണ്. രാഹുൽ ദ്രാവിഡിലൂടെ പഴുതടയ്ക്കാനുള്ള ശ്രമം പ്രഹരശേഷിയെന്ന ഘടകത്തെ അകറ്റി നിർത്തിയതേയുള്ളൂ.

2005ൽ വിശാഖപട്ടണത്തിൽ നടന്ന ഏകദിനത്തിനു ശേഷം ഇന്ത്യൻ ബാറ്റിങ് നിരയിലെ 6 ബാറ്റ്‌സ്മാൻമാർ – ഒരു വിക്കറ്റ് കീപ്പർ – വാലറ്റം എന്ന ഘടന ഏഴ് ബാറ്റ്‌സ്മാന്മാരെന്ന നിലയിലേക്ക് മാറിയത് തിരുത്തിയെഴുതലുകളുടെ തുടക്കമാണെന്ന് ആരറിഞ്ഞു?

∙ മാറ്റത്തിന്റെ തുടക്കം

2005ൽ പാക്കിസ്ഥാന്റെ ഇന്ത്യൻ പര്യടനം. കൊച്ചിയിലെ ആദ്യ ഏകദിനത്തിൽ ഫസ്റ്റ് ഡൗണിൽ സൗരവും സെക്കൻഡ് ഡൗണിൽ ദ്രാവിഡുമാണ് വരുന്നത്. ഏഴാമനാണ് ഇന്ത്യയുടെ പുതിയ വിക്കറ്റ് കീപ്പർ. അനായാസം ഇന്ത്യ ജയിച്ച കൊച്ചി ഏകദിനത്തിനു ശേഷം കാര്യമായൊരു അഴിച്ചുപണിയുടെ ആവശ്യമുണ്ടെന്ന തോന്നൽ പലർക്കുമില്ലാത്ത സമയത്ത് വിശാഖപട്ടണത്ത് ചിത്രം മാറുകയാണ്. സച്ചിന്റെ വിക്കറ്റ് വീഴുമ്പോൾ ഗാംഗുലി പരീക്ഷിക്കുന്നത് നീളൻമുടിക്കാരനായ യുവ വിക്കറ്റ് കീപ്പറെയാണ്. നേരിടുന്ന ആദ്യ പന്ത്,  മുഹമ്മദ് സമിയുടെ ഒരു ഓവർ പിച്ച്ഡ് പന്ത്, മനോഹരമായൊരു ഓഫ് ഡ്രൈവിലൂടെ ബൗണ്ടറി കടക്കുന്നു. അസാധാരണമായി ഒന്നുമില്ല. ‘അൺ കൺവെൻഷനൽ’ എന്ന് വിശേഷിപ്പിക്കാനും ഒന്നുമില്ല. കോപ്പി ബുക്ക് ഡ്രൈവ്. ബാക്ക് ഫുട്ട് പഞ്ചുകളും ഡ്രൈവുകളുമൊക്കെയായി മാറ്റത്തിന്റെ സൂചന പോലും തരാത്ത തുടക്കം.

ms-dhoni-3

ഷാഹിദ് അഫ്രീദിയെ കവറിനു മുകളിലൂടെ ലോഫ്റ്റഡ് ഷോട്ടിലൂടെ ബൗണ്ടറിക്ക് പറഞ്ഞയക്കുമ്പോൾ, പിന്നാലെയെത്തിയ അഫ്രീദിയുടെ വെർബൽ വോളികളെ ഭാവവ്യത്യാസമൊന്നുമില്ലാതെ അവഗണിച്ചു. ശേഷം അടുത്ത പന്ത് ഗാലറിയിലെത്തിച്ച  നിമിഷം അഫ്രീദി, ,ജയസൂര്യ, ഗിൽക്രിസ്റ്റ് മോൾഡിലുള്ള  അസാധാരണ കൈക്കരുത്തുള്ള ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ വരവ് വായിച്ചെടുക്കാമായിരുന്നു. ആദ്യത്തെ രാജ്യാന്തര സെഞ്ചുറിക്കുശേഷം പാക്കിസ്ഥാനി  ബോളർമാരെ കടന്നാക്രമിച്ച ധോണിക്കെതിരെ എങ്ങനെ പന്തെറിയണം എന്നതൊരു പ്രശ്നമായിരുന്നു. സച്ചിൻ, സെവാഗ് എന്നിവർക്കൊപ്പം ബോളർമാർക്ക് പുതിയൊരു തലവേദന കൂടെ പിറന്നു!

∙ അടുത്ത തലത്തിലേക്ക്

പാക്കിസ്ഥാനെതിരെ ധോണി നേടിയ 148  റൺസ് ഒരു ‘വൺ ടൈം വണ്ടർ’ എന്ന് അവഗണിച്ചവർക്കു മുന്നിൽ അതേ വർഷം ശ്രീലങ്കക്കെതിരെ പ്രൊമോട്ട് ചെയ്യപ്പെട്ട് മൂന്നാം നമ്പറിൽ വീണ്ടും. ശ്രീലങ്ക മുന്നോട്ടു വച്ച 299 റണ്‍സ് വിജയലക്ഷ്യം  46 ഓവറിൽ മറികടന്നാണ് സംശയം തീർക്കുന്നത്. സംഗക്കാരയുടെ 138 റൺസിന്റെ മാസ്റ്റർ ക്ലാസിന്, 183 റൺസിന്റെ ബിഗ് ഹിറ്റിങ് എക്സ്ട്രാവഗൻസയായിരുന്നു മറുപടി. ചാമിന്ദ വാസെന്ന പരിചയസമ്പന്നനായ ബോളറെ പവർ പ്ലേയിൽ ലോഫ്റ്റഡ് സിക്സറുകൾക്ക് പറത്തി നിർവീര്യമാക്കുന്ന ധോണിയെ നേരിടാൻ അടുത്ത പവർ പ്ലേ വൈകിച്ച് മുരളിയെ മുന്നോട്ടുവയ്ക്കുന്ന മർവൻ അട്ടപ്പട്ടുവിന്, സിംഗിളുകളും ഡബിളുകളും കൊണ്ട് മുരളിയെ മിൽക്ക് ചെയ്തായിരുന്നു മറുപടി. വമ്പനടികൾക്ക് മുതിരാതെ വിടവുകൾ അനായാസം കണ്ടെത്തിയ ധോണി, തന്നിലെ വെടിക്കെട്ട് ബാറ്റ്സ്മാനിൽ ഒളിഞ്ഞിരിക്കുന്ന ക്രാഫ്റ്റ് പ്രകടമാക്കി.

ms-dhoni-2

പിന്നീട് അടുത്ത പവർപ്ലേയിൽ വീണ്ടും ആക്രമണത്തിലേക്ക് തിരിച്ചെത്തുകയാണ്. കൃത്യമായ കാൽക്കുലേഷനാണ്. ഇന്നിങ്സ് രൂപപ്പെടുത്തുന്നതും മികച്ച രീതിയിലാണ്. സച്ചിൻ തെൻഡുൽക്കർ തുടക്കത്തിലേ പുറത്തായപ്പോൾ നിശബ്ദമായ ജയ്‌പുർ, ധോണി സെഞ്ചുറി തികയ്ക്കുമ്പോൾ പൊട്ടിത്തെറിക്കുകയാണ്. പവർ പ്ലേ എടുക്കുന്നതോ എടുക്കാതിരിക്കുന്നതോ കാര്യമായ വ്യത്യാസം ഉണ്ടാക്കിയിരുന്നില്ല. ‘ഇഫ് ദ ബോൾ വാസ് ദെയർ ടു ഹിറ്റ്, ധോണി വാസ് ഹിറ്റിങ് ദ ബോൾ വിതൗട്ട് എ സെക്കൻഡ് തോട്ട്’.

പുറത്താകാതെ നേടിയ 183 റൺസിന്റെ തകർപ്പൻ ഇന്നിംങ്സിലൂടെ റൺ ചേസ് പൂർത്തിയാക്കുമ്പോൾ സംശയങ്ങൾ ഒന്നും അവശേഷിച്ചിരുന്നില്ല. മുൻപ് പലപ്പോഴും  തന്നെ മറികടന്നു പോയിരുന്ന ക്യാമറക്കണ്ണുകളെ തന്നിലേക്ക് ഫോക്കസ് ചെയ്യാൻ നിർബന്ധിതമാക്കിയ ഇന്നിങ്സ്. അത് ഒരു ഉറച്ച പ്രസ്താവനയായിരുന്നു. പിന്നീടൊരിക്കലും ക്യാമറക്കണ്ണുകൾ അകന്നുപോയിട്ടില്ല. മഹേന്ദ്രസിങ് ധോണി അവതരിച്ചുകഴിഞ്ഞിരുന്നു!

∙ പുത്തൻ ശൈലി, പുത്തൻ ലോകം

കോപ്പിബുക്ക് നിർവചിച്ചെടുത്ത ഇംഗ്ലണ്ടിലെ അഭിജാത സമൂഹത്തിന്റെ വീക്ഷണകോണുകൾ പിന്തുടരുന്നവർ മാത്രമേ ഇതിഹാസങ്ങളായി അംഗീകരിക്കപ്പെടുകയുള്ളൂ  എന്ന തത്വസംഹിതയെ, വിവിയൻ റിച്ചാർഡ്‌സ് ലോർഡ്‌സിൽ അവരുടെ തന്നെ മുന്നിലിട്ട് ‘എക്രോസ് ദ ലൈൻ ഹിറ്റു’കളിലൂടെ തല്ലിത്തകർത്തിട്ടുണ്ട്. റിച്ചാർഡ്സിൽ പക്ഷേ, തികഞ്ഞ ബാറ്റ്സ്മാന്റെ നിർവചനത്തിൽ പെടുന്ന പല ഗുണങ്ങളും ഉണ്ടായിരുന്നപ്പോൾ മഹേന്ദ്രസിങ് ധോണി തന്റേതായൊരു ലോകമാണ് സൃഷ്ടിച്ചെടുത്തത്. ആഫ്റ്റർ ഓൾ ഇറ്റ്സ് എ ഗെയിം. ബാറ്റ് വേഴ്സസ് ബോൾ.

1200-yuvraj-dhoni

സുന്ദരമായതിനെ എന്തിനെയും ആരാധനയോടെ തന്നെ നോക്കുന്നവരാണ് ഞാനും നിങ്ങളും ഉൾപ്പെട്ട ഈ സമൂഹമെന്നത് നിഷേധിക്കാതിരിക്കുമ്പോൾ തന്നെ, ഗ്രൗണ്ടിൽ ഇറങ്ങിക്കഴിഞ്ഞാൽ അവിടെ  കവിതാരചന മത്സരമൊന്നുമല്ല നടക്കുന്നതെന്ന് ഉത്തമ ബോധ്യമുള്ളവർക്ക് ഏതു രീതിയിലും ബാറ്റ് ചെയ്യാമെന്നത്  അംഗീകരിക്കാൻ സാധിച്ചേക്കും. ഒട്ടും ആകര്‍ഷകമല്ലാത്ത ഫുട്ട്‌വര്‍ക്കുമായി ധോണി അത്രപോലും കൃത്യമല്ലാത്ത ഒരു കവര്‍ ഡ്രൈവ് കളിക്കുമ്പോള്‍, യൂട്യുബില്‍ തെൻഡുൽക്കറിന്റെ പിക്ചര്‍ പെര്‍ഫക്ട് കവര്‍ ഡ്രൈവ് തിരഞ്ഞുപോകുന്ന നമ്മള്‍ മനഃപൂര്‍വം വിസ്മരിക്കുന്ന ഒന്നുണ്ട്; പന്ത് ബൗണ്ടറിക്ക് അപ്പുറത്തൊണ്! രണ്ടായാലും ലഭിക്കുന്നത് 4 റൺസ് തന്നെയാണ്.

1996, 1999, 2003, 2007 എല്ലാം  ഇന്ത്യന്‍ ക്രിക്കറ്റ് ഏകദിന ലോകകപ്പ് വെട്ടിപ്പിടിക്കാന്‍ നടത്തിയ യാത്രകളാണ്. ആ കിരീട വിജയം കാണാൻ ഒരു തലമുറ കാത്തിരിക്കുകയായിരുന്നു. 2003ല്‍ അവസാന ലാപ്പില്‍ വീണു പോയപ്പോഴും 2007 ല്‍ ദുരന്തമായി മാറിയപ്പോഴും അവര്‍ക്കൊരു പ്രതീക്ഷയുണ്ടായിരുന്നു.

∙ ഓർമകളിലെ ലോകകപ്പ്

ഇനി ഓര്‍മകള്‍ക്ക് ‌മടങ്ങാം, 9  വർഷം പിന്നിലേക്ക്. അവിടെ വാംഖഡയില്‍ ഇന്ത്യയുടെ രണ്ടാമത്തെ വിക്കറ്റ് വീണുകഴിഞ്ഞു. വാംഖഡെയെ മാത്രമല്ല, കണ്ടിരിക്കുന്ന  ഒരു ജനതയെയാകെ നിശബ്ദരാക്കിയ വിക്കറ്റ്. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ചവരില്‍ ഒരാള്‍ തന്‍റെ അവസാനത്തെ ലോകകപ്പ്  ഇന്നിങ്സ് പൂര്‍ത്തിയാക്കി മടങ്ങുകയാണ്. ഇനിയൊരു തിരിച്ചുവരവില്ലെന്ന യാഥാർഥ്യം മനസ്സിലാക്കി മുംബെ സച്ചിന്‍ തെൻഡുല്‍ക്കര്‍ എന്ന ജീനിയസിന് ഒരു   സ്റ്റാന്‍ഡിങ് ഒവേഷന്‍ നല്‍കുമ്പോള്‍, ക്രീസിലേക്ക് പിന്നീട് എഴുതപ്പെടാന്‍ പോകുന്ന ഒരു ഇതിഹാസം കോലിയുടെ രൂപത്തില്‍  നടന്നടുക്കുന്ന  കാഴ്ച.

ഗ്രൗണ്ടില്‍ മുത്തയ്യ മുരളീധരന്‍ എന്ന ഇതിഹാസം പന്ത് കയ്യിലെടുക്കുമ്പോള്‍ ഇനിയൊരു വിക്കറ്റ് വീണാല്‍ താനാണ് ബാറ്റിങ്ങിന്  ഇറങ്ങുകയെന്നു ഡ്രസ്സിങ് റൂമില്‍ ഏഴാം നമ്പര്‍ ജഴ്സി ധരിച്ചിരിക്കുന്ന കളിക്കാരന്‍ തീരുമാനിക്കുന്നിടത്ത്, എന്റെയോ നിങ്ങളുടെയോ  അനുവാദത്തിനു കാത്തുനില്‍ക്കാതെ     ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍  ക്രിക്കറ്റിന്റെ  ചരിത്രം വിഭജിക്കപ്പെടുകയാണ്. മഹേന്ദ്രസിങ് ധോണിക്ക് മുൻപും ധോണിക്കു ശേഷവും.

n-srinivasan-ms-dhoni

ഋഷഭ് പന്തിനേപ്പോലെ അൺകൺവെൻഷനൽ ആയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻമാർ ഇനിയും വന്നേക്കും. ധോണിയുടെ കരിയർ പക്ഷ‌േ, അനുകരിക്കാനാകാത്തതാണ്. ബാറ്റ്സ്മാന്റെ കാലൊന്നനങ്ങിയാൽ ബെയിൽസ് തെറിപ്പിക്കുന്ന വിക്കറ്റ് കീപ്പർ, ബോളർമാരുടെ മാർജിൻ ഓഫ് എറർ എന്ന ഘടകത്തെ മിനിമൈസ് ചെയ്തവരെ അൺ ഓർത്തോഡോക്സ് ഷോട്ടുകൾ കൊണ്ട് ഹതാശരാക്കുന്ന ബാറ്റ്സ്മാൻ, ബോളർമാരെയും ഫീൽഡർമാരെയും സമർഥമായി ഉപയോഗിച്ച് ദുർഘടമായ സാഹചര്യങ്ങളിൽ നിന്നു പോലും മത്സരം തിരികെ പിടിക്കുന്ന കൂർമബുദ്ധിയായ നായകൻ – എംഎസ് ഈസ് എ കംപ്ലീറ്റ് പാക്കേജ്. അവിടെ അയാൾക്ക് സമാനതകളില്ല.

∙ ഇന്ത്യൻ ക്രിക്കറ്റിലെ അവതാരം

അഭിമാനമുണ്ട്. സച്ചിൻ തെൻഡുല്‍ക്കറെയും സൗരവ് ഗാംഗുലിയെയും രാഹുല്‍ ദ്രാവിഡിനെയും വി.വി.എസ്. ലക്ഷ്മണിനെയും കണ്ടിരിക്കാന്‍ ഭാഗ്യം സിദ്ധിച്ച തലമുറയില്‍പ്പെട്ട ഒരാള്‍ക്ക് അണ്‍കണ്‍വെന്‍ഷനല്‍ ക്രിക്കറ്റര്‍മാരുടെ രാജാവിനെയും കണ്ടിരിക്കാന്‍ സാധിച്ചതില്‍. ക്രിക്കറ്റ് ബാറ്റ്സ്മാന്റെ ഗെയിമാണ്. ഇവിടെ നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് അവനു വേണ്ടിയാണ്. ബൗണ്‍സറുകള്‍ നിയന്ത്രിക്കപ്പെടുന്നതും 30 വാര ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും അവനു ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടിയാണ്. എന്നിട്ടും യോര്‍ക്കറുകള്‍ പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പൊരുതി നില്‍ക്കാന്‍ ശ്രമിക്കുന്ന ബോളര്‍മാരെ പാടെ നിരാശരാക്കി, ക്രീസിന്റെ ഡെപ്ത് ഉപയോഗിച്ച് കളിക്കുന്ന ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ പഠിച്ചെടുത്ത് രാജ്യാന്തര ക്രിക്കറ്റില്‍ വിജയകരമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ്‌ ധോണി ക്രീസില്‍ ഒരു ഭയപ്പെടുത്തുന്ന സാന്നിധ്യമായത്.

മൈക്കല്‍ ബെവന്‍ എന്ന ഫിനിഷറെ അസൂയയോടെ കണ്ടിരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ ഫിനിഷിങ് എന്ന കലയെ ഒരു ലെവല്‍ മുകളിലേക്ക് നയിച്ച് ധോണി വിസ്മയമായി. അയാളുടെ  സമകാലികരായുള്ള തരക്കേടില്ലാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് തങ്ങളുടെ വിധിയെ പഴിക്കാനേ കഴിഞ്ഞിട്ടുള്ളൂ. എം.എസ്. ധോണിയുടെ സമകാലികരായിപ്പോയി എന്ന ശാപവും പേറി അവരുടെ കരിയറുകള്‍ എത്തേണ്ടിടത്ത് എത്താതെ അവസാനിക്കുകയാണ്. അവര്‍ക്കൊരിക്കലും അയാളെ പഴിക്കാനാകില്ല. ഗില്ലിയെയും ബൗച്ചറിനെയും മക്കല്ലത്തെയും അസൂയയോടെ നോക്കിനിന്നവര്‍ക്ക് മുന്നില്‍ പരമ്പരാഗത നിയമസംഹിതകളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് മഹി നിറഞ്ഞാടിയത്.

സച്ചിന്‍ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്.. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച 3 ബാറ്റിങ് ഇതിഹാസങ്ങള്‍. സ്വപ്നതുല്യമായ ആ നിരയിലേക്ക് എം.എസ്. ധോണിയും. ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്സ്മാന്‍. 3 ക്ലാസ് താരങ്ങളുടെ കൂട്ടത്തിലേക്ക് അണ്‍ ഓര്‍ത്തോഡോക്സ് ശൈലിയുടെ അപ്പസ്തോലന്‍. കൂട്ടത്തില്‍ ഏറ്റവും മികച്ച ശരാശരി, ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ്. ടെയ്ക് എ ബോ എംഎസ്.. എ ബ്രില്ല്യന്റ് കരിയര്‍. Congrats @msdhoni on the 10,000. The batting position, the strike rate, the impact and the average make it phenomenal – പറയുന്നത് കുമാര്‍ സംഗക്കാരയാണ്.

∙ ആരാധകർ, രാജ്യമെങ്ങും

വിക്കറ്റിനു പിന്നിൽ നിശ്ചലനായി നിന്നുകൊണ്ട് ബോളറുടെ മനസ്സും ബാറ്റ്സ്മാന്റെ പദചലനങ്ങളെയും വായിച്ചെടുക്കേണ്ടവനാണ് വിക്കറ്റ് കീപ്പര്‍. ഫീല്‍ഡിലുള്ള  മറ്റാരെക്കാളും  നന്നായി ഗെയിം റീഡ് ചെയ്യാന്‍ കഴിവുള്ള ഒരു വിക്കറ്റ് കീപ്പര്‍ എന്നത് പൂര്‍ണതയാണ്. ഈ പൂര്‍ണതയോടൊപ്പം    അസാധാരണമായ ഒരു ക്രിക്കറ്റിങ് ബ്രെയിന്‍ കൂടെ സ്വന്തമായുള്ള ധോണി ഇന്ത്യന്‍ നായക പദവിയില്‍ എത്തിയതും അവിടെ മറ്റാരെക്കാളും നന്നായി തിളങ്ങിയതും അദ്ഭുതമായി ഇപ്പോള്‍  തോന്നുന്നില്ല. ഐസിസിയുടെ എല്ലാ ട്രോഫികളും നേടിയ ഒരേയൊരു നായകന്‍ – ഈയൊരു നേട്ടം തന്നെയാകണം അയാളുടെ താരമൂല്യം കുത്തനെ ഉയര്‍ത്തിയതും.

ms-dhoni

ഇന്ത്യന്‍ ക്രിക്കറ്റില്‍  ഒരു സച്ചിന്‍ തെൻണ്ടുല്‍ക്കറിനു മാത്രം സാധ്യമായ കാര്യമാണ് ഇന്ത്യയിലെ ഏതൊരു ഗ്രൗണ്ടിലും തനിക്കുവേണ്ടി ആര്‍ത്തു വിളിക്കുന്ന ആരാധകരെ സൃഷ്ടിച്ചെടുക്കുക എന്നത്. ഐപിഎല്ലില്‍ കണ്ടറിഞ്ഞതാണ് ഇക്കാര്യം. വാംഖഡെയില്‍ സ്വന്തം ടീമിനെതിരെ ഒരു ബ്രൂട്ടല്‍ ഇന്നിങ്സ് കളിക്കുന്ന ധോണിയുടെ ഓരോ ഷോട്ടുകള്‍ക്കും പുറകില്‍ ആരവങ്ങളുമായി അണിനിരക്കുന്ന മുംബെയിലെ ജനക്കൂട്ടം വിസ്മയിപ്പിച്ചു കളഞ്ഞു. തെൻഡുല്‍ക്കറിനു ശേഷം ഒരു ഐക്കണ്‍ എന്ന നിലയില്‍ ധോണി വളര്‍ന്നു പോയത് ഒരു സുപ്രഭാതത്തിലല്ല. ഇപ്പോള്‍ വിരാട് കോലി നായകനെന്ന നിലയിലുള്ള പരിമിതികള്‍ ബാക്കി നിര്‍ത്തിക്കൊണ്ടുതന്നെ ക്രിക്കറ്റിങ് ഐക്കണ്‍ എന്ന നിലയില്‍ ധോണിയെ റീപ്ലേസ് ചെയ്യുമ്പോള്‍, അയാള്‍ക്കത് സ്വതസിദ്ധമായ നിര്‍വികാരതയോടെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ടാകണം.

∙ സ്ഥിരം വഴിയല്ല, തനി വഴി

Uninhibited, yet anything but crude എന്ന വിസ്ഡന്‍റെ വിശദീകരണം തുടക്കകാലത്തെയാണ് അടയാളപ്പെടുത്തുന്നത് എന്നിരിക്കെ, ധോണി അൽപമൊന്നു പ്രോസസ് ചെയ്യപ്പെടുന്നത് തന്റെ മനോഭാവത്തിലും  ഗെയിം റീഡർ എന്ന നിലയിലുമാണ്. Poor technique or Unconventional? എന്ന  ചോദ്യത്തിന്  മറുപടി  കണ്ടെത്താന്‍  കഴിയാതെ കുഴങ്ങുന്നവരാണ് തുഴച്ചില്‍ എന്ന മുട്ടാപ്പോക്കില്‍ ചെന്നെത്തുന്നത് എന്നത് വ്യക്തമാണ്. ബാറ്റിങ് ഒരു കലയാണ് എന്ന് തോന്നുന്നവരാണ് കൂടുതലെങ്കിലും ഒരാള്‍  ഇങ്ങനെയേ ബാറ്റ്  ചെയ്യാവൂ എന്ന് ആര്‍ക്കും വാശി പിടിക്കാനാവില്ല. ഒരു ‘റോ ടാലന്റി’നെ അനാവശ്യമായ  തിരുത്തലുകളിലൂടെ പരമ്പരാഗത വഴികളിലേക്ക് നയിച്ച് ഉള്ളത് കൂടി  ഇല്ലാതാക്കാതെ, അയാളെ അയാളുടെ വഴിക്ക് പോകാന്‍ അനുവദിച്ച നമ്മുടെ ഒരു ചെറിയ സംസ്ഥാനത്തെ ക്രിക്കറ്റിങ് സിസ്റ്റത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.

ഭംഗിയുള്ള ഡ്രൈവുകള്‍ കളിക്കാത്തതെന്ത് എന്ന് വേവലാതിപ്പെടാതെ അവര്‍ അയാളുടെ പരിമിതികള്‍ നിറഞ്ഞ ഗെയിമിനെ സ്നേഹിച്ചു. ഒരു ബാറ്റ്സ്മാനെപ്പറ്റി എഴുതുമ്പോള്‍ പൊതുവേ കാര്യങ്ങള്‍ എളുപ്പമാണ്. അയാളുടെ സിഗ്നേച്ചര്‍ ഷോട്ടുകള്‍, ശൈലി എല്ലാം ഒരു പരിധി വരെ അനായാസമായി  വിവരിക്കാന്‍ സാധിച്ചേക്കും .സിഗ്നേച്ചര്‍ ഷോട്ട് തന്നെ പാരമ്പര്യ വാദികളുടെ മുഖം ചുളിപ്പിക്കുന്ന തരത്തില്‍ ഒന്നായിട്ടുള്ള ഒരു ബാറ്റ്സ്മാന്‍ വിവരിക്കപ്പെടുമ്പോള്‍ നമുക്ക് എഫക്ടീവ്നസ്, റിസല്‍ട്ടുകള്‍ എന്നിവയിലേക്കും യാത്ര ചെയ്യേണ്ടി വരും. അവിടെ അയാൾക്ക് സമന്മാരായി അധികം പേരില്ല എന്ന് തിരിച്ചറിയുന്നവര്‍ക്കെ അയാളുടെ മൂല്യവും മനസ്സിലാകൂ.

നുവാന്‍  കുലശേഖരയുടെ ഫുള്‍ ഡെലിവറി ഫുട്ട്‌വര്‍ക്കും കോപ്പി ബുക്ക്  ശൈലിയുടെ ആഡംബരങ്ങളുമില്ലാതെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഗാലറിയില്‍ എത്തിച്ച രാത്രിയില്‍ അയാളെ ആരാധനയോടെ നോക്കിയിരുന്നില്ല എന്ന വാക്കുകളാകും ഒരു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിക്ക് തന്‍റെ ജീവിതത്തില്‍ പറയാന്‍ കഴിയുന്ന ഏറ്റവും വലിയ കള്ളം. പടിയിറങ്ങിയത് ഇന്ത്യൻ ക്രിക്കറ്റ്  ചരിത്രത്തിൽ  ഒരിക്കലും മായ്ച്ചു കളയാൻ കഴിയാത്ത വിധം ആഴത്തിൽ പതിഞ്ഞു പോയൊരു കരിയറിന്റെ ഉടമയാണ്. ഗുഡ് ബൈ എംഎസ്. നിങ്ങൾ തീർച്ചയായും മിസ് ചെയ്യപ്പെടും!

പിൻകുറിപ്പ്: ധോണിയോട് എതിരഭിപ്രായങ്ങളുള്ളത് കരിയർ അനാവശ്യമായി നീട്ടിയ രീതിയോടാണ്. മറ്റുള്ളവരുടെ കാര്യത്തിൽ മാതൃകാപരമായ നിലപാടുകളെടുത്ത വ്യക്തി സ്വന്തം കാര്യത്തിൽ അത് കാട്ടിയില്ലെന്നത് നിരാശാജനകമാണ്. പല ഇതിഹാസങ്ങളുടെയും കരിയർ അനാവശ്യമായി സ്ട്രെച്ച് ചെയ്യുന്നതിന് എതിരായിരുന്ന ധോണി സ്വയം അതിനു ശ്രമിച്ചത് വിസ്മയിപ്പിച്ചിരുന്നു. ഫോം നഷ്ടമായപ്പോൾ, നല്ലകാലം പിന്നിട്ടെന്ന് ബോധ്യമായപ്പോൾ കരിയറിനൊരു ഫുൾ സ്റ്റോപ് ഇടാൻ കഴിയാത്ത വിധം  മാറിപ്പോയൊരു മഹേന്ദ്രസിങ് ധോണി  തീർത്തും വ്യത്യസ്തനായി തോന്നി.  ഐക്കണെന്ന നിലയിൽ ഒരുപാട് ഉയർന്നു പോയതും ബിസിനസ് താൽപര്യങ്ങൾക്ക് ലൈംലൈറ്റിൽ തുടരേണ്ടതാവശ്യമാണെന്നതും കാരണമായിരിക്കാം. അവിടെ മാത്രം ധോണി നിരാശപ്പെടുത്തി കളഞ്ഞെന്ന് പറയാതെ വയ്യ.

English Summary: A throwback to the career of MS Dhoni

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA