sections
MORE

ഞാൻ വിരമിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നോ? ചോദ്യം ബാക്കിയാക്കി ‘തല’ മടങ്ങി!

dhoni-sam-ferris-1200
ഓസീസ് മാധ്യമപ്രവർത്തകൻ സാമുവൽ ഫെറിസും ധോണിയും
SHARE

ഒടുവിൽ അതു സംഭവിച്ചു! ഒരു വർഷത്തിലേറേയായി ക്രിക്കറ്റ് ലോകത്തെ ചൂടുപിടിപ്പിച്ച ഊഹാപോഹങ്ങൾക്ക് അവസാനം. ഒന്നര പതിറ്റാണ്ടിലേറേ നീണ്ടുനിന്ന കരിയറിൽ ഇന്ത്യൻ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് നയിച്ച ഇതിഹാസ നായകൻ എം.എസ്. ധോണി വിരമിച്ചിരിക്കുന്നു. 2019 ജൂലൈ 9ന് ഇംഗ്ലണ്ടിൽ ന്യൂസീലൻഡിനെതിരായ ലോകകപ്പ് സെമിയിൽ വിജയ പ്രതീക്ഷയുടെ പടിവാതിൽക്കൽനിന്നു റണ്ണൗട്ടായി പുറത്തേക്കു നടന്ന ധോണി പിന്നെ മൈതാനത്തേക്കു മടങ്ങിയിരുന്നില്ല. ഇന്ത്യൻ ജഴ്സിയിൽ ഇനിയൊരു മടങ്ങിവരവുണ്ടോ എന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരമായി; ‘എം.എസ്. ധോണി ഫിനിഷസ് ഓഫ് ഇറ്റ് ഇൻ സ്റ്റൈൽ!

ആറ് വർഷങ്ങൾക്ക് മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ധോണിയുടെ വിടവാങ്ങൽ ഇങ്ങനെ തന്നെയായിരുന്നു. ഇന്നിങ്സിനിടെയുള്ള അപ്രതീക്ഷിത ഡിക്ലറേഷൻ പോലെ ഒരു വിരമിക്കൽ. റിട്ടയർമെന്റ് ടെസ്‌റ്റിനും ഗാർഡ് ഓഫ് ഓണറിനും കാത്തു നിൽക്കാതെ, ആർഭാടങ്ങളൊന്നുമില്ലാതെയുള്ള ഒരു വിടപറച്ചിൽ. 2017 വരെ 199 ഏകദിനങ്ങളിൽ ടീം ഇന്ത്യയെ നയിച്ച് ശേഷമാണ് ധോണി നായകവേഷം അഴിക്കുന്നത്. 

ഒരു മത്സരത്തിൽക്കൂടി നയിച്ചിരുന്നെങ്കിൽ നായകനായുള്ള മൽസരങ്ങളുടെ എണ്ണത്തിൽ ഡബിൾ സെഞ്ചുറി തികയ്ക്കുമായിരുന്നില്ലേ? അതിനൊറ്റ ഉത്തരമേ ഉള്ളൂ; ധോണി അങ്ങനെയാണ്. അന്നും ഇന്നും അപ്രതീക്ഷിത നീക്കങ്ങളുടെ നായകൻ! (പിന്നീട് 2018 ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ ആയി 200 മത്സരങ്ങൾ തികച്ചു). ആറ് വർഷങ്ങൾക്കിപ്പുറം, ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ–ബാറ്റ്സ്മാൻ എന്ന നിലയിൽ തുടരുമ്പോഴും 38–ാം വയസ്സിൽ തന്നെ മഹേന്ദ്രസിങ് ധോണി എന്ന ക്രിക്കറ്റർ രാജ്യാന്തര ക്രിക്കറ്റിനോട് പൂർണമായും വിടപറയുന്നു.

∙ ‘ധോണിസ’ത്തിന്റെ 16 വർഷങ്ങൾ

മുംബൈയുടെയോ ഡൽഹിയുടെയോ കർണാടകയുടെയോ ബംഗാളിന്റെയോ ഒന്നും ക്രിക്കറ്റ് പാരമ്പര്യമില്ലാത്ത പ്രദേശമാണ് ജാർഖണ്ഡ്. എന്നാൽ കാടും മേടും നിറ‍ഞ്ഞ ഈ പ്രദേശത്ത് കളിയാവേശം നിലനിന്നിരുന്നു. തലസ്ഥാനമായ റാഞ്ചിയിലെ ജവാഹർ വിദ്യാമന്ദിരം സ്കൂളിൽ പഠിക്കുകയായിരുന്ന മഹേന്ദ്രസിങ് ധോണി എന്ന രജപുത്ര ബാലന്റെ സിരകളിലും അതിന്റെ തുടിപ്പുകൾ കണ്ടു. ബാ‍ഡ്മിന്റണിലും ഫുട്ബോളിലുമായിരുന്നു പയ്യനു താൽപര്യം. ഫുട്ബോൾ ഗോൾകീപ്പറായി നന്നായി പന്ത് പിടിക്കുമായിരുന്ന കുട്ടിയെ കേശവ് രഞ്ജൻ ബാനർജി എന്ന സ്കൂൾ അധ്യാപകൻ ക്രിക്കറ്റിലേക്കു തിരിച്ചുവിട്ടു. സെന്റ് സേവ്യേഴ്സ് കോളജിലെ പഠനത്തിനിടയിൽ സ്റ്റേറ്റ് ബ്ലെയ്സർ അണിഞ്ഞ ധോണി 23–ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്കു നടന്നുകയറി. 2004ൽ ചിറ്റഗോങിൽ ബംഗ്ലാദേശിന് എതിരെ ആയിരുന്നു അരങ്ങേറ്റം. അവിടെത്തുടങ്ങുന്നു ഇന്ത്യൻ ക്രിക്കറ്റിലെ ‘ധോണിസ’ത്തിന്റെ വസന്തകാലം.

dhoni-run-out-nz

അരങ്ങേറ്റ മത്സരത്തിൽ ആദ്യത്തെ പന്തിൽ തന്നെ പൂജ്യത്തിനു റൺ ഔട്ടായി മടങ്ങിയ അതേ ധോണിയാണ് പിന്നീട് മൂന്നു ഐസിസി ട്രോഫികളും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഏക നായകനായതും. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ചാണ് ആദ്യ കിരീട നേട്ടം. 24 വർ‌ഷങ്ങൾക്കു ശേഷം ഇന്ത്യൻ മണ്ണിലേക്ക് മറ്റൊരു ലോകകപ്പ്. പിന്നീട് 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാംപ്യൻസ് ട്രോഫിയും ധോണിയുടെ കൈകളിലൂടെ ഇന്ത്യ ഏറ്റുവാങ്ങി.

ഈ കാലയളവിൽ ക്രിക്കറ്റിലെ ഏറ്റവും പ്രോമിസിങ് ടീമായി ഇന്ത്യ വളർന്നു കഴിഞ്ഞിരുന്നു. 2009ൽ ആദ്യമായി ടെസ്‌റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാമതെത്തിച്ചും ധോണിയാണ്. വിജയം വരുമ്പോൾ അതു കൂട്ടുകാർക്കാകെ പങ്കുവച്ചും പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തും മുന്നേറുന്ന എംഎസ്ഡി ‘മിസ്റ്റർ കൂൾ’ ആയും ‘മിസ്റ്റർ ഡിപ്പെൻഡബിൾ’ ആയും ഒക്കെ രാജ്യാന്തര രംഗങ്ങളിൽപോലും പ്രകീർത്തിക്കപ്പെട്ടു. ഗാലറികളിലേക്കു സിക്സർ പറത്തുന്ന ‘ഹെലികോപ്റ്റർ ഷോട്ടു’കളുടെ ഉടമ, വിക്കറ്റിനു പിന്നിൽ ഏതു വിഷമകരമായ കോണിലും പറന്നെത്താൻ കഴിയുന്ന കൈകൾക്കും ഉടമയാക്കി.

dhoni-raina

റൺ പ്രവാഹം കുറഞ്ഞപ്പോൾ മഹിയുടെ ‘രക്തത്തിനായി’ ക്രിക്കറ്റ് അധികാരികൾ ദാഹിക്കുന്നതും കണ്ടു. മനംമടുത്താവണം താൻ ടെസ്റ്റ് ക്രിക്കറ്റിനോടു വിട വാങ്ങുകയാണെന്ന് ആറ് വർഷം മുമ്പ് ധോണി പ്രഖ്യാപിച്ചത്. 90 ടെസ്റ്റുകൾ കളിച്ച ധോണി ക്രീസ് വിട്ടു. ഇപ്പോൾ ആ മുറവിളികൾക്ക് വീണ്ടും ആക്കം കൂടിയപ്പോൾ ധോണി സ്റ്റൈലിൽ വീണ്ടും ഒരു  ‘ഹെലികോപ്റ്റർ ഷോട്ട്’. രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ.

∙ എംസ്ഡി എന്ന ലെഗസി

‘‘Dhoni finishes off in style, a magnificent strike in to the crowd, India lift the world cup after 28 years...the party starts in the dressing room, and its an Indian captain who is absolutely magnificent in the night of the final..''

അതുവരെയും ആഘോഷിക്കപ്പെട്ട ധോണിയിൽനിന്നുള്ള അപ്ഗ്രഡേഷനായിരുന്നു 2011 ലോകകപ്പ് വിജയത്തിനു ശേഷം കണ്ടത്. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ ജനിച്ച്, ഖരക്പുർ റയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എക്സാമിനറായി ജോലി നോക്കി, പെട്ടെന്നൊരു ദിവസം യങ് സെൻസേഷനായി ഇന്ത്യൻ ക്രിക്കറ്റിൽ അവതരിച്ച്, സച്ചിനു ശേഷം എന്തായിരിക്കും ഇന്ത്യൻ ക്രിക്കറ്റ് എന്ന ആന്തലുമായി നിന്ന ആരാധകർക്കു മുന്നിൽ ഒരു ബ്രാൻഡായി രൂപാന്തരപ്പെട്ട്, പിന്നീടു വിരാട് കോലി വന്നപ്പോൾ ഒരു ഗോഡ്ഫാദർ എന്ന നിലയിലേക്കും മാറിയ ആളാണ് ധോണി.

dhoni-1

ടെസ്റ്റിൽ തന്റെ കളി കൈമോശം വരുന്നു എന്നു തോന്നിയപ്പോഴാണു ടീമിൽ ഒരംഗമായി പോലും തുടരേണ്ടതില്ല എന്നു ധോണി തീരുമാനമെടുത്തത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റർ എന്ന നിലയിൽ തന്റെ കഴിവുകളിൽ ധോണിക്ക് ഇപ്പോഴും നല്ല ആത്മവിശ്വാസമുണ്ട് എന്നതിന്റെ തെളിവായിരുന്നു ക്യാപ്റ്റൻസി മാത്രം വിട്ടൊഴിയാനുള്ള തീരുമാനം. ക്രിക്കറ്റിന്റെ ടെക്സ്റ്റ് ബുക്ക് സങ്കേതങ്ങളനുസരിച്ചു ധോണി ഒരു കംപ്ലീറ്റ് ക്രിക്കറ്ററല്ല. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യയ്ക്കു വിശ്വസിക്കാവുന്ന ഒരു ബാറ്റ്സ്മാനായിട്ടാണ് അദ്ദേഹത്തിന്റെ രംഗപ്രവേശം. ധോണിയുടെ അടിസ്ഥാന ക്രിക്കറ്റ് ഗുണവും അതു തന്നെയാണ്. 

രാജ്യാന്തര ക്രിക്കറ്റിൽ നിലനിൽക്കാനായി പലഘട്ടങ്ങളിലായി ധോണി സ്വയം നവീകരിച്ചു. എല്ലായ്പോഴും വൻഷോട്ടുകൾക്കു ശ്രമിക്കുന്നത് അവസാനിപ്പിച്ചു വിക്കറ്റിനിടയിലെ ഓട്ടത്തിൽ അദ്ദേഹം സമർഥനായി. വിക്കറ്റ് കീപ്പിങ്ങിലും സ്റ്റംപിങ്ങിലും ആരും സ്വീകരിക്കാത്ത തന്ത്രങ്ങൾ പരീക്ഷിച്ചു വിജയിപ്പിച്ചു. 2016 മാർച്ചിൽ വെസ്റ്റിൻഡീസിനെതിരെയുളള തോൽവിക്കു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ധോണി അപ്രതീക്ഷിതമായ ആ ചോദ്യത്തെ നേരിട്ടത്. സെമിഫൈനലിലെ തോൽവി മൂലം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമോയെന്നായിരുന്നു ഓസീസ് മാധ്യമപ്രവർത്തകൻ സാമുവൽ ഫെറിസ് ധോണിയോട് ചോദിച്ചത്. വാർത്താസമ്മേളന വേദിയിൽ അത് ചോദിച്ചയാളെ തന്നോടോപ്പം ഇരുത്തിയാണ് ധോണി മറുപടി പറഞ്ഞത്.

dhoni-csk-members-flight

‘ഞാൻ വിരമിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?’ എന്നായിരുന്നു മാധ്യമപ്രവർത്തകനോട് ധോണിയുടെ ചോദ്യം. ഇല്ലെന്ന് സാമുവൽ മറുപടി നൽകി. ‘വിക്കറ്റിനു ഇടയിലുളള ഓട്ടം മികച്ചതല്ലെന്ന് തോന്നുന്നുണ്ടോ’യെന്ന ചോദ്യത്തിന് ‘മികച്ചതാണെ’ന്നായിരുന്നു മാധ്യമപ്രവർത്തകന്റെ മറുപടി. ‘2019 ലോകകപ്പ് വരെ തുടരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ’യെന്ന ചോദ്യത്തിന് ‘ഉണ്ട്’ എന്നായിരുന്നു സാമുവലിന്റെ മറുപടി. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കളിക്കുന്നതിനുള്ള ആത്മവിശ്വാസമായിരുന്നു ധോണിയുടെ ആ വാക്കുകളിൽ. കളിയിൽനിന്നു വിട്ടുനിന്ന ഒരു വർഷത്തെ ഇടവേളയിൽ ഈ ആത്മവിശ്വാസം ചോർന്നതാകാം ധോണിയുടെ ഇപ്പോഴത്തെ ഈ ‘അൺപ്രഡിക്റ്റബിൾ മൂവിന്’ പിന്നിൽ‌.

∙ വില്ലനായി വന്ന് വീരനായി മടക്കം

ക്യാപ്റ്റനായുള്ള തുടക്കകാലത്ത് മഹേന്ദ്ര സിങ് ധോണിക്കു ചെറിയൊരു വില്ലൻ പരിവേഷമുണ്ടായിരുന്നു. ഏകദിന ടീമിന്റെ വാതിലുകൾ സീനിയർ താരങ്ങളായ രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി തുടങ്ങിയവർക്കു മുന്നിൽ കൊട്ടിയടയാൻ കാരണക്കാരൻ ക്യാപ്‌റ്റൻ ധോണിയാണെന്നായിരുന്നു അടക്കം പറച്ചിൽ. എന്നാൽ പിന്നീട് മഹിയായും, എംഎസ്ഡിയായും, ക്യാപ്റ്റൻ കൂളായും, തലയായും ടീമിന്റെ മാത്രമല്ല ആരാധകരുടെയും നായകനായി ധോണി വളർന്നു. ധോണി വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയവരുടെ പട്ടിക മാത്രം നോക്കുക!

gilchrist-dhoni

മൈതാനത്ത് ആരൊക്കെ തളർന്നാലും ധോണി തളരില്ല. വിക്കറ്റിനു പിന്നിൽനിന്ന് ഓരോ പന്തിലും ബോളർമാർക്കു പിന്തുണയുമായി നായകനുണ്ടാകും. ഇതിനിടയിൽ എതിരാളികളെ അമ്പരപ്പിക്കുന്ന തീരുമാനമെടുക്കുന്നതിലും മിടുക്കൻ.

കൂറ്റൻ സ്കോറുകൾക്കു മുന്നിൽ അദ്ദേഹത്തിന്റെ മുട്ടിടിച്ചില്ല; പകരം, ബെസ്റ്റ് ഫിനിഷർ എന്ന ഖ്യാതിയോടെ മത്സരങ്ങൾ ഇന്ത്യയ്ക്കു സമ്മാനിച്ചു. വിക്കറ്റിനു മുന്നിലായാലും പിന്നിലായാലും ധോണിയെ എതിരാളികൾ ഭയപ്പെട്ടു. നായകന്റെ ഭാരിച്ച ഉത്തരവാദിത്തം വഹിക്കുമ്പോഴും വിക്കറ്റ് കീപ്പിങ്ങിൽ ധോണി ഏതൊരു ലോകോത്തര താരത്തെയും കടത്തിവെട്ടി. വിക്കറ്റിനു പിന്നിൽ നിൽക്കുന്ന ധോണി കൺപുരികങ്ങൾകൊണ്ടു നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചു സ്പിന്നർമാർ പന്തെറിഞ്ഞു. ആ പന്തുകൾ നമുക്കു വിജയങ്ങൾ സമ്മാനിച്ചു. വിജയകിരീടങ്ങൾ ഏറ്റുവാങ്ങിയശേഷം അതു ടീമംഗങ്ങളിലേക്കു കൈമാറി ധോണി മാറിനിന്നു. ചാംപ്യൻമാരായി ടീമംഗങ്ങൾ ആഘോഷിക്കുന്ന ചിത്രങ്ങളെടുത്താൽ അവയിൽ മിക്കവയിലും ഏതെങ്കിലുമൊരു മൂലയിൽ ഒതുങ്ങിനിൽക്കുന്ന ധോണിയെ കാണാം. 

1200-yuvraj-dhoni

ജയത്തിൽ അമിതാഹ്ലാദമോ തോൽവിയിൽ സങ്കടക്കടലോ നാം അദ്ദേഹത്തിൽ കണ്ടില്ല. തോൽവികളിൽ തന്റെ പിഴവു പലപ്പോഴും ഏറ്റുപറഞ്ഞു. ടീം സിലക്ഷനിൽ നിലപാടുകൾ വ്യക്തമായി അവതരിപ്പിച്ചു. അതു ചിലർക്കു വേദന സമ്മാനിച്ചപ്പോൾ, മറ്റു ചിലർക്കു പുതുജീവനേകി. ഇന്ന് ഇന്ത്യൻ ടീമിൽ നിറസാന്നിധ്യമായ ഏതാനും ചിലർ ധോണിയോടു കടപ്പെട്ടിരിക്കുന്നു. പ്രതിസന്ധി ഘട്ടത്തിൽ നായകനെന്നനിലയിൽ ധോണി നൽകിയ പിന്തുണയാണ് അവരുടെ ഇന്നിങ്സിന് അടിത്തറയൊരുക്കിയത്. ഇപ്പോഴത്തെ നായകൻ വിരാട് കോലിയുടെ ക്യാപ്റ്റൻസിക്കുള്ളിലും ധോണിയുടെ നിഴലുകൾ കാണാം. ധോണി ടീമിൽ ഉണ്ടെങ്കിൽ മറ്റൊരാളാണ് ക്യാപ്റ്റൻ എന്നു ചിന്തിക്കാൻ പോലും ഇപ്പോഴും പ്രയാസം.

ധോണി പടിയിറങ്ങുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റിന്റെ ‘തല’യാണ് വെട്ടിമാറ്റപ്പെടുന്നത്. ക്രിക്കറ്ററെന്ന നിലയിലുള്ള പോരായ്മകൾ ക്യാപ്റ്റൻസി കൊണ്ട് മറികടന്ന മറ്റൊരാൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇന്ത്യൻ ടീമിനൊപ്പം തന്നെ ധോണി നെഞ്ചോട് ചേർക്കുന്ന ടീമാണ് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്. അവിടുന്ന് ചാർത്തി കിട്ടിയതാണ് ‘തല’ എന്ന പേര്. ഈ വർഷത്തെ ഐപിഎല്ലിന്റെ പരിശീലന ക്യാംപ് തുടങ്ങിയ ദിവസം തന്നെയാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്നുള്ള വിരമിക്കൽ എന്നത് യാദൃശ്‌ചികമാകാം. ധോണി  ഇനിയും കളിക്കട്ടെ, ‘വിരമിക്കൽ സമ്മർദം’ ഇല്ലാതെ.

English Summary: MS Dhoni Retires from International Cricket ahead of IPL 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA